സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു വാളയാർ പെൺകുട്ടികളുടെ കുടുംബം ഹൈക്കോടതിയിലേക്ക്

Divya John

 

വാളയാർ പെൺകുട്ടികളുടെ കുടുംബം കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയെ സമീപിയ്ക്കും.പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധി റദ്ദാക്കണമെന്നും കേസ് സിബിഐ അന്വേഷിക്കണം എന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം.രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിക്കുന്നത് വാളയാർ കേസിൽ അന്വേഷണം അട്ടിമറിച്ചെന്നും കൊലപാതക സാധ്യത അന്വേഷിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ്.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ കോടതിയെ സമീപിച്ചാൽ എല്ലാ സഹായവും നൽകുമെന്ന് കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു.കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.  എന്നാൽ, ഇക്കാര്യം ഉന്നയിച്ച് ബന്ധുക്കൾക്കോ അന്വേഷണ ഉദ്യോഗസ്ഥർക്കോ സമീപിയ്ക്കാമെന്ന് ഹൈക്കോടതി  നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിയ്ക്കുന്നത്. വിധിപകർപ്പ് കിട്ടാൻ വൈകിയതിനാലാണ് കോടതിയിലെത്താൻ സമയമെടുത്തതെന്നാണ് കുടുംബാംഗങ്ങളുടെ  ഭാഗത്ത് നിന്നുള്ള  വിശദീകരണം. കെപിഎംഎസ് ഏർപ്പെടുത്തിയ അഭിഭാഷകരാകും കുടുംബത്തിന് വേണ്ടി ഹാജരാകുക. എന്നാൽ പോക്സോ കോടതി വിധിയ്ക്കെതിരെ സർക്കാർ അപ്പീൽ പോകുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഒക്ടോബർ 25നാണ് കേസിലെ പ്രധാന പ്രതികളെയെല്ലാം പോക്സോ കോടതി കുറ്റവിമുക്തരാക്കിയത്. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വാളയാർ ആക്ഷൻ കൗൺസിൽ നടത്തുന്ന റിലേ നിരാഹാര സമരം തുടരുകയാണ്.

Find Out More:

Related Articles: