ജോസ് കരിക്കിനേത്തിന്റെ ഗുണ്ടായിസം മറയ്ക്കാൻ എഎസ്ഐ മൊഴി മുക്കി
കരിക്കിനേത്ത് ജോസിനെതിരായ കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് പത്തനംതിട്ട സ്റ്റേഷനിലെ എഎസ്ഐ ഹുമയൂൺ എന്ന് റോബിൻ. തരാനുള്ള പണം തിരികെ ചോദിച്ചതിന് കൈപ്പട്ടൂർ സ്വദേശി റോബിൻ വർഗീസിനെ നടുറോഡിൽ നിരവധിപേർ കാൺകെ ഗുണ്ടാസംഘവുമായി എത്തി ക്രൂരമായി മർദിച്ച കേസാണ് എഎസ്ഐ ഇപ്പോൾ അട്ടിമറിക്കാൻ ശ്രമിക്കുന്നത്.
ഹുമയൂൺ പരാതിക്കാരൻ റോബിനെ വിളിച്ച് ആദ്യം എടുത്ത മൊഴി മറച്ചു വയ്ക്കുകയും രണ്ടാമത് വിളിച്ചു വരുത്തി എടുത്ത മൊഴിയിൽ നിന്ന് പ്രധാന ഭാഗങ്ങൾ രേഖപെടുത്താതെ ഭീഷണിപ്പെടുത്തിയാണ് ഒപ്പു വയ്പിച്ചതെന്നും റോബിൻ ആരോപിക്കുന്നു. എന്നാൽ ഹുമയൂൺ തയ്യാറാക്കി നൽകിയ കേസ് വായിച്ചു നോക്കാതെ ഒപ്പു വച്ച എസ്ഐ ഷാജുവിനും ഇത് പണി കൊടുത്തേക്കും.
അന്വേഷണ വീഴ്ച ചൂണ്ടിക്കാണിച്ച് റോബിൻ എസ്പിക്ക് പരാതി നൽകും. അതിനിടെ അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്ന് കാണിക്കാൻ കരിക്കിനേത്ത് ജോസിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് സൂചനകൾ. ബന്ധു കൂടിയായ റോബിൻ സി വർഗീസിനെ ജനുവരി അഞ്ചിന് രാവിലെ 11.30നാണ് കൈപ്പട്ടൂർ ഓർത്തഡോക്സ് പള്ളി റോഡിൽ വച്ച് ജോസും ഗുണ്ടകളും ചേർന്ന് മർദിക്കുന്നത്.
പള്ളി പിരിഞ്ഞ സമയത്ത് രണ്ട് ഗുണ്ടകൾ ചേർന്ന് പിടിച്ച് നിർത്തി ജോസ് ഇയാളെ ക്രൂരമായി മർദിക്കുകയായിരുന്നു. റോബിന്റെ കൈകളിൽ പിടിച്ചിരുന്ന ഗുണ്ടകൾ മർദനത്തിനിടെ റോബിന്റെ രണ്ടു കൈയുടെയും മസിലിന് എന്തോ വസ്തു കൊണ്ട് പൊള്ളലേൽപ്പിക്കുകയും ചെയ്തു.
സംഭവം നടന്ന അഞ്ചിന് വൈകിട്ട് ആശുപത്രിയിൽ നിന്ന് വിവരം കിട്ടിയത് അനുസരിച്ച് എഎസ്ഐ ഹുമയൂൺ എടുത്ത ആദ്യ മൊഴിയിൽ ഈ വിവരം എല്ലാം രേഖപ്പെടുത്തിയിരുന്നുവെങ്കിലും കേസെടുക്കാൻ തയാറായില്ല.
കേസെടുക്കാൻ വൈകുന്നത് സംബന്ധിച്ച് വാർത്ത പരന്നതോടെ ബുധനാഴ്ച റോബിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് ആദ്യ മൊഴി പൂർണമായും ഒഴിവാക്കി എഎസ്ഐ വീണ്ടും മൊഴി നൽകാൻ റോബിനെ പ്രേരിപ്പിക്കുന്നത്. ഹുമയൂൺ യഥാർത്ഥ കാര്യങ്ങൾ എഴുത്തെ തയാറാക്കിയ മൊഴിയിൽ ഒപ്പിടാൻ റോബിനെ നിർബന്ധിച്ചപ്പോൾ മൊഴി പൂർണമല്ലെന്ന് പറഞ്ഞ് റോബിൻ ഒപ്പിട്ടില്ല. തന്റെ അഭിഭാഷകൻ പറയാതെ ഒപ്പിടില്ലെന്നും റോബിൻ കൂട്ടിച്ചേർത്തു.
തുടർന്ന് ഹുമയൂൺ റോബിനെയും കൂട്ടി കൊടുന്തറയിലുള്ള അഭിഭാഷകന്റെ വീട്ടിലെത്തി അഭിഭാഷകന്റെ സാന്നിധ്യത്തിലും ഒപ്പിടാൻ റോബിനെ പ്രേരിപ്പിച്ചു. ഹുമയൂണും അഭിഭാഷകനും തമ്മിൽ നേരത്തെ പരിചയമുള്ളവരാണ്. എന്നാൽ മൊഴിയിൽ ഒപ്പിടണമെന്നോ, വേണ്ടെന്നോ അഭിഭാഷകൻ റോബിനോട് പറഞ്ഞില്ല. റോബിനും ഹുമയൂണും അഭിഭാഷകന്റെ വീട്ടിൽ നിന്ന് ഇറങ്ങിയ സമയത്ത് റോബിനെ ഭീഷണിപ്പെടുത്തി ഹുമയൂൺ മൊഴിയിൽ ഒപ്പു വയ്പിക്കുകയായിരുന്നുവെന്നും പറയുന്നു.
അതിനിടയിൽ അഭിഭാഷകൻ റോബിന്റെ ഫോണിൽ വിളിച്ച് ഒരു കാരണവശാലും ഒപ്പിടരുതെന്നും തനിക്ക് എഎസ്ഐയുമായി അടുത്ത പരിചയം ഉള്ളതു കൊണ്ടാണ് അയാളുടെ സാന്നിധ്യത്തിൽ ഒന്നും പറയാതിരുന്നതെന്നും അഭിഭാഷകൻ പറയുകയും ചെയ്തു. എന്നാൽ ഇതിനു ,മുൻപേ ഒപ്പിട്ടു പോയ റോബിൻ ഇനി എഎസ്ഐക്കെതിരേ എസ്പിക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പോയിലാണ്. പരാതിക്കാരനായ റോബിനെ ഭീഷണിപ്പെടുത്തി മൊഴി വാങ്ങിയ ശേഷം തയാറാക്കിയ കേസ് ഫയലിലാണ് ബുധനാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ ഷാജുവിനെ കൊണ്ട് ഒപ്പിടുവിച്ചത്.
ഞായറാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐയായിരുന്നു യഥാർഥത്തിൽ കേസ് ഫയലിൽ ഒപ്പിടേണ്ടിയിരുന്നത്. എസ്ഐ ഷാജു ഇത് വായിച്ചു നോക്കാതെയാണ് ഒപ്പിട്ടത്. ഇപ്പോൾ എസ് ഐ ഷാജുവിനും പണിക്കിട്ടുന്ന അവസ്ഥയാണുള്ളത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് രഹസ്യാന്വേഷണ വിഭാഗം എസ്പിക്ക് കൈമാറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. 2014 ൽ എസ്ബിഐ, ഫെഡറൽ ബാങ്ക് ശാഖകൾ മുഖേനെ റോബിൻ, ജോസിന്റെ സഹോദരനും പത്തനംതിട്ട കരിക്കിനേത്ത് ഉടമയുമായ കെസി വർഗീസിന് 75 ലക്ഷം രൂപ കടമായി നൽകിയിരുന്നു.
വർഷം ഒരുപാട് കഴിഞ്ഞിട്ടും ഒരു പൈസ പോലും തിരികെ നൽകാത്ത സാഹചര്യത്തിലാണ് റോബിൻ ജോസിനോട് പണം തിരികെ ചോദിച്ചത്. വർഗീസ് കരിക്കിനേത്ത് ടെക്സ്റ്റൈൽസിലെ കൊലപാതകവും കേസുമൊക്കെയായപ്പോൾ നാടുവിട്ടിരുന്നു.
പിന്നീട് തിരിച്ചെത്തിയപ്പോൾ റോബിൻ വീണ്ടും പണം ചോദിച്ചതിനാൽ വർഗീസ്, ജോസിനെ ഉപയോഗിച്ച് റോബിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം കിട്ടിയേ തീരു എന്ന് റോബിൻ പറഞ്ഞതോടെയാണ് കൊന്നുകളയുമെന്ന് ജോസ് ഭീഷണി മൂഴക്കിയത്. റോബിനും കരിക്കിനേത്ത് ജോസും വർഗീസും സഹോദരങ്ങളും ബന്ധുക്കളുമാണ്. ജോസ് പകരം ചോദിക്കാനെത്തിയത് റോബിൻ തനിക്ക് കിട്ടാനുള്ള പണം ചോദിച്ച് വർഗീസിനെ ബുദ്ധിമുട്ടിച്ചതിന്റെ പേരിലായിരുന്നു.