ഒരു കോടി ആരോഗ്യപ്രവർത്തകർക്ക് ആദ്യം വാക്സിൻ

Divya John
ഒരു കോടി ആരോഗ്യപ്രവർത്തകർക്ക് ആദ്യം വാക്സിൻ നൽകും. അടുത്ത വർഷം ആരംഭത്തോടെ അനുമതി ലഭിച്ച് വിപണിയിൽ ലഭ്യമാകുന്നത് ഏതു വാക്സിനാണെങ്കിലും രാജ്യത്തെ ഒരു കോടിയോളം ആരോഗ്യപ്രവർത്തകർക്ക് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുമെന്നാണ് മുതിർന്ന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞത്. അതായത് കൊവിഡ് 19 പ്രതിരോധ വാക്സിൻ വിതരണത്തിൽ ആദ്യപരിഗണന ആരോഗ്യപ്രവർത്തകർക്ക്. നോവൽ കൊറോണ വൈറസിനെതിരായ വാക്സിനുകളുടെ ഗവേഷണം അന്തിമഘട്ടത്തിലാണെന്നാണ് ഉദ്യോഗസ്ഥർ ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞത്. ഒരു വാക്സിൻ പരീക്ഷണം പൂർത്തിയാക്കി വാണിജ്യാടിസ്ഥാനത്തിലുള്ള വിതരണത്തിന് അനുമതി നൽകിയ ശേഷമായിരിക്കും ആരോഗ്യപ്രവർത്തകർക്ക് വിതരണം ചെയ്യുക. വാക്സിൻ വിതരണം സംബന്ധിച്ച സുപ്രധാന യോഗത്തിനു മുന്നോടിയായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് യോഗം.


  വിവിധ സംസ്ഥാനങ്ങളിലെ 92 ശതമാനം സർക്കാര‍് ആശുപത്രികളും 56 ശതമാനം സ്വകാര്യ ആശുപത്രികളും ജീവനക്കാരുടെ വിശദാംശങ്ങൾ നൽകിക്കഴിഞ്ഞതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. വാക്സിൻ നൽകേണ്ട മൊത്തം മുൻനിര കൊവിഡ് പോരാളികളുടെ എണ്ണം ഒരു കോടിയോളം വരുമെന്നാണ് സർക്കാരിൻ്റെ കണക്ക്. ചൊവ്വാഴ്ച രാവിലെ യോഗം തുടങ്ങുന്നതിനു മുൻപായി ഇതിൻ്റെ ഡേറ്റാബേസ് തയ്യാറാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.വാക്സിൻ നൽകേണ്ട ആരോഗ്യപ്രവർത്തകരുടെ വിശദാംശങ്ങൾ തേടി കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു.വാക്സിൻ നൽകാനായി വിവിധ വിഭാഗങ്ങളിലുള്ള ആരോഗ്യപ്രവർത്തകരുടെ വിശദമായ വിവരങ്ങൾ സംസ്ഥാന സർക്കാരുകൾ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മോഡേൺ മെഡിസിൻ ഡോക്ടർമാർ, ആയുഷ് ഡോക്ടർമാർ, ആശുപത്രികളിലെ നഴ്സുമാർ, ആശ പ്രവർത്തകർ, എഎൻഎംമാർ എന്നിങ്ങനെയുള്ളവർക്കാണ് വാക്സിൻ ലഭിക്കുക. 


  എന്നാൽ ഈ പ്രധാന ലിസ്റ്റിൽ മറ്റു വേർതിരിവുകളോ മുൻഗണനകളോ ഉണ്ടാകില്ലെന്നും വാക്സിൻ വിതരണം ആരംഭിച്ചു കഴിഞ്ഞാൽ ഒരു കോടി ആളുകൾക്ക് പൂർണമായും വാക്സിൻ നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എംബിബിഎസ് വിദ്യാർഥികളെയും നഴ്സിങ് വിദ്യാർഥികളെയും വാക്സിൻ വിതരണത്തിൽ പങ്കെടുപ്പിക്കുമെന്നാണ് റിപ്പോർട്ട്.നീതി ആയോഗ് അംഗം വി കെ പോൾ, കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ എന്നിവർ വാക്സിനേഷൻ സംബന്ധിച്ച ഉന്നതതല യോഗത്തിൽ പ്രസൻ്റേഷൻ അവതരിപ്പിക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. അടുത്ത വർഷം ജൂലൈ മാസത്തോടെ രാജ്യത്തെ 20 - 25 കോടിയോളം ആളുകൾക്ക് രണ്ട് ഡോസ് കൊവിഡ് പ്രതിരോധ വാക്സിൻ നൽകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസർക്കാർ.

Find Out More:

Related Articles: