കോടികളുടെ കുടിശ്ശിക; ആദിവാസികളുടെ ചികിത്സാ സൗകര്യങ്ങൾ നിലയ്കുകയും ചെയ്തു!
അഗളി പഞ്ചായത്തിനു കീഴിലായി പട്ടിമാളത്തെ ഡോ. എ.പി.ജെ അബ്ദുൾ കലാം ഇന്റർനാഷണൽ റസിഡൻഷ്യൽ സ്‌കൂളിൽ ആരംഭിച്ച 200 കിടക്കകളുള്ള കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലെ ജീവനക്കാർക്കും രോഗികൾക്കുമുള്ള ഭക്ഷണം കോട്ടത്തറ ആശുപത്രിയുടെ എച്ച്.എം.സി കാന്റീൻ മുഖാന്തരമാണ് നൽകി വരുന്നത്.കുടിശ്ശിക വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പട്ടികവർഗ വകുപ്പിൽനിന്ന് പട്ടികവർഗ സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്കായി ഒരു കോടി ഇരുപത് ലക്ഷംരൂപ 2020 സെപ്റ്റംബറിൽ പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് കൈമാറുകയുണ്ടായി. ആശുപത്രിയിലെ 54 കിടക്കകൾക്ക് ആനുപാതികമായ 67 സ്റ്റാഫുകൾ മാത്രമേ സ്ഥിരം ജീവനക്കാരുള്ളു. ആകെയുള്ള 247 സ്റ്റാഫുകളിൽ 180 പേരും താൽക്കാലികാടിസ്ഥാനത്തിലോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരാണ്.
ഇതിൽ 70 ജീവനക്കാർ ആശുപത്രി നിർവ്വഹക സമിതി നിയമിച്ചിട്ടുള്ളവരാണ്. പാരാമെഡിക്കൽ, ക്ലറിക്കൽ, ടെക്‌നിക്കൽ, ക്ലീനിംഗ് വിഭാഗങ്ങളിലായി നിയമിക്കപ്പെട്ട ഇവരിൽ ഭൂരിഭാഗം ജീവനക്കാരും ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ്. കഴിഞ്ഞ ആഗസ്റ്റ് മുതൽ നാലു മാസക്കാലമായി ഇവർക്ക് ശമ്പളം ലഭിച്ചിട്ടില്ല. ഈ വകയിൽ 1,79,786 രൂപ പഞ്ചായത്തിൽ നിന്നും അനുവദിക്കപ്പെടേണ്ടതുണ്ട്. ആർ.എസ്.ബി.വൈ, കാസ്പ് പദ്ധതികൾ പ്രകാരം 7,65,208 രൂപ കുടിശ്ശികയിനത്തിൽ ആശുപത്രിക്ക് ലഭിക്കാനുണ്ട്. ഡി.എം.ഒ.യുടെ ഡയറ്റ് ഫണ്ടിൽ നിന്നും ഡയറ്റ് വിതരണം നൽകിയ വകയിൽ കുടിശ്ശികയുള്ള 45,65,733 രൂപയും ആശുപത്രിക്ക് ലഭിക്കണം. മികച്ച ആശുപത്രിയായി ദേശീയ തല പുരസ്‌ക്കാരങ്ങൾ വരെ നേടിയെടുത്ത കോട്ടത്തറ ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രി നൂറ് കിടക്കകളായി ഉയർത്തി 2017 മെയ് 27ന് ആരോഗ്യ മന്ത്രി ഉദ്ഘാടനം നടത്തിയെങ്കിലും അതിനാവശ്യമായ സ്റ്റാഫ് പാറ്റേൺ അനുവദിച്ചില്ല.