നടന്‍ കൃഷ്ണകുമാറിന് ട്രോളന്മാരോട് പറയാനുള്ളത് ഇതാണ്... ചിലപ്പോള്‍ മത്സരിക്കാനും സാധ്യത!!

Divya John
ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി സിനിമാനടൻ കൃഷ്ണകുമാർ രംഗത്തിറങ്ങിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. പ്രവർത്തകരെ ആവേശത്തിലാക്കുന്ന പ്രസംഗമാണ് തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ അദ്ദേഹത്തിൻറെ ഭാഗത്ത് നിന്നുണ്ടായത്. ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും തിരുവനന്തപുരത്ത് ബിജെപി പരിപാടികളിൽ വലിയ ഓളം സൃഷ്ടിക്കാൻ കൃഷ്ണകുമാറിന് സാധിച്ചു.ബിജെപിക്കായി വാദിച്ച് രാജ്യസഭാ എംപി സ്ഥാനമാണ് കൃഷ്ണകുമാർ ലക്ഷ്യമിടുന്നതെന്ന ആരോപണവും ഉയർന്നു. എന്നാൽ താൻ തൽക്കാലം രാഷ്ട്രീയത്തിലേക്കില്ല എന്നാണ് കൃഷ്ണകുമാർ പറയുന്നത്. 'സമയം മലയാളത്തിന്' നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കൃഷ്ണകുമാറിന്റെ തുറന്നുപറച്ചിൽ. 'നമ്മൾ ജയിക്കും, നമ്മൾ ഭരിക്കും' എന്ന തലക്കെട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ ചിത്രങ്ങൾ കൃഷ്ണകുമാർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ കൃഷ്ണകുമാർ അഭിനയം മതിയാക്കി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണോ എന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയും തുടങ്ങി. ''ഞാൻ ഒരു നടനാണ്. എൻറെ ഉപജീവനമാർഗം അഭിനയത്തിലൂടെയാണ്.


പ്രചാരണം കഴിഞ്ഞ ആറാം തീയതി മുതൽ രാഷ്ട്രീയ കുപ്പായം അഴിച്ചുവെച്ച് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തി. താൻ പാർട്ടിയിൽ അംഗമായി എന്തെങ്കിലുമൊക്കെ ആയിക്കഴിഞ്ഞാൽ ചിലപ്പോൾ ലക്ഷ്യങ്ങൾ വരും. ലക്ഷ്യങ്ങളില്ലാതെ മനുഷ്യന് സഞ്ചരിക്കാൻ പറ്റില്ല. ഇപ്പോൾ എൻറെ ലക്ഷ്യങ്ങൾ മുഴുവൻ നല്ല ജോലി ചെയ്യുക സമ്പാദിക്കുക, സുഖമായി ജീവിച്ചു പോകുക എന്നതാണ്. നാളത്തെ കാര്യത്തെ പറ്റി നമുക്ക് പറയാൻ പറ്റില്ല. താൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയിട്ട് കാലങ്ങളായി. ഇലക്ട്രൽ പൊളിറ്റിക്‌സ് തനിക്ക് അത്ര ഗ്രാഹ്യമുള്ള വിഷയമല്ല. ഒരു അവസരം വന്നാൽ ചിലപ്പോൾ മത്സരിക്കുമായിരിക്കും. പാർട്ടിയെ സഹായിക്കുക, പാർട്ടിക്ക് വേണ്ടി നിൽക്കുന്ന സ്ഥാനാർത്ഥികളെ സഹായിക്കുക, ഇതാണ് ഇപ്പോൾ താൻ ചെയ്യുന്നത്''- കൃഷ്ണകുമാർ പറഞ്ഞു. മാത്രമല്ല തനിക്കെതിരെ വരുന്ന ട്രോളുകളൊക്കെ പോസിറ്റിവ് ആയി എടുക്കുന്നു. ട്രോളന്മാരെ പ്രത്യേകം അഭിനന്ദിക്കുന്നു. സുരേഷ് ഗോപിക്കൊപ്പം ചേർത്ത് തന്നെ ട്രോളുന്നവരോട് സ്‌നേഹം മാത്രമെയുള്ളൂ.


 ട്രോളുകൾ കുറേ വിഭാഗം ആളുകൾക്കൊരു ജീവിതമാർഗമാണെങ്കിൽ അതിൽ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു. അതേസമയം പാർലിമെന്റിൽ 2 സീറ്റിൽ നിന്നും 300 സീറ്റിലേക്ക് കുതിച്ച ബിജെപി, കേരളത്തിലും വളർച്ചയുടെ പാതയിലാണ്. തോൽവി കണക്കിൽ മാത്രമാണ്. ചിലയിടത്ത് സ്ഥാനാർഥികൾ ഒരു വോട്ടിനൊക്കെയാണ് തോറ്റുപോയതെന്നും, നമ്മൾ ഒപ്പമെത്തി കഴിഞ്ഞു എന്നതാണ് ഇതിൽ നിന്നും മനസിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എന്തുകൊണ്ടു തോറ്റു എന്ന് എല്ലാവരും ചോദിക്കുന്നത്, ബിജെപി ഇന്ന് എവിടെ എത്തി എന്നതിൻറെ വ്യക്തമായ സൂചനയാണ്. എല്ലാം അവസാനിച്ചു എന്ന് കരുതുന്നിടത്തുനിന്നാണ് പലതും തുടങ്ങുന്നത്.



അബ്ദുള്ളക്കുട്ടിയുടെ വരവ് ബിജെപിക്ക് മുസ്ലിം സമുദായത്തിനിടയിലും വലിയ നേട്ടമുണ്ടാക്കി. എന്നാൽ ഇപ്പേഴും ചിലർ മോദിയെയും ബിജെപിയെയും ഭയത്തോടെയാണ് നോക്കിക്കാണുന്നത്. അവർ മോദിക്കെതിരെ ശക്തരാര് എന്ന് നോക്കി വോട്ടുചെയ്യും. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 19 സീറ്റ് ലഭിച്ചത് അങ്ങനെയാണ്.ബിജെപി വന്നാൽ കുഴപ്പമാണ് എന്ന ന്യൂനപക്ഷങ്ങളുടെ ഭയപ്പാട് മാറി എന്ന് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയാൽ മനസ്സിലാകും.  ബിജെപിയെ എതിർക്കാൻ ശക്തനാര് എന്ന് നോക്കി ഒരുകൂട്ടർ വോട്ട് ചെയ്തു. അതുകൊണ്ടാണ് സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങൾക്കിടയിലും എൽഡിഎഫിന് മികച്ച വിജയമുണ്ടാക്കാൻ കഴിഞ്ഞത്. എൽഡിഎഫിന്റെ താഴേതട്ടിലുള്ള പ്രവർത്തനങ്ങൾ മികച്ചതാണെന്നും കൃഷ്ണകുമാർ പറഞ്ഞു.

Find Out More:

Related Articles: