സെന്സിറ്റീവായ ഒന്നാണ് മതം!
ഡിഗ്രി പഠനം അതിന്റെ അവസാന നാളുകളിലാണ്, കോളേജ് പഠനം പൂർത്തിയാക്കി ക്യാമ്പസിനോട് വിട പറയുന്നതിന് മുന്നേ നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം പൂർത്തീകരിക്കണം എന്ന് ഉപദേശിക്കുന്ന അധ്യാപികയുടെ വാക്ക് ഏറ്റെടുത്ത് റസിയയുടെ മൂന്ന് കൂട്ടികാരികളും തങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നു.റസിയ എന്ന കോളേജ് വിദ്യാർത്ഥിനിയും അവളുടെ കുടുംബവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഒരു മുസ്ലീം പെൺകുട്ടിക്ക് വാങ്ക് വിളിക്കാൻ സാധിക്കില്ല, അത് നിഷിധമാണ് എന്ന് എല്ലാവരും പറഞ്ഞെങ്കിലും റസിയ തന്റെ ആഗ്രഹത്തിൽ നിന്നും പിന്നോട്ട് പോയില്ല. ഒടുവിൽ റസിയയുടെ കുട്ടുകാരി ജ്യോതി അവൾക്ക് പിന്തുണയുമായി എത്തുന്നു. എന്നാൽ കാര്യങ്ങൾ അവരുടെ കൈയിൽ ഒതുങ്ങാത്ത വിധം വളർന്ന് പോയിരുന്നു.
റസിയയുടെ ആഗ്രഹം എന്താണെന്ന് അറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്, എന്നാൽ റസിയ പറഞ്ഞത് തനിക്ക് വാങ്ക് വിളിക്കണമെന്നായിരുന്നുമതം ആപത്‌ക്കരമാം വിധത്തിൽ ചിന്തകളേയും പ്രവർത്തികളേയും നിയന്ത്രിക്കുന്ന സമൂഹത്തിൽ സ്‌ത്രീയെ പുരുഷന്റെ അടിമകളായി സ്വത്വവും ആഗ്രഹങ്ങളും ഇല്ലാത്തവരായി ചിത്രീകരിക്കുയും ചെയ്യുന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്യുകയാണ് ചിത്രം.മതം സെൻസിറ്റാവാണെന്ന് തന്റെ കഥാപാത്രങ്ങളിലൊന്നിനേക്കൊണ്ട് പറയിപ്പിക്കുകയും അത് എത്രത്തോളം സെൻസിറ്റീവാകുന്നു എന്ന് കാവ്യ തന്റെ ആദ്യചിത്രത്തിലൂടെ തെളിയിക്കുകയും ചെയ്യുന്നു. സ്‌ത്രീപക്ഷത്ത് നിന്നു സംസാരിക്കുന്ന ചിത്രത്തിലെ ശക്തമായ പുരുഷ കഥാപാത്രമാണ് റസാഖ് എന്ന വിനീതിന്റെ കഥാപാത്രം.
അതിനെ അത്രമേൽ വിശ്വാസ്യവും മികവുറ്റതുമാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. റസിയയെ അവളുടെ ഭയവും സങ്കടവും ആഗ്രഹ സഫിലീകരണത്തിനൊടുവിലെ ആത്മസംതൃപ്‌തിയും പ്രേക്ഷകർക്ക് അനുഭവവേധ്യമാക്കുന്നതിൽ അനശ്വര രാജന് വിജയിക്കാനായി. ചെറുതും വലുതുമായ കഥാപാത്രങ്ങളായി ചിത്രത്തിൽ വന്നുപോയവരെല്ലാം കഥയോടും കഥാപാത്രങ്ങളോടും പൂർണമായും നീതി പുലർത്തി. ഒന്നേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന്റെ രണ്ടാം പകുതി ആദ്യപാതിയേക്കാൾ പ്രേക്ഷകനെ ആകാംഷഭരിതാനാക്കുന്നുണ്ട്. ക്ലൈമാക്‌സ് പ്രേക്ഷകനെ റസിയക്കൊപ്പം കൈപിടിച്ചു നടത്തുന്നു. ഹൃദ്യമായൊരു കാഴ്‌ചാനുഭവമായി വാങ്ക് മാറുമ്പോൾ ചിത്രം സംസാരിക്കുന്ന വിഷയം അതിന്റെ പൂർണമായ വൈകാരിക തീവ്രതയോടെ ഇപ്പോഴും നിലനിൽക്കുകയും പെണ്ണുടലിനെ മറയ്‌ക്കുന്ന കറുത്ത നീളൻ കുപ്പായം കൊണ്ട് അവളുടെ ആഗ്രഹങ്ങളേയും സ്വപ്‌നങ്ങളേയും നിർബന്ധപൂർവ്വം മറയ്‌ക്കുകയും ചെയ്‌തുകൊണ്ടേയിരിക്കുന്നു.