മൈലാഞ്ചിയും മെഹന്ദി ചടങ്ങും, ഹിന്ദുക്കളുടേതല്ലെന്നു വിജി തമ്പി!
വിവാഹ ചടങ്ങിൽ ഫോട്ടോയെടുക്കുന്നതിനെ ഞങ്ങൾ എതിർക്കുന്നില്ല. എന്നാൽ വിവാഹത്തിനു മുമ്പും ശേഷവും കാട്ടിലും പുഴയിലും പോയി ഡാൻസ് കളിച്ച് ഫോട്ടോ എടുക്കുന്നതിനോടാണ് ഞങ്ങൾക്ക് എതിർപ്പ്. അതിന്റെയൊക്കെ വീഡിയോ നിങ്ങൾ കണ്ടിട്ടുള്ളതല്ലേ. ഇത്തരം പേക്കൂത്തുകൾ മുസ്ലിം കല്യാണങ്ങളിലും ക്രിസ്ത്യൻ വിവാഹങ്ങളിലും കാണാൻ കഴിയുന്നുണ്ടോ? അവരെല്ലാം ആചാര പ്രകാരമാണ് വിവാഹം നടത്തുന്നത്. അടുത്തയിടെ ഒരു വീട്ടിൽ വിവാഹം കഴിഞ്ഞ് പെണ്ണും ചെറുക്കനും മണിയറയിൽ കയറി കട്ടിലിൽ ഇരുന്നപ്പോൾ കട്ടിലിന്റെ അടിയിൽ നിന്നും പടക്കം പൊട്ടി. ഇതൊക്കെ ആചാരത്തിൽ പെട്ടതാണോ?" ഒപ്പം "ഇപ്പോൾ വിവാഹത്തിന്റെ തലേന്ന് മൈലാഞ്ചിയിടലും മെഹന്തിയുമൊക്കെ ഇടുന്ന ചടങ്ങുണ്ടല്ലോ, അതൊന്നും ഹൈന്ദവമല്ല.
മുസ്ലിങ്ങളുടെ ആചാരമാണത്. നേരത്തെ ഹിന്ദു വീടുകളിൽ കല്യാണം നടക്കുമ്പോൾ അവിടെ സസ്യാഹാരം മാത്രമാണ് വിളമ്പിയിരുന്നത്. എന്നാൽ ഇപ്പോൾ വിവാഹ തലേന്ന് പൊറോട്ടയും ബീഫും കള്ളുമൊക്കെ വിളമ്പിയാണ് സദ്യ. ഇതിനെ വിഎച്ച്പി എതിർക്കും. വിവാഹ ചടങ്ങിൽ പാട്ടും ഡാൻസും നേരത്തെ ഉണ്ടായിരുന്നില്ല. ഇപ്പോൾ വിവാഹം നടക്കുന്ന സ്റ്റേജിൽ വരനും വധുവും ഡാൻസ് കളിക്കുകയാണ്. ഇത് ഹൈന്ദവരുടെ ആചാരമല്ല. ആചാരത്തിനു വിരുദ്ധമായി എവിടെ ഹിന്ദുക്കൾ വിവാഹം നടത്തിയാലും വിഎച്ച്പി ബഹളമുണ്ടാക്കും, പ്രതിഷേധിക്കും. ഇതാണ് ഞങ്ങൾ നൽകുന്ന മുന്നറിയിപ്പ്." വിജി തമ്പി സമയം മലയാളത്തോട് പറഞ്ഞു.
"രണ്ട് കുടുംബങ്ങൾ തമ്മിൽ ഒന്നിക്കുന്ന ചടങ്ങാണ് വിവാഹം. രണ്ട് വ്യക്തികൾ ഒന്നാവുകയാണ്. ആ ചടങ്ങിന് പവിത്രതയുണ്ട്. അത് കാത്തു സൂക്ഷിക്കണം." അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് നവവരൻ ഫോട്ടോ ഷൂട്ടിനിടെ മുങ്ങി മരിച്ചതും കണ്ണൂരിൽ വിവാഹ ആഘോഷത്തിനിടെ യുവാവ് ബോംബേറിൽ കൊല്ലപ്പെട്ടതും പൊന്നാനിയിൽ വരൻ താലികെടുത്തുന്നതിനു മുമ്പ് വരന്റെ കൂട്ടുകാർ വധുവിനെ മാലയണിയിച്ചതും അടക്കമുള്ള സംഭവങ്ങൾ വിഎച്ച്പി ചൂണ്ടിക്കാട്ടി. ഇവയെല്ലാം പവിത്രമായി നടക്കേണ്ട വിവാഹ ചടങ്ങുകൾക്കുണ്ടായ മൂല്യശോഷണത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വിഎച്ച്പി വ്യക്തമാക്കി.