'മുല്ലപ്പെരിയാർ കേസ്; നിർണായക ഉത്തരവുമായി സുപ്രീം കോടതി! ജസ്റ്റിസ് എഎം ഖാൻ വിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് നിർണായക വിധി പ്രസ്താവിച്ചത്. മുല്ലപ്പെരിയാർ മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കാനും വിപുലമായ അധികാരങ്ങൾ നൽകാനും സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് എ എസ് ഓഖ എന്നിവരും ബെഞ്ചിൽ അംഗങ്ങളായിരുന്നു. ഡാം അതോറിറ്റി പ്രവർത്തനസജ്ജം ആകുന്നതുവരെ ഏല്ലാ അധികാരങ്ങളും മേൽനോട്ട സമിതിക്ക് കൈമാറുന്നതായി കോടതി വ്യക്തമാക്കി. കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും ഓരോ സാങ്കേതിക വിദഗ്ധർ സമിതിയുടെ ഭാഗമാകും.
ഡാം സുരക്ഷ നിയമത്തിൻ്റെ പരിധിയിലുള്ള മുഴുവൻ അധികാരങ്ങളും പുതിയ അതോറിറ്റി നിലവിൽ വരുന്നതുവരെ സമിതിക്ക് നൽകുമെന്നും കോടതി വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കാണ് സമിതിയുടെ പ്രവർത്തനം ഏകോപിപ്പിക്കാനും നടപ്പാക്കാനുമുള്ള ഉത്തരവാദിത്തം. അണക്കെട്ടിൻ്റെ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമാണ് നടപടിയെന്നും ദേശീയ സുരക്ഷ അതോറിറ്റി എത്രയും വേഗം പ്രവർത്തന സജ്ജമാക്കണമെന്നും കോടതിയിൽ പറഞ്ഞു. അതോറിറ്റി എത്രയും വേഗം സജ്ജമാക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. മേൽനോട്ട സമിതി പ്രവർത്തനങ്ങൾ സംബന്ധിച്ച പുരോഗതി റിപ്പോർട്ട് മെയ് ഏഴിന് സുപ്രീം കോടതിക്ക് നൽകണം.
സമിതിക്ക് മുൻപാകെ പൊതുജനങ്ങൾക്ക് പരാതി ഉന്നയിക്കാൻ അവസരം നൽകണമെന്നും കോടതി വ്യക്തമാക്കി. സമിതി അധ്യക്ഷനെ മാറ്റണമെന്ന കേരളത്തിൻ്റെ ആവശ്യം ഇന്നലെ സുപ്രീം കോടതി തള്ളിയിരുന്നു.സമിതിയുടെ പ്രവർത്തനങ്ങളുമായി ഇരു സംസ്ഥാനങ്ങളും സഹകരിക്കണമെന്നും, സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കതിരുന്നത് കോടതി നടപടികൾ വിളിച്ചു വരുത്തുന്നതിന് കാരണമാകുമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. മുല്ലപ്പെരിയാർ ഡാമിൻ്റെ മേലുള്ള അധികാരങ്ങൾ താത്കാലികായി മേൽനോട്ട സമിതിയ്ക്ക് കൈമാറി ഉത്തരവിറക്കുമെന്ന് വ്യക്തമാക്കി സുപ്രീം കോടതി.
ദേശീയ ഡാം സുരക്ഷാ അതോരിറ്റി പ്രവർത്തനസജ്ജമാകാൻ ഇനിയും സമയമെടുക്കുമെന്ന കാരണം പരിഗണിച്ചാണ് താത്കാലികമായി മേൽനോട്ട സമിതിയ്ക്ക് ചുമതലകൾ കൈമാറുന്നത്. ഇതിൻ്റെ ഭാഗമായി രണ്ട് സാങ്കേതിക വിദഗ്ധരെക്കൂടി ഉൾപ്പെടുത്തി സമിതി ശക്തിപ്പെടുത്താനും തീരുമാനമായി. ഡാമിൻ്റെ മേൽനോട്ട ചുമതലയുണ്ടെങ്കിലും സമിതിയ്ക്ക് അധികാരങ്ങളില്ലെന്ന് കേരളവും തമിഴ്നാടും കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ദേശീയ ഡാം സുരക്ഷാ അതോരിറ്റിയുടെ അധികാരങ്ങൾ കൂടി ലഭിക്കുന്നതോടെ സമിതി കൂടുതൽ ശക്തമാകും. മേൽനോട്ട സമിതിയെ ശക്തിപ്പെടുത്തണമെന്ന കേരള സർക്കാർ ആവശ്യം കൂടിയാണ് ഇത്തരത്തിൽ അംഗീകരിക്കപ്പെട്ടത്. ജസ്റ്റിസ് എ എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് നിർദേശം.