പോലീസിൽ നിന്ന് നീതി ലഭിക്കില്ലെന്ന് തോന്നിയപ്പോൾ കാറുമായി ഇറങ്ങി, പിന്നീട് സംഭവിച്ചത് ഇങ്ങനെ! 26 ന് പുലർച്ചെയുണ്ടായ ആക്രമണത്തിലെ പ്രതിയെ പിടികൂടാൻ മൂന്നാം ദിനമാണ് പോലീസ് രേഖ ചിത്രം തയ്യാറാക്കിയത് പോലും. പോലീസിന്റെ അനാസ്ഥയുടെ പരിഗണനയിൽ സമൂഹത്തിൽ സ്വതന്ത്രമായി നടക്കുമായിരുന്ന ഒരു അക്രമിയെ പൂട്ടാൻ രംഗത്ത് ഇറങ്ങിയത് ഈ രണ്ട് വനിതകളായിരുന്നു. തിരുവനന്തപുരം മ്യൂസിയത്തിനു സമീപം തന്നെ ആക്രമിച്ചയാളെ കണ്ടെത്താൻ സമയോചിതമായി ഇടപെട്ടില്ലെന്നു മാത്രമല്ല നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ആക്രമണത്തിന് ഇരയായ വനിത ഡോക്ടർ സ്വന്തം കാറുമായി അന്വേഷണത്തിന് ഇറങ്ങിയത്. മ്യൂസിയത്തിൽ വനിത ഡോക്ടറെ ആക്രമിച്ച കേസിൽ സന്തോഷ് കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്.
തുടർച്ചയായി പുലർച്ചെകളിൽ സ്വന്തം വാഹനത്തിൽ മ്യൂസിയത്തും പരിസരങ്ങളിലും നിരീക്ഷണത്തിനിറങ്ങിയ അവർ പോലീസ് കണ്ടെത്താൻ ശ്രമിക്കാത്ത സിസിടിവി ക്യാമറകൾ വരെ കണ്ടെത്തി. ചിത്രങ്ങൾ ശേഖരിച്ച് അന്വേഷണ കേന്ദ്രങ്ങളിൽ എത്തിച്ചുകൊടുത്തു. മാധ്യമങ്ങളുടെ സഹായത്തോടെ അധികാര കേന്ദ്രങ്ങളെ ഉണർത്താനും ഡോക്ടർ മറന്നില്ല. സംഭവം നടന്ന് മൂന്നാം ദിവസമാണ് രേഖ ചിത്രം പോലീസ് പുറത്ത് വിട്ടത്. ആ ചിത്രം കണ്ടതോടെയാണ് കുറവൻകോണത്തെ നൃത്താധ്യാപികയായ അശ്വതി നിർണായക വെളിപ്പെടുത്തലുമായി എത്തിയിരുന്നത്. നഗരത്തിലെ സിസിടിവി ക്യാമറകളെല്ലാം പ്രവർത്തന രഹിതമോ വ്യക്തതയില്ലാത്തതോ ആയ സാഹചര്യത്തിൽ അശ്വതിയുടെ വീട്ടിലെ സിസിടിവി ക്യാമറിയിലെ ദൃശ്യങ്ങൾ പോലീസിന് സഹായകമാകുകയായിരുന്നു.
25 ന് രാത്രിയും 26 ന് പുലർച്ചെയുമായി തന്റെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച ആളുമായി രേഖാ ചിത്രത്തിന് സാമ്യമുണ്ടെന്നാണ് അശ്വതി പോലീസിന് മൊഴി നൽകിയത്. പിന്നീട് ആണ് പോലീസ് രണ്ട് കേസുകളും ബന്ധിപ്പിച്ച് അന്വേഷണം നടത്താൻ തുടങ്ങിയത്. മാനസികമായും ശാരീരികമായും ലൈംഗികമായും ആക്രമിക്കപ്പെട്ട ഒരു യുവതിയുടെ മനോധൈര്യവും വീട്ടിൽ ആക്രമിക്കപ്പെട്ടേക്കാവുന്ന സാഹചര്യം നേരിടേണ്ടി വന്ന യുവതിയും നടത്തിയ പോരാട്ടമാണ് സന്തോഷ് എന്ന ക്രിമിനലിനെ അഴിക്കുള്ളിലാക്കിയത്. സന്തോഷിനെതിരെ മോഷണശ്രമവും വീട്ടിൽ അതിക്രമിച്ചു കടന്നതിനുമാണ് പേരൂർക്കട പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ സ്ത്രീകൾക്കെതിരെ അതിക്രമം, സ്ത്രീകളെ ഉപദ്രവിക്കൽ തുടങ്ങിയവും പിന്നീട് ചുമത്തുകയായിരുന്നു.അതേസമയം തന്നെ പോലീസ് പെടുകത്തിയതാണെന്നാണ് സന്തോഷ് ആരോപിക്കുന്നത്.
താൻ കുറ്റം ചെയ്തിട്ടില്ലെന്നും കുറ്റം തന്റെ തലയിൽ പോലീസ് കെട്ടിവച്ചതാണെന്നും തെളിവെടുപ്പിന് എത്തിച്ചപ്പോൾ സന്തോഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദേഷ്യം വരുമ്പോൾ, ഓടിക്കുന്ന വാഹനം നിർത്തിയിട്ട് മണിക്കൂറുകൾ നടക്കുന്ന ശീലമുണ്ട്. അങ്ങനെ കുറവൻകോണം വഴിയും നടന്നുവെന്നാണ് സന്തോഷിന്റെ വാദം. 40 കി.മീ വരെ ചില ദിവസം നടന്നിട്ടുണ്ടെന്നും വനിതാ ഹോസ്റ്റലുകളുടെ ഭാഗത്ത് കറങ്ങി നടന്ന് സ്ത്രീകളുടെ വസ്ത്രം മോഷ്ടിക്കുന്നതും പതിവാണെന്നും പോലീസ് പറയുന്നു.മ്യൂസിയം കേസിൽ വനിതാ ഡോക്ടറെ ആക്രമിച്ചത് താനല്ലെന്ന് അവസാനം വരെ പ്രതിരോധിച്ചെങ്കിലും വനിതാ ഡോക്ടറുടെ തെളിവെടുപ്പിൽ ഡോക്ടർ ഉറപ്പിച്ചു പറഞ്ഞതോടെ സന്തോഷ് കുടുങ്ങുകയായിരുന്നു.
പ്രതിയെ കണ്ടെത്താൻ സഹായിച്ച യുവതികളെ അഭിനന്ദിക്കുന്നുവെന്ന് എഡിജിപി എംആർ അജിത്കുമാർ കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്തിരുന്നു. പോലീസ് നഗരത്തിൽ സ്ഥാപിച്ചിരുന്ന ക്യാമറകൾ ഒന്നും പ്രവർത്തിക്കുന്നുണ്ടായിരുന്നു. അന്വേഷണം വഴിമുട്ടി നിന്നപ്പോൾ മോട്ടോർ വാഹന വകുപ്പിന്റെ സിസിടിവി ക്യാമറകളാണ് രക്ഷയ്ക്കെത്തിയത്. ഈ ദൃശ്യങ്ങളിൽ നിന്നാണ് സന്തോഷ് ഓടിച്ച ഇന്നോവ കാർ കണ്ടെത്തിയത്. മ്യൂസിയം ഭാഗത്ത് ഒതുക്കിയിട്ട ഈ കാറിൽ നിന്ന് ഇറങ്ങുന്നത് താനാണെന്ന് സന്തോഷ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.