തിരക്കുള്ളയിടങ്ങളിൽ മാസ്ക് ധരിക്കണം, കൊവിഡ് അവസാനിച്ചിട്ടില്ല എന്ന് കേന്ദ്രം!

Divya John
തിരക്കുള്ളയിടങ്ങളിൽ മാസ്ക് ധരിക്കണം, കൊവിഡ് അവസാനിച്ചിട്ടില്ല എന്ന് കേന്ദ്രം! ആഗോള തലത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചേർന്ന അവലോകന യോഗത്തിനു ശേഷം ട്വീറ്റ് ചെയ്യുകയായിരുന്നു മന്ത്രി.കൊവിഡ്-19 അവസാനിച്ചിട്ടില്ലെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കേന്ദ്ര
ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഏത് സാഹചര്യവും നേരിടാൻ സർക്കാർ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.നേരത്തെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അല്ലെങ്കിൽ യാത്ര മാറ്റിവെക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി നിർദേശം നൽകിയിരുന്നു. തിരക്കുള്ളയിടങ്ങളിൽ ജനങ്ങൾ മാസ്ക് ധരിക്കണമെന്നു നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി കെ പോൾ നിർദേശിച്ചു.



     പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. മതിയായ പരിശോധനകൾ നടക്കുന്നുണ്ട്. അന്താരാഷ്‌ട്ര വിമാന യാത്രയ്‌ക്കുള്ള മാർഗനിർദേശങ്ങളിൽ ഇതുവരെ മാറ്റമില്ലെന്നും അദ്ദേഹം അറിയിച്ചു. "കൊവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. നിരീക്ഷണം ശക്തമാക്കാനും ജാഗ്രത പുലർത്താനും നിർദേശം നൽകിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ സർ‌ക്കാർ സജ്ജമാണ്"- മന്ത്രി ട്വീറ്റ് ചെയ്തു. കേന്ദ്ര ആരോഗ്യ, ആയുഷ് മന്ത്രാലയങ്ങളുടെയും ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫാർമസ്യൂട്ടിക്കൽസ്, ഡിപ്പാർട്ട്മെൻ്റ് ഓഫ് ബയോടെക്നോളജി എന്നിവയുടെയും സെക്രട്ടറിമാർ, ഇന്ത്യൻ കൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ രാജീവ് ബാൽ, നിതി ആയോഗ് അംഗം (ആരോഗ്യം) വി കെ പോൾ, നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷൻ (എൻടിഎജിഐ) ചെയർമാൻ എൻ എൽ അറോറ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും അവലോകന യോഗത്തിൽ പങ്കെടുത്തു. 


  അതേസമയം വൈറസിന്റെ പുതിയ വകഭേദം കണ്ടെത്താൻ ജനിതക ശ്രേണീകരണത്തിനു മുൻഗണന നൽകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.  ചൈയിൽ അതിവേഗം പടരുന്ന പുതിയ കൊവിഡ് ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. ഒമിക്രോൺ ഉപവകഭേദമായ ബിഎഫ് 7 ആണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഒമിക്രോൺ ബിഎഫ് 7 വകഭേദം 3 പേർക്കാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തിൽ രണ്ടുപേർക്കും ഒഡീഷയിൽ ഒരാൾക്കുമാണ് ബിഎഫ് 7 സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് ഭീഷണി വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. ഇതിന്റെ ഭാഗമായി രാജ്യത്തെ വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന പുനരാരംഭിച്ചിട്ടുണ്ട്. രാജ്യാന്തര യാത്രക്കാരിൽ നിന്ന് സ്രവം ശേഖരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Find Out More:

Related Articles: