കോട്ടയം ജില്ലയിൽ മൂന്നിടത്ത് പക്ഷിപ്പനി! കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആർപ്പൂക്കര, വെച്ചൂർ, നീണ്ടൂർ എന്നിവിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ പി കെ ജയശ്രീ അറിയിച്ചു. പാടശേഖരങ്ങളിൽ പാർപ്പിച്ച താറാവുകളും കോഴികളും കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യരൂറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് എച്ച്5 എൻ1 സ്ഥിരീകരിച്ചത്.വൈക്കം, കോട്ടയം, ഏറ്റുമാനൂർ എന്നീ നഗരസഭകൾ വെച്ചൂർ, കുറുപ്പുന്തറ, തലയാഴം, തലയോലപ്പറമ്പ്, കല്ലറ, നീണ്ടൂർ, ടിവി പുരം, ഉദയനാപുരം, കുമരകം, ആർപ്പൂക്കര, അയ്മനം, അതിരമ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലും കോഴി, താറാവ്, കാട, മറ്റു വളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) എന്നിവയുടെ വിൽപ്പനയും വ്യാപാരവും (ഡിസംബർ 23 മുതൽ) മൂന്നുദിവസത്തേക്ക് നിരോധിച്ച് ജില്ലാ കളക്ടർ അറിയിച്ചു.
പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗം കണ്ടെത്തിയ പ്രദേശത്തെ 7400 പക്ഷികളെ ദയാവധം ചെയ്യും. കോട്ടയം ജില്ലയിലെ 15 തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിൽ മുട്ട, ഇറച്ചി വിൽപ്പന മൂന്നു ദിവസത്തേക്ക് നിരോധിച്ചു. ഇവിടെ അണുനശീകരണം നടത്താനുള്ള നടപടികൾ സ്വീകരിക്കും.രോഗബാധയേറ്റ മൂന്നുമുതൽ അഞ്ചു ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കുകയും കൂട്ടത്തോടെയുള്ള മരണം ഉണ്ടാവുകയും ചെയ്യുന്നതാണ്. സാധാരണ ഈ വൈറസുകൾ മനുഷ്യരിലേക്ക് പകരാറില്ലെങ്കിലും ശ്രദ്ധിക്കണം. മൃഗസംരക്ഷവകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, റവന്യൂ, പോലീസ്, വനം വകുപ്പ്, ആരോഗ്യ വകുപ്പ്, ഫയർ ആൻഡ് റെസ്‌ക്യൂ എന്നീ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിന് ജില്ലാ കളക്ടർ നിർദേശം നൽകി.
ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആർപ്പൂക്കര, തലയാഴം പഞ്ചായത്തുകളിലെ ഫാമുകളിൽ വളർത്തുന്ന താറാവുകളിലും കോഴികളിലുമാണ് പക്ഷിപ്പനി കണ്ടെത്തിയത്. രോഗം വ്യാപിക്കാതിരിക്കാൻ പക്ഷികളെ കൊന്നൊടുക്കാൻ തുടങ്ങി. അതിനിടെ മതിയായ നഷ്ടപരിഹാരം കിട്ടുമോയെന്നതടക്കമുള്ള ആശങ്കയിലാണ് കർഷകർ.ഈ മാസം ഒരു കർഷകൻ്റെ ഫാമിലെ ബ്രോയിലർ കോഴികളിലാണ് രോഗലക്ഷണങ്ങൾ കണ്ടത്. തിരുവല്ലയിലെ ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. തുടർന്ന് സ്ഥിരീകരണത്തിനായി ഭോപ്പാലിലെ ലാബിലേക്കും അയച്ചു. കൂടുതൽ സ്ഥലങ്ങളിലേക്ക് പക്ഷിപ്പനി വ്യാപിക്കാതിരിക്കാൻ ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കുന്നുണ്ട്.
സമീപ പ്രദേശങ്ങളിലെ കർഷകർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ വെറ്ററിനറി ഓഫീസർ ഷാജി പണിക്കശേരി പറഞ്ഞു.എല്ലാ പക്ഷികളേയും ബാധിക്കുന്ന തരത്തിലുള്ള എച്ച് 5 എൻ 1 പനിയാണ് കോട്ടയത്ത് കണ്ടെത്തിയത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലാ കളക്ടർ ഇന്നലെ അടിയന്തരയോഗം വിളിച്ചിരുന്നു. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. ആർപ്പൂക്കര പഞ്ചായത്തിലെ രണ്ടാം വാർഡിലെയും തലയാഴം പഞ്ചായത്തിലെ ഒമ്പതാം വാർഡിലെയും കർഷകരുടെ 5000 ത്തോളം താറാവുകളെ കൊല്ലാനാണ് തീരുമാനം.