അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ: റിപ്പോർട്ടുകൾ ആവശ്യപെട്ടു, സ്റ്റേ നൽകി സുപ്രീം കോടതി! ഹർജി തീർപ്പാകും വരെ വധശിക്ഷ നടപ്പാക്കരുതെന്ന് ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനും സഞ്ജയ് കരോൾ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബഞ്ച് നിർദ്ദേശിച്ചു. പ്രതിയുടെ മനശ്ശാസ്ത്രപരമായ നില തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പ്രത്യേക ബോർഡ് രൂപീകരിക്കണം. മാനസികപരിശോധന നടത്തി അത് കോടതിയെ രേഖാമൂലം അറിയിക്കണം. പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു.
അപൂർവങ്ങളിൽ അത്യപൂർവമാണെന്ന് വിലയിരുത്തി വധശിക്ഷ ശരിവെച്ച ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്താണ് അമീറുൽ ഇസ്ലാം സുപ്രീം കോടതിയിൽ ഹർജി നൽകിയത്. തന്നെ കുറ്റക്കാരനെന്ന് വിധിച്ചത് അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് അമീറുൽ വാദിക്കുന്നു. അഡ്വ. ശ്രീറാം പറക്കാട്ട് ആണ് അമീറുലിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്.അമീറുൽ ഇതുവരെ കഴിഞ്ഞ ജയിലുകളിൽ നിന്നുള്ള റിപ്പോർട്ട് നൽകണമെന്ന ആവശ്യവും കോടതി ഉന്നയിച്ചു. കേസിൽ സംസ്ഥാന സർക്കാരിന്റെ മറുപടിയും കോടതി കേൾക്കും. ഹൈക്കോടതിയും വിചാരണക്കോടതിയും എല്ലാ രേഖകളും കൈമാറേണ്ടതുണ്ട്.2016 ഏപ്രിൽ 28നായിരുന്നു കേരളത്തെ ഞെട്ടിച്ച കൊലപാതകം. അതിക്രൂരമായ വിധത്തിൽ നിയമവിദ്യാർത്ഥിനി പെരുമ്പാവൂരിലെ തന്റെ വീട്ടിൽ കൊല്ലപ്പെടുകയായിരുന്നു.
ദൃക്സാക്ഷികളില്ലാത്ത കേസിൽ പോലീസ് ഏറെ അന്വേഷണങ്ങൾക്കൊടുവിലാണ് അമീറുലിനെ പിടികൂടിയത്. യാതൊരു പ്രകോപനവുമില്ലാതെ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ക്രൂരമായി കൊല ചെയ്ത പ്രതി വധശിക്ഷയ്ക്ക് അർഹനാണെന്നാണ് ഹൈക്കോടതി വിധിപ്രസ്താവത്തിൽ പറഞ്ഞിരുന്നത്. എന്തായിരുന്നു കൊലപാതകത്തിനു പിന്നിലെ പ്രേരണയെന്ന് തെളിയിക്കാനും പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് അമീറുലിന്റെ അഭിഭാഷകൻ വാദിച്ചു. പ്രതിയുടെ ജീവിത പശ്ചാത്തലം കോടതി പരിഗണനയ്ക്ക് എടുത്തില്ല.
ജയിലിൽ അമീറുൽ നല്ലനടപ്പാണെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബവുമായി പ്രതിക്ക് ശത്രുതയൊന്നും തന്നെയില്ല. അനുമാനങ്ങൾക്ക് നിയമപരമായ നിലനിൽപ്പില്ലെന്നും അമീറുൽ ഇസ്ലാമിന്റെ അഭിഭാഷകൻ വാദിച്ചു.തന്നെ കുറ്റക്കാരനെന്ന് വിധിച്ചത് അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് അമീറുൽ വാദിക്കുന്നു. അഡ്വ. ശ്രീറാം പറക്കാട്ട് ആണ് അമീറുലിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്.