ജി 20 രാജ്യങ്ങളിൽ ഒന്നാമതെത്തി സൗദി! 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 73 ശതമാനം വർദ്ധനവും അന്താരാഷ്ട്ര ടൂറിസം വരുമാനത്തിൽ 207 ശതമാനം വളർച്ചയും രേഖപ്പെടുത്തിയതായി ഓർഗനൈസേഷന്റെ 2024 സെപ്റ്റംബറിലെ വേൾഡ് ടൂറിസം ബാരോമീറ്റർ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര ടൂറിസം രംഗത്ത് വൻ കുതിപ്പുമായി സൗദി അറേബ്യ. 2024 ലെ ആദ്യ ഏഴ് മാസങ്ങളിൽ ജി 20 രാജ്യങ്ങൾക്കിടയിൽ അന്താരാഷ്ട്ര ടൂറിസം രംഗത്ത് ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയ രാജ്യമായി സൗദി അറേബ്യ മാറി.
യുണൈറ്റഡ് നേഷൻസ് ടൂറിസം ഓർഗനൈസേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണിത്. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്), സെപ്റ്റംബറിൽ പുറത്തിറക്കിയ അതിന്റെ 2024 ലെ ആർട്ടിക്കിൾ-4 കൺസൾട്ടേഷൻ റിപ്പോർട്ടിൽ, സൗദി വിഷൻ 2030 ന്റെ ഭാഗമായി സൗദി അറേബ്യ ടൂറിസം മേഖലയിൽ കൈവരിച്ച അഭൂതപൂർവമായ നേട്ടങ്ങളെ അഭിനന്ദിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ വൈവിധ്യവൽക്കരിക്കുന്നതിൽ, പ്രത്യേകിച്ച് ടൂറിസം വളർച്ചയുടെ പ്രധാന ചാലകമായി ഉയർന്നുവന്ന സേവനമേഖലയിൽ, ടൂറിസം മേഖലയിലെ വളർച്ചയുടെ പങ്ക് ഐഎംഎഫ് പ്രത്യേകം പരാമർശിക്കുകയുണ്ടായി.
സന്ദർശകരുടെ എണ്ണം, ചെലവ്, തൊഴിൽ സൃഷ്ടിക്കൽ, ജിഡിപിയിലെ സംഭാവന എന്നീ കാര്യങ്ങളിൽ ടൂറിസം മേഖല കൈവരിച്ച നേട്ടങ്ങളെയും അത് എടുത്തുപറഞ്ഞു. വിനോദസഞ്ചാരികളുടെ എണ്ണത്തിലുള്ള തുടർച്ചയായ വർദ്ധനവ് രാജ്യത്തിന്റെ വിഭിന്നവും ആകർഷകവുമായ ടൂറിസം ഓഫറുകളിൽ അവർക്കുള്ള വിശ്വാസമാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഒരു പ്രധാന ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ വളർച്ചയ്ക്ക് അടിവരയിടുന്ന നേട്ടങ്ങളാണിവയെന്നും അധികൃതർ വ്യക്തമാക്കി. ഈ കാലയളവിൽ സൗദി അറേബ്യ ഏകദേശം 17.5 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്തു, ഇത് ആഗോള ടൂറിസം ആകർഷണത്തിൽ ഗണ്യമായ വർദ്ധനവാണ് കാണിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു.
2023-ൽ, രാജ്യത്ത് 27.4 ദശലക്ഷം വിദേശ വിനോദ സഞ്ചാരികൾ എത്തിയിരുന്നു. 2019-നെ അപേക്ഷിച്ച് അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 56 ശതമാനം വളർച്ചയാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. 2023-ലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ടൂറിസം വളർച്ച രേഖപ്പെടുത്തുന്ന യുഎൻ പട്ടികയിൽ ഇത് സൗദി അറേബ്യയെ ഒന്നാമതെത്തിച്ചു. മാത്രമല്ല, അന്താരാഷ്ട്ര ടൂറിസം വരുമാത്തിന്റെ കാര്യത്തിൽ 2023-ൽ ചരിത്രപരമായ 48 ബില്ല്യൺ സൗദി റിയാലാണ് രാജ്യം നേടിയത്. പ്രതിവർഷം 38 ശതമാനം വർദ്ധനവാണ് ഇതിൽ രേഖപ്പെടുത്തിയത്.