യു.പിയിൽ സ്കൂളിൽ ഉച്ചഭക്ഷണം ചോറും മഞ്ഞൾ കലക്കിയ വെള്ളവും.
ന്യൂഡൽഹി: ഉത്തർ പ്രദേശിലെ സ്കൂളിൽ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണമായി നൽകുന്നത് ചോറും മഞ്ഞൾ പൊടി കലക്കിയ വെള്ളവും. സിതാപൂർ ജില്ലയിലെ പിസവാൻ ബ്ലോക്കിൽ ബിച്പാരിയ ഗ്രാമത്തിലെ സ്കൂളിൽനിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു. ഇതോടെ സംഭവത്തിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിദ്യാഭ്യാസ വകുപ്പ് അധികൃതർ ഗ്രാമത്തിലെത്തി സ്കൂൾ സന്ദർശിച്ചു. ചോറും സോയബീനുമാണ് നൽകിയിരുന്നതെന്നും കുട്ടികൾ സോയബീൻ കഴിച്ച ശേഷം ഗ്രേവി ബാക്കിയായപ്പോഴാണ് വീഡിയോ പകർത്തിയതെന്നുമാണ് ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. സംഭവം പുറത്തു വന്നതോടെ സംസ്ഥാന സർക്കാർ അഡീഷണൽ ജില്ല മജിസ്ട്രേറ്റിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഉത്തർപ്രദേശിലെ തന്നെ മിർസാപൂരിൽ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണമായി റൊട്ടിയും ഉപ്പും നൽകിയ സംഭവം അടുത്തിടെ പുറത്തുവന്നിരുന്നു. സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തിരുന്നു.