കാസർഗോഡ് ചികിത്സ കിട്ടാതെ മരിച്ചത് ഒൻപത് പേ‍ർ

Divya John

കൊറോണ കാരണം കാസർഗോഡ് ചികിത്സ കിട്ടാതെ മരിച്ചത് ഒൻപത് പേ‍രാണ്. മാത്രമല്ല കര്‍ണാടക അതിര്‍ത്തി അടച്ചതോടെ കാസര്‍കോട് ചികിത്സ ലഭിക്കാതെ ഇന്ന് മാത്രം രണ്ട് മരണം. ഹൃദ്രോഗ ബാധിതനായി കഴിഞ്ഞ കുറേ കാലമായി ചികിത്സയിലുമായിരുന്നു ഹൊസങ്കടിയിലെ രുദ്രപ്പ. കര്‍ണാടക അതിര്‍ത്തി ഗ്രാമത്തിലാണ് രുദ്രപ്പയുടെ വീട്.

 

  ഇവിടെനിന്ന് എട്ടുകിലോമീറ്റര്‍ മാത്രം അകലെയായിരുന്നു അദ്ദേഹം ചികിത്സ തേടിയിരുന്ന ആശുപത്രി. എന്നാല്‍ അതിര്‍ത്തി അടച്ചതോടെ ചികിത്സ തുടരാന്‍ സാധിച്ചില്ല. ഇന്ന് രോഗം മൂര്‍ച്ഛിച്ചതോടെ മംഗളൂരുവിലേക്ക് പോയെങ്കിലും അതിര്‍ത്തി കടത്തിവിട്ടില്ല. തുടര്‍ന്ന് തിരിച്ച് ഉപ്പളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

  നെഞ്ചുവേദനയെ തുടര്‍ന്നാണ് യൂസഫ് മരണത്തിന് കീഴടങ്ങിയത്. ഉപ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പാണ് മരണം സംഭവിച്ചത്.

 

  കര്‍ണാടക അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് കാസര്‍കോട് ചികിത്സ ലഭിക്കാതെ മരിച്ചവരുടെ എണ്ണം ഒൻപതായി ഉയര്‍ന്നു. അതേസമയം കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ ആവര്‍ത്തിച്ചു.

 

  അതിര്‍ത്തി അടയ്ക്കുന്നത് സംബന്ധിച്ചെടുത്ത തീരുമാനം പെട്ടന്നല്ലെന്നും ജനങ്ങളുടെ സുരക്ഷമുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും യെഡിയൂരപ്പ വ്യക്തമാക്കിയിരുന്നു. കർണാടകം അതിര്‍ത്തി അടച്ചതുമായി ബന്ധപ്പെട്ട കേസ് ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും. 

Find Out More:

Related Articles: