യു. എസിനെ വലച്ചു മറ്റൊരു രോഗം.

VG Amal
കോവിഡ് മഹാമാരിയെത്തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാൻ കൂടുതൽ സംസ്ഥാനങ്ങൾ ഒരുങ്ങുന്നതിനിടെ യു.എസിനെ വലച്ചു മറ്റൊരു രോഗം.

ന്യൂയോർക്കിൽ അഞ്ചും ഏഴും വയസ്സുള്ള കുട്ടികളും കൗമാരക്കാരനുമാണ് മരിച്ചത്. ഇവരെ ബാധിച്ച രോഗം കോവിഡുമായി ബന്ധമുള്ളതാണെന്നാണ് സംശയിക്കുന്നത്.

സംസ്ഥാനത്ത് പലയിടങ്ങളിലായി 80-ലധികം കുട്ടികളെ ബാധിച്ച രോഗത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്ന് ന്യൂയോർക്ക് ഗവർണർ ആൻഡ്ര്യൂ ക്വാമോ പറഞ്ഞു. ഗുരുതരസാഹചര്യം ആരോഗ്യവിഭാഗത്തെ അറിയിച്ചിട്ടുണ്ട്.

മരിച്ച കുട്ടികളിൽ കോവിഡിന്റെ ലക്ഷണങ്ങളല്ല ഉണ്ടായിരുന്നതെന്നും എന്നാൽ, ഇവരിൽ കോവിഡ് ആന്റിബോഡി കണ്ടെത്തിയിരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. 

യു.എസിലെ തന്നെ സിയാറ്റ, വടക്കൻ കാലിഫോർണിയ എന്നിവിടങ്ങളിലും ബ്രിട്ടൻ, ഇറ്റലി, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലും കുട്ടികളിൽ ഈ ലക്ഷണത്തോടെ രോഗം റിപ്പോർട്ടുചെയ്തിട്ടുണ്ട്.

രക്തക്കുഴലുകൾക്ക് തകരാർ സംഭവിച്ച് ഹൃദയത്തിന്റെ പ്രവർത്തനം തടസ്സപ്പെടുന്ന അവസ്ഥയാണ് കുട്ടികളിൽ കണ്ടത്. കാവസാക്കി രോഗമാണെന്നായിരുന്നു തുടക്കത്തിൽ ഡോക്ടർമാരുടെ നിഗമനം. എന്നാൽ, ശരീരത്തിൽ ഒന്നിലധികം ആന്തരികാവയവങ്ങളെയാണ് ഇത് ബാധിക്കുന്നത്.

രക്തക്കുഴലുകൾ വികസിച്ച് ഹൃദയത്തിലേക്കുള്ള ഒഴുക്ക് കുറയുന്നതാണ് കുട്ടികളെ ബാധിക്കുന്ന കാവസാക്കി രോഗം.

എന്നാൽ, പുതിയ രോഗം കോവിഡ് വൈറസ് ബാധയുടെ പുതിയ രൂപമാണോയെന്ന് സംശയിക്കുന്നതായി ശിശുരോഗചികിത്സാ വിദഗ്ധൻ ഡോ. ഗ്ലെൻ ബുൻഡിക്കിനെ ഉദ്ധരിച്ച് യു.എസ്. മാധ്യമമായ സി.എൻ.എൻ. റിപ്പോർട്ട് ചെയ്തു.

ശരീരത്തിലെ പ്രതിരോധ സംവിധാനം വൈറസിനോട് അമിതമായി പ്രതികരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള അവസ്ഥയുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Find Out More:

Related Articles: