ശരീര ഭാരം കുറയ്ക്കാൻ ഇതാ ഒരു മാർഗ്ഗം
ദഹന പ്രക്രിയയെ എളുപ്പത്തിലാക്കാനും മലബന്ധവും അനുബന്ധ പ്രശ്നങ്ങളെയും പരിഹരിക്കാനും ഇത് വളരെ നല്ലതാണ്. അതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ഇനി ജീരകവെള്ളം മതി.സുഗന്ധ വ്യഞ്ജനങ്ങളിൽ ഒന്നായ ജീരകം നമ്മുടെ നിത്യജീവിതത്തിൽ നാം കഴിക്കുന്ന കറിക്കൂട്ടുകൾക്കും ഭക്ഷണ വിഭവങ്ങൾക്കും കൂടുതൽ രുചി പകരുന്ന ഒന്നാണ്. ഇത് കഴിക്കുന്നത് വഴി ശരീരത്തിന് ലഭ്യമാകുന്ന ആരോഗ്യഗുണങ്ങളും എണ്ണിയാൽ ഒടുങ്ങാത്തവയുമാണ്. ഇത് ശരീരത്തിനുള്ളിലെ ഒരുവിധപ്പെട്ട എല്ലാ വിഷാംശങ്ങളെയും പുറന്തള്ളുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ജീരകത്തിലെ ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യം പല പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. ഇവയിൽ അടങ്ങിയിട്ടുള്ള പോളിഫെനോളുകൾ, ഗാലിക് ആസിഡുകൾ, ക്വെർസെറ്റിൻ, കാംപ്ഫെറോൾ തുടങ്ങിയ സംയുക്തങ്ങൾ എല്ലാം തന്നെ ഫ്രീ-റാഡിക്കൽസിനെ തടഞ്ഞുനിർത്താൻ ശേഷിയുള്ളവയാണ്. പലതരത്തിലുള്ള ആൻറി ഓക്സിഡൻന്റുകൾ ജീരക വെള്ളത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. വിറ്റാമിൻ എ, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങളുടെ ഉറവിടമാണ് ജീരകം.
രണ്ട് ടീസ്പൂൺ ജീരകം, ഒരു കപ്പ് വെള്ളത്തിലിട്ട് ഒരു രാത്രി മുഴുവൻ വയ്ക്കുക. രാവിലെ എഴുന്നേറ്റ ശേഷം ഈ വെള്ളം കുടിക്കുക. മറ്റൊരു രീതിയിലും ഇത് നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റും. രണ്ട് ടീസ്പൂൺ ജീരകം കുറച്ച് വെള്ളത്തിലിട്ട് ഒരു രാത്രിമുഴുവൻ വയ്ക്കുക. തുടർന്ന്, രാവിലെ ഇതിലേക്ക് പിഴിഞ്ഞെടുത്ത ഒരു നാരങ്ങ നീരും ചേർത്ത് അരിച്ചെടുത്ത് കുടിക്കാം, അല്ലെങ്കിൽ കുടിക്കാൻ ഉപയോഗിക്കുന്ന ചൂട് വെള്ളത്തിലും വേണമെങ്കിൽ ഇഷ്ടാനുസരണം ജീരകം ചേർത്ത് ഉപയോഗിക്കാവുന്നതാണ്. ജീരകം കൂടുതൽ സമയം വെള്ളത്തിൽ കിടക്കുന്തോറും അതിനുള്ളിലെ എല്ലാ പോഷകങ്ങളേയും വെള്ളത്തിലേക്ക് അലിയിച്ച് ചേർക്കുന്നു. മാത്രമല്ല, ജീരക വെള്ളം കുടിക്കുന്നത് നമ്മുടെ പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്നു. ജീരകം വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ ദഹനത്തിന് വഴിയൊരുക്കുന്നു.
ജീരക വിത്തുകളിൽ തൈമോൾ എന്ന സംയുക്ത ഘടകം അടങ്ങിയിട്ടുള്ളതിനാൽ ഇത് ആമാശയ ഗ്രന്ഥികളുടെ പ്രവർത്തനത്തെ കൂടുതൽ മികവുറ്റതാക്കി കൊണ്ട് ദഹനപ്രക്രിയ എളുപ്പത്തിലാക്കുന്നു. ആഹാരത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര, കൊഴുപ്പ്, പ്രോട്ടീൻ തുടങ്ങിയ സങ്കീർണ്ണ പോഷകങ്ങളെ ഫലപ്രദമായി വേർതിരിച്ചെടുക്കാൻ ഇതുവഴി ആമാശയത്തിന് സഹായിക്കുന്നു. അതിനാൽ, വയറിളക്കം, ഓക്കാനം, ദഹനക്കേട് തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങളെ ഒഴിവാക്കാനും സാധിക്കുന്നു.