കോഴിക്കോട് വീണ്ടും ഷിഗെല്ല സ്‌ഥിരീകരിച്ചത് ഒന്നര വയസുകാരന്!
ഫറോക്ക് നഗരസഭയിലെ കല്ലമ്പാറയിലെ ഒന്നര വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധയുണ്ടായ സാഹചര്യത്തിൽ താലൂക്ക് ആശുപത്രി ആരോഗ്യവിഭാഗം പ്രദേശത്തെ വീടുകളിൽ സൂപ്പർക്ലോറിനേഷൻ നടത്തി. റീജണൽ അനലറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ബാക്ലീരിയ സാന്നിധ്യം സ്ഥിരീകരിച്ചത്. എന്നാൽ അന്തിമ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഇതിനു നാലുദിവസം വേണ്ടിവരും. മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പഠനത്തിന്റെ ഫലം രണ്ടുദിവസത്തിനകം ലഭിക്കും. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നുണ്ട്. നാനൂറോളം വീടുകളിലെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. ഇന്ന് തുടർ മെഡിക്കൽ ക്യാമ്പും പ്രദേശത്ത് നടക്കും. നേരത്തേ ഒൻപതുപേർക്ക് രോഗബാധ കണ്ടെത്തിയ മായനാട് പ്രദേശത്തെ കിണർ വെള്ളം പ്രാഥമിക പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ ഷിഗെല്ല ബാക്ടിരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഇതിനു മുൻപ് കോഴിക്കോട് കോട്ടാംപറമ്പിലെ രണ്ട് കിണറുകളിലെ വെള്ളത്തിൽ ഷിഗെല്ല ബാക്ടീരിയ്യ്ക്ക് സമാനമായ ബാക്ടീരിയയെ കണ്ടെത്തിയതായി പ്രാഥമിക വിവരം. നേരത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പ്രാഥമിക പഠനത്തിൽ വെള്ളത്തിലൂടെയാണ് ഷിഗെല്ല പടർന്നതെന്ന് കണ്ടെത്തിയിരുന്നു. ഇന്ന് പ്രദേശത്ത് വീണ്ടും പ്രത്യേക ഫോളോ അപ്പ് മെഡിക്കൽ ക്യാമ്പ് നടത്താനാണ് ആരോഗ്യ വകുപ്പിൻറെ തീരുമാനം. ഒപ്പം നേരത്തെ കോഴിക്കോട് ജില്ലയിൽ ഷിഗെല്ല രോഗം നിയന്ത്രണത്തിലായെന്ന് ഡിഎംഒ അറിയിച്ചു.
രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ പൂർത്തിയാക്കി. കോട്ടാംപറമ്പിൽ 11 വയസുകാരൻ മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് ജില്ലയിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. ഈ കുട്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ആറ് പേർക്ക് കൂടി പിന്നീട് രോഗം സ്ഥിരീകരിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്ക് നാരങ്ങാ വെള്ളം വിതരണം ചെയ്തിരുന്നു. ഇതിലൂടെയാണ് രോഗ വ്യാപനമുണ്ടായതെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലുള്ളത്.