നല്‍കേണ്ടത് പാലും പഴവും: ഉത്തര്‍പ്രദേശില്‍ ഉച്ചഭക്ഷണം ഉപ്പും ചപ്പാത്തിയും..

Divya John

മിര്‍സാപുര്‍: കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മിര്‍സാപുര്‍ ജില്ലയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പോഷകാഹാര പദ്ധതി പ്രകാരം ഉച്ചഭക്ഷണമായി നല്‍കിയത് ചപ്പാത്തിയും ഉപ്പും. ഇതിന്റെ വിഡിയോദൃശ്യം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ചുമതലക്കാരിയായ അധ്യാപികയെയും ഗ്രാമപഞ്ചായത്ത് സൂപ്പര്‍വൈസറെയും സസ്‌പെന്‍ഡ് ചെയ്തു.

 

സര്‍ക്കാര്‍ സ്‌കൂളിലെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കാണ് ഉച്ചയ്ക്ക് ഉപ്പും ചപ്പാത്തിയും നല്‍കിയത്. സ്‌കൂള്‍ വരാന്തയില്‍ നിരന്നിരിക്കുന്ന കുട്ടികള്‍ യാതൊരു കറികളും ഇല്ലാതെ ചപ്പാത്തി മുറിച്ച് ഉപ്പില്‍ മുക്കി കഴിക്കുന്നത് ദൃശ്യത്തില്‍ കാണാം. ചില ദിവസങ്ങളില്‍ ചോറും ഉപ്പും മാത്രമാണു നല്‍കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. 

 

രാജ്യത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അഭിമാനപദ്ധതിയാണ് ഇത്തരത്തില്‍ അട്ടിമറിക്കപ്പെടുന്നത്. പദ്ധതി പ്രകാരം പ്രതിദിനം ഒരു കുട്ടിക്ക് കുറഞ്ഞത് 450 കലോറിയും 12 ഗ്രാം പ്രോട്ടീനുമുള്ള ഭക്ഷണം നല്‍കണം. വര്‍ഷത്തില്‍ കുറഞ്ഞത് 200 ദിവസവമെങ്കിലും ആഹാരം നല്‍കുകയും വേണം. 

 

ഉത്തര്‍പ്രദേശിലെ ഉച്ചഭക്ഷണ അതോറിറ്റിയുടെ വെബ്‌സൈറ്റിലെ വിവരമനുസരിച്ച് പയര്‍വര്‍ഗങ്ങളും ചോറും ചപ്പാത്തിയും പച്ചക്കറികളുമാണ് കുട്ടികള്‍ക്കു നല്‍കേണ്ടത്. ചില ദിവസങ്ങളില്‍ പാലും പഴങ്ങളും നല്‍കണം. എന്നാല്‍ ഇതൊന്നും കുട്ടികള്‍ക്കു കിട്ടാറില്ലെന്നാണു നാട്ടുകാര്‍ പറയുന്നത്. വല്ലപ്പോഴും മാത്രമാണ് പാല്‍ എത്തുന്നത്. അത് എല്ലാ കുട്ടികള്‍ക്കും വിതരണം ചെയ്യില്ല. വാഴപ്പഴത്തിന്റെ അവസ്ഥയും ഇതുതന്നെയാണെന്നും കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നു. 

 

സംഭവം വിവാദമായതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയെന്നും ഉത്തരവാദികളായ ടീച്ചറെയും ഗ്രാമപഞ്ചായത്ത് സൂപ്പര്‍വൈസറെയും സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം സ്‌കൂളുകളിലെ ഒരു കോടിയിലേറെ കുട്ടികള്‍ക്കാണ് സര്‍ക്കാര്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. 

Find Out More:

Related Articles: