മദ്യക്കുപ്പിയ്ക്ക് വേണ്ടി അച്ഛനെ മർദ്ദിച്ച മകൻ പിടിയിൽ; രതീഷ് കഞ്ചാവുകേസിലെ പ്രതി.
മാവേലിക്കര: വൃദ്ധദിനത്തിൽ അച്ഛനെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ സംഭവത്തിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കേക്കര ഉമ്പര്‍നാട് കാക്കാനപ്പള്ളിയിൽ കിഴക്കതിൽ രതീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുറത്തിക്കാട് പോലീസാണ് ഇയാളെ പിടികൂടിയത്.
താൻ സൂക്ഷിച്ചു വെച്ച മദ്യക്കുപ്പി അച്ഛൻ ഒളിപ്പിച്ചു വെച്ചെന്ന് ആരോപിച്ചായിരുന്നു പിതാവ് രഘുവിനെ രതീഷ് അതിക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തിന്റെ ദൃക്സാക്ഷികളിലൊരാള്‍ എടുത്ത വീഡിയോ പരിസ്ഥിതിപ്രവര്‍ത്തകനായ മുജീബ് റഹ്മാൻ ഗ്രീൻ കേരള എന്ന ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ രതീഷിനെതിരെ വധശ്രമത്തിന് കേസെടുത്തതായി പോലീസ് അറിയിക്കുകയായിരുന്നു. മുൻപ് ഇയാള്‍ മാവേലിക്കരയിൽ ഒരു കഞ്ചാവ് കേസിലും പ്രതിയായിട്ടുണ്ട്.
വീഡിയോയുടെ ഉറവിടം സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രതീഷാണ് പ്രതി എന്ന് മനസ്സിലായത്. അച്ഛൻ രഘുവിനെ അസഭ്യം പറയുന്നതും അടിക്കുന്നതും ചവിട്ടുന്നതുമാണ് വീഡിയോയിലുള്ളത്. കേസെടുത്ത വിവരം അറിഞ്ഞ രതീഷ് ഒളിവിൽ പോയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ചുനക്കരയിൽ പെട്രോള്‍ പമ്പിനു സമീപത്തു നിന്ന് കുറത്തിക്കാട് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കുറത്തിക്കാട് എസ് ഐ എ സി വിപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രതീഷിനെ പിടികൂടിയത്.