ആവണി എന്ന കടുവ മരിച്ചിട്ട് ഒരുവർഷം
13 പേരുടെ ജീവനെടുത്ത നരഭോജി കടുവയെ വെടിവെച്ച് കൊന്നിട്ട് ഇന്നേക്ക് ഒരാണ്ട്. 2018 നവംബര്‍ രണ്ടിനാണ് ആവണി എന്നറിയപ്പെട്ടിരുന്ന പെണ്‍കടുവയെ വിദഗ്ധസംഘം വെടിവെച്ച് കൊന്നത്. യവത്മാല്‍ ജില്ലയിലെ പന്തര്‍കവ്ടയില്‍ 13 പേരെ ആക്രമിച്ച് കൊലപ്പെടുത്തിയതോടെയാണ് ആവണിയെ വെടിവെച്ച് കൊല്ലാന്‍ അധികൃതര്‍ ഉത്തരവിട്ടത്. പന്തര്‍കവ്ട എന്ന ഗ്രാമത്തെ വിറപ്പിച്ച കടുവയെ കൊന്നിട്ട് ഒരാണ്ട് തികയുമ്പോള്‍ വെടിവെച്ച് കൊന്ന ഷഫാത്ത് അലി ഖാന്‍, അഷ്‌കര്‍ അലി ഖാന്‍ എന്നിവരെ ആദരിക്കാനാണ് ഗ്രാമവാസികളുടെ തീരുമാനം.
തങ്ങള്‍ ഭയപ്പെട്ടാണ് ജീവിച്ചതെന്നും 13 പേരാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും ഈയവസരത്തില്‍ കടുവയെ വെടിവെച്ച് കൊന്നവരെ ആദരിക്കുകയാണെന്നും ഗ്രാമവാസികൾ പറയുന്നു.എന്നാൽ ആവണിയെ കൊന്നിട്ട് ഒരുവര്‍ഷം തികയുന്നവേളയില്‍ പ്രാര്‍ഥനകളും അനുസ്മരണങ്ങളുമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുകയാണ് മൃഗസ്‌നേഹികള്‍.എല്ലാ വന്യമൃഗങ്ങളുടെയും നല്ലഭാവിക്കായി പ്രാര്‍ഥനകള്‍ സംഘടിപ്പിക്കുമെന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകനായ ജെറൈല്‍ ബനൈത് പറഞ്ഞു.മൃഗസ്‌നേഹികളുടെ പരിപാടികള്‍ നാഗ്പൂര്‍,മുംബൈ,പൂണെ,ഡല്‍ഹി,ചെന്നൈ,ബെംഗളൂരു,ബിലാസ്പുര്‍,ഗോവ,സില്‍ച്ചാര്‍ എന്നിവിടങ്ങളിലും,വിദേശരാജ്യങ്ങളായ ഫ്രാന്‍സ്,യു.എസ്.എ. എന്നിവിടങ്ങളിലും സംഘടിപ്പിക്കുന്നുണ്ട്.
മാത്രമല്ല ആവണിയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടപ്പോള്‍ അതിനെതിരെ രാജ്യത്തെ മൃഗസ്‌നേഹികള്‍ അന്ന് എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.നരഭോജി കടുവയെ 13 പേരുടെ ജീവനെടുത്തതോടെയാണ് വെടിവെച്ച് കൊല്ലാന്‍ വനംവകുപ്പ് അധികൃതര്‍ ഉത്തരവിട്ടത്. തുടര്‍ന്ന് വന്‍ സജ്ജീകരണങ്ങളുമായി കാട്ടിലിറങ്ങിയ വിദഗ്ധ സംഘം നവംബര്‍ രണ്ടിന് രാത്രിയോടെ കടുവയെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇതിനിടെ ആവണിയെ കൊല്ലരുതെന്ന് ആവശ്യപ്പെട്ട് മൃഗസ്‌നേഹികള്‍ രാജ്യവ്യാപകമായി ഒപ്പുശേഖരണവും പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.ഒപ്പം ആവണി കൊല്ലപ്പെട്ടതോടെ ഒറ്റപ്പെട്ട പെണ്‍ കടുവക്കുഞ്ഞിനെ പിന്നീട് പെഞ്ച് കടുവാ സംരക്ഷണ കേന്ദ്രത്തില്‍ വിട്ടിരുന്നു. എന്നാല്‍ ആവണിയുടെ ആണ്‍ കടുവക്കുഞ്ഞിനെ വനംവകുപ്പ് അധികൃതര്‍ക്ക് കണ്ടെത്താനായിരുന്നില്ല.