കർഷകന്റെ ഐഡിയയിൽ പട്ടി കടുവയായി: ഐഡിയ ഏറ്റെടുത്ത് മറ്റു കർഷകരും
ഇനി നായയ്‌ക്ക് കടുവയായി വിലസാം. കൃഷി നശിപ്പിക്കാൻ എത്തുന്ന കുരങ്ങൻമാരെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയായിരുന്നു കർണാടകയിലെ കർഷകർ. പഠിച്ച പണി പലതും ചെയ്തു നോക്കിയെങ്കിലും വാനരക്കൂട്ടം കൃഷിയിടത്തിൽ വിളവ് നാശിപ്പിക്കല്‍ തുടർന്നു. ഒടുവിൽ അവർ അതിന് പ്രതിവിധിയും കണ്ടെത്തി !
വളർത്തു നായ്ക്കളെ ദേഹത്താകെ വരകളിട്ട്, കടുവയുടെ വേഷം കെട്ടിക്കുകയാണ് കർഷകർ ചെയ്തത്. സംഗതി എന്തായാലും വൻ വിജയമായി. ദിവസവും രണ്ടു നേരം ‘കടുവ നായി’ക്കളെ കൃഷിയിടത്തിലൂടെ നടത്തിച്ച കർഷകർ കുരങ്ങൻമാരെ കെട്ടുകെട്ടിച്ചു.കാപ്പി, അടക്ക കൃഷിയാണ് കർണാടകയിലെ ശിവമൊഗ്ഗയിലെ പ്രധാന വിളകൾ.
പ്രകൃതിക്ഷോഭം വഴിയുണ്ടാകുന്ന വിളനാശത്തിന് പുറമെയായിരുന്നു വാനരക്കൂട്ടത്തിന്റെ കൂട്ടായ ആക്രമണം.പ്രദേശത്തെ കർഷകർ കടുവ പാവകളെല്ലാം കൊണ്ടുവന്ന് സ്ഥാപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
നാല് വർഷം മുമ്പ് ഉത്തര കന്നഡ സന്ദർശിച്ചപ്പോൾ കുരങ്ങുകളെ ഭയപ്പെടുത്തുന്നതിനായി തന്റെ നായയെ വരയ്ക്കാനുള്ള ഈ ആശയം തനിക്ക് ലഭിച്ചതായി ഒരു നായയുടെ ഉടമയായ ഗൗഡ പറഞ്ഞു. ഭട്കലിലെ ഒരു കർഷകൻ കുരങ്ങുകളെ പേടിപ്പിക്കാൻ വ്യാജ കടുവ പാവയാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തി. അതേ തന്ത്രം പരീക്ഷിച്ച അദ്ദേഹം അത് പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കി.
അങ്ങനെയാണ് ശ്രീകാന്ത് ഗൗഡയെന്ന കർഷകൻ തന്റെ വളർത്തു നായയെ കടുവയെ പോലെ അണിയിച്ചൊരുക്കി കൃഷിയിടത്തിലേക്ക് ഇറക്കി വിട്ടത്. സംഗതി വെെകാതെ ഗ്രാമം മുഴുവൻ ഏറ്റെടുക്കുകയായിരുന്നു.