മലയാളികളോട് സഹായം കെഞ്ചി സുഡാനിയിലെ നായകൻ
മികച്ച മലയാള സിനിമക്കുള്ള ദേശീയ പുരസ്കാരമുള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ നേടിയ സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. സൗബിന്‍ അവതരിപ്പിച്ച മജീദ് എന്ന കഥാപാത്രത്തിനൊപ്പം, സാമുവല്‍ എന്ന സുഡുവിനെയും പ്രേക്ഷകര്‍ തീര്‍ച്ചയായും ഓര്‍ത്തുപോകും.
തിയേറ്ററുകളിലും അവാർഡ് വേദികളിലും മികച്ച അഭിപ്രായം നേടിയെങ്കിലും ഈ ചിത്രത്തോടെ അഭിനയത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു സാമുവൽ. ഇപ്പോഴിതാ ഇന്ത്യയിലേക്ക് തിരികെയെത്താൻ ആഗ്രഹം പ്രകടിപ്പിച്ചുള്ള സാമുവലിന്റെ പോസ്റ്റാണ് ചർച്ചയാകുന്നത്. നൈജീരിയയില്‍ തുടരാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചെന്നും സാമുവൽ പോസ്റ്റിൽ പറയുന്നു.
ഇന്ത്യയിൽ താൻ വളരെ സന്തുഷ്ടനും സുരക്ഷിതനുമായിരുന്നെന്നും ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുവെന്നും സാമുവല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. ഹായ് ഗായ്സ്, എനിക്ക് ഇത് ചെയ്യാൻ താൽപ്പര്യമില്ല, പക്ഷേ ഇതല്ലാതെ മറ്റൊരു മാർഗം എന്റെ മുന്നിലില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട വർഷമാണിത്.
കുറച്ച് ആഴ്ചകൾക്ക് മുമ്പ് ഞാൻ വളരെ വിഷാദത്തിലായിരുന്നു, ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു. എനിക്ക് നിരവധി സിനിമ ഓഫറുകൾ വന്നിരുന്നു, പക്ഷേ പല കാരണങ്ങളാൽ അവ നടന്നില്ല. ഇന്ത്യയിലേക്ക് മടങ്ങാൻ ഞാൻ പണം സ്വരൂപിക്കാൻ ശ്രമിക്കുകയാണ്.
നൈജീരിയയിൽ എനിക്ക് കഷ്ടപ്പാടുകളും പ്രയാസങ്ങളും അല്ലാതെ മറ്റൊന്നുമില്ല. എനിക്ക് അറിയാവുന്നവരോടെല്ലാം ഞാൻ പണം ചോദിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. അതിനാൽ ഞാൻ ഇത് ചെയ്യാൻ നിർബന്ധിതനാകുന്നു..
എന്നാലും മരിക്കാൻ ആഗ്രഹമില്ല, ഇത് എന്റെ ഒരേയൊരു മാര്‍ഗമാണ്. ഒരു ലക്ഷം ഇന്ത്യൻ രൂപ ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്. ലാഗോസിൽ നിന്ന് കൊച്ചിയിലേക്ക് വരാനുള്ള വിമാന ടിക്കറ്റിന്റെ വിലയും വിസ ഫീസുമാണിത്. ഇന്ത്യയിൽ എത്തിയതിനുശേഷം എനിക്കൊരു പ്ലാൻ ഉണ്ട്. ഇന്ത്യയിൽ ഞാൻ എല്ലായ്പ്പോഴും വളരെ സന്തുഷ്ടനും സുരക്ഷിതനുമാണ്.
ആരെങ്കിലും എന്നെ സഹായിക്കാൻ തയ്യാറാണെങ്കിൽ, എനിക്ക് ഒരു സന്ദേശം അയയ്ക്കുക അല്ലെങ്കിൽ sraactor@gmail.comൽ എനിക്ക് ഇമെയിൽ ചെയ്യുക. എനിക്ക് നിങ്ങളുടെ സഹായം വളരെ ആവശ്യമാണ്".എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം.