'സാർപട്ടാ പരമ്പരൈ'യിലെ വെമ്പുലി എന്ന കഥാപാത്രം; ജോൺ കൊക്കൻ മനസ്സ് തുറക്കുന്നു! കബാലി, കാല എന്നീ സിനിമകൾ ഒരുക്കിയതിനു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയിൽ ആര്യയ്‌ക്കൊപ്പം പശുപതി, ദുഷാര വിജയൻ, ജോൺ കൊക്കൻ, കലൈയരസൻ, ജോൺ വിജയ്, ഷബീർ കല്ലറയ്ക്കൽ, അനുപമ കുമാർ, കാളി വെങ്കട് തുടങ്ങി നിരവധി താരങ്ങളാണ് ഒരുമിച്ചിരുന്നത്. ചിത്രത്തിൽ ഇടിയപ്പ പരമ്പരയിലെ പ്രധാന ബോക്സറായ വെമ്പുലി എന്ന കഥാപാത്രമായി അഭിനയിച്ചത് ജോൺ കൊക്കനായിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിൽ നിന്ന് തനിക്ക് ലഭിച്ച അവഗണനയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ജോൺ.
ആര്യ നായകനായെത്തിയ പുത്തൻ സിനിമയായ 'സാർപട്ടാ പരമ്പരൈ' അടുത്തിടെ ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങി ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹൻലാൽ നായകനായി അഭിനയിച്ച 'ശിക്കാർ' എന്ന സിനിമയിൽ നിന്ന് തനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ടെന്ന് ജോൺ കൊക്കൻ പറഞ്ഞിരിക്കുകയാണ്. ചിത്രത്തിൽ നല്ലൊരു കാരക്ടറിലേക്കാണ് തന്നെ കാസ്റ്റ് ചെയ്തിരുന്നതെന്നും പക്ഷേ ആരൊക്കെയോ തന്നെ ഒതുക്കിയെന്നും ജോൺ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്. 15 ദിവസത്തേക്കായിരുന്നു എഗ്രിമെൻറ്. പക്ഷേ രണ്ട് ദിവസം ആയപ്പോൾ എൻറെ ഷൂട്ട് കഴിഞ്ഞുവെന്ന് പറഞ്ഞുവിട്ടു.
പക്ഷേ പിന്നീട് വിളിയൊന്നും ഉണ്ടായില്ല. അതിനെപ്പറ്റി ചോദിച്ചപ്പോൾ ഒരാൾ പറഞ്ഞത് ജോൺ കൊക്കന് അഭിനയിക്കാൻ അറിയില്ലെന്ന് അവർ പറഞ്ഞുവെന്നാണ്, അത് വലിയ വേദനയായിരുന്നുവെന്ന് ജോൺ. തുടർന്ന് പൃഥ്വിരാജ് നായകനായ ടിയാൻ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. പക്ഷേ അതിന് കാശ് ഇപ്പോഴും തന്നിട്ടില്ലെന്നും ജോണിൻറെ വാക്കുകൾ. പാ രഞ്ജിത്താണ് തന്നിലെ നടനെ പുറത്തുകൊണ്ടുവന്നതെന്നും അങ്ങനെയാണ് വെമ്പുലി എന്ന ബോക്സർ വേഷം ലഭിച്ചതെന്നും ജോൺ പറഞ്ഞിരിക്കുകയാണ്. മമ്മൂട്ടി നായകനായ 'ലൗ ഇൻ സിംഗപ്പൂർ' എന്ന സിനിമയിലും ജോൺ മുമ്പ് ഒരു ബോക്സറായി എത്തിയിട്ടുണ്ട്.
ചിത്രത്തിൽ ഒടുവിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം ജോണിനെ ഇടിച്ചിടുന്നതായാണുള്ളത്. സാർപട്ടാ പരമ്പരയിൽ കബിലനേയും കൂട്ടരേയും വെല്ലുവിളിക്കുന്ന ബോക്സറായ വെമ്പുലി എന്ന വേഷം ജോൺ വളരെ മികച്ചതായി അവതരിപ്പിച്ചിട്ടുണ്ട്. 2007 മുതൽ സിനിമാലോകത്തുള്ളയാളാണ് ജോൺ കൊക്കൻ. കളഭം എന്ന സിനിമയിലാണ് ആദ്യമായി ജോൺ അഭിനയിച്ചത്. ഐജി, അലക്സാണ്ടർ ദി ഗ്രേറ്റ്, വീരം, ബാഹുബലി ദി ബിഗ്നിങ്, ജനതാ ഗ്യാരേജ്, ടിയാൻ, കെജിഎഫ് ചാപ്റ്റർ 1, മഹർഷി തുടങ്ങി നിരവധി സിനിമകളിൽ മുമ്പ് അഭിനയിച്ചിട്ടുണ്ട് ജോൺ കൊക്കൻ.