ഓപ്പറേഷൻ ജാവയ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ഉടൻ! കലാപരമായും സാമ്പത്തികപരമായും വിജയം നേടിയ ഓപ്പറേഷൻ ജാവയ്ക്ക് ശേഷം തരുൺ മൂർത്തി തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരി ക്കുകയാണ്. മികച്ച അവതരണ രീതി കൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണ് ഓപ്പറേഷൻ ജാവ. സംവിധായകൻ തന്നെ രചനയും നിർവ്വഹിയ്ക്കുന്ന ചിത്രം സെപ്റ്റംബർ 16 ന് കൊത്തിയിൽ ചിത്രീകരണം ആരംഭിയ്ക്കുന്നു. തൊണ്ടി മുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഉർവശി തിയേറ്റേഴ്‌സിന്റെ ബാനറിൽ സന്ധീപ് സേനൻ നിർമിയ്ക്കുന്ന ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. ഓപ്പറേഷൻ ജാവ റിയലിസ്റ്റിക്ക് അവതരണം കൊണ്ട് ശ്രദ്ധ നേടിയ സിനിമയാണ്. അത്തരത്തിൽ വളരെ റിയലിസ്റ്റിക് തന്നെയായിരിയ്ക്കു പുതിയ ചിത്രവും.
കുടുംബ പ്രേക്ഷകരുടേയും യുവത്വത്തിന്റേയും വികാര വിചാരങ്ങളെ സമന്വയിപ്പിച്ചു കൊണ്ട് എല്ലാ വിഭാഗം പ്രേഷകർക്കും സ്വീകാര്യമാകും വിധത്തിലാണ് ഈ ചിത്രത്തിന്റെ അവതരണം. തീരപ്രദേശത്ത് താമസിയ്ക്കുന്ന ഒരു കൂട്ടം സാധാരണക്കാരുടെ കഥയാണ് സിനിമ പറയുന്നത്. ലുക്മാൻ, ബിനു പപ്പു, സുധിക്കോപ്പാ, കൊച്ചിയിലെ പ്രശസ്ത ചവിട്ടുനാടകക്കാരനായ ഐ.ടി. ജോസ്, ഗോകുലൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. നായികാ പ്രാധാന്യമുള്ള ചിത്രത്തിൽ, കേന്ദ്ര നായികയെ അവതരിപ്പിയ്ക്കുന്നത് തീർത്തും പുതുമുഖമായ ദേവി വർമ്മയാണ്.അമ്പിളി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചതിലൂടെ ശ്രദ്ധേയനായ ശരൺ വേലായുധനാണ് തരുൺ മൂർത്തിയുടെ പുതിയ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നതും.
നിഷാധ് യൂസഫ് ചിത്രസംയോജനം നിർവ്വഹിയ്ക്കുന്നു.പ്രശസ്ത സംഗീതഞ്ജരായ റെക്‌സ് വിജയന്റെ പ്രധാന സഹായിയായിരുന്ന പാലി ഫ്രാൻസിസാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പരസ്യ സംവിധായകനായ തരുൺ മൂർത്തിയുടെ ആദ്യ ഫീച്ചർ ചിത്രമായിരുന്നു ഓപ്പറേഷൻ ജാവ. സൈബർ സെല്ലിന്റെ സാധ്യതകളെ കുറിച്ചും അന്വേഷണങ്ങളെ കുറിച്ചുമൊക്കെ പറഞ്ഞ ചിത്രം ഒരു സൈബർ ക്രൈം ഡ്രാമ ഗണത്തിൽ പെടുന്നതായിരുന്നു. കമ്പ്യൂട്ടർ സയൻസ് പ്രൊഫസറായിരുന്ന തരുൺ തന്നെയാണ് തന്റെ ആദ്യ ചിത്ത്രതിന്റെ തിരക്കഥ എഴുതിയതും.
അൻവർ അലിയുടേതാണ് ഗാനങ്ങൾ, കലാസംവിധാനം. - സാബു വിതര, കോസ്റ്റ്യം - ഡിസൈൻ - മഞ്ജുഷാ രാധാകൃഷ്ണൻ, ചമയം - മനു, നിർമ്മാണ നിർവ്വഹണം - ജിനു പി കെ, വാഴൂർ ജോസ്. അതേസമയം ബാലു വർഗ്ഗീസ്, ലുക്മാൻ അവരൻ, ബിനു പപ്പു, ഇർഷാദ്, വിനായകൻ, ഷൈൻ ടോം ചാക്കോ, നമിത ബൈജു തുടങ്ങിയവരുടെ സ്വാഭാവിക അഭിനയവും ഓപ്പറേഷൻ ജാവ എന്ന സിനിമയെ കൂടുതൽ ഭംഗിയുള്ളതാക്കി. തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം പിന്നീട് ഒ ടി ടി പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോൾ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.