രാമനുണ്ണിയും സുജാതയും ആരാധകരെ സ്വന്തമാക്കിയിട്ടു 4 വർഷം! വിമർശകർ പോലും കൈയ്യടിച്ച സമയം! മലയാളത്തിലെ മികച്ച പൊളിറ്റിക്കൽ ത്രില്ലറുകളിലൊന്നായാണ് ഈ ചിത്രത്തെ ആരാധകർ വിശേഷിപ്പിച്ചത്. ചിത്രമൊരുക്കിയത് 14 കോടി മുതൽ മുടക്കിലായിരുന്നു. പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോവുന്നതിനിടയിലായിരുന്നു ദിലീപിന്റെ രാമലീല റിലീസ് ചെയ്തത്. ബോക്‌സോഫീസിൽ നിന്നും മികച്ച വിജയമായിരുന്നു ഈ സിനിമ സ്വന്തമാക്കിയത്. രാമനുണ്ണിയായാണ് ദിലീപ് എത്തിയത്. അപ്രതീക്ഷിത ട്വിസ്റ്റുകളും പ്രവചനാതീതമായ ക്ലൈമാക്‌സുമായിരുന്നു ചിത്രത്തിന്റെ പ്രത്യേകത. രാമലീലയുമായി ദിലീപ് എത്തിയ അതേ ദിവസം തന്നെയാണ് മഞ്ജു വാര്യർ സുജതയായി എത്തിയത്.
ഒരേ ദിവസമായിരുന്നു ഈ രണ്ട് ചിത്രങ്ങളും റിലീസ് ചെയ്തത്. ഈ ചിത്രങ്ങൾ റിലീസ് ചെയ്തിട്ട് 4 വർഷമായിരിക്കുകയാണ്. സുജാതയെന്ന സാധാരണക്കാരിയായുള്ള മഞ്ജു വാര്യരുടെ വരവും ഇതേ ദിവസമായിരുന്നു. തുടക്കം മുതലേ തന്നെ വാർത്തകളിൽ ഇടം നേടിയ സിനിമകളായിരുന്നു രണ്ടും. നവാഗതനായ ഫാന്റെ പ്രവീണായിരുന്നു ഉദാഹരണം സുജാത സംവിധാനം ചെയ്തത്. അരുൺ ഗോപി സംവിധാനം ചെയ്ത ആദ്യ സിനിമയായിരുന്നു രാമലീല. 2 നവാഗത സംവിധായകർ കൂടിയാണ് ഈ ചിത്രങ്ങളിലൂടെ തുടക്കം കുറിച്ചത്. ദിലീപിനും മഞ്ജു വാര്യർക്കും നിർണ്ണായകമായ ദിനമായിരുന്നു 2017 സെപ്റ്റംബർ 28.
രാമനുണ്ണിയുമായി നീണ്ട ഇടവേളയ്ക്ക് ശേഷമായി ദിലീപ് തിരിച്ചെത്തിയത് ഈ ദിവസമായിരുന്നു. നല്ല സിനിമയെ സ്വീകരിക്കുന്ന പ്രേക്ഷകർ ഈ ചിത്രവും ഏറ്റെടുക്കും.വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്നിരുന്ന സ്വപ്‌നമാണ് രാമലീലയിലൂടെ വണിയുന്നത്. അത് പ്രേക്ഷകർക്ക് മനസ്സിലാവുമെന്നായിരുന്നു അരുൺ ഗോപി പറഞ്ഞത്. സംവിധായകന്റെ വാക്കുകളെ ദിലീപ് ആരാധകർ അന്വർത്ഥമാക്കുകയായിരുന്നു. ബഹിഷ്‌ക്കരണ ഭീഷണിയൊന്നും സിനിമയെ ബാധിച്ചിരുന്നില്ല. മികച്ച വിജയം നേടി മുന്നേറിയ ചിത്രം ദിലീപിന്റെ കരിയർ ബ്രേക്കായി മാറിയിരുന്നു. രാമനുണ്ണിയെ മാത്രമല്ല സുജാതയേയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
വീട്ടുജോലി ചെയ്ത് മകളെ വളർത്തുന്ന സുജാതയായുള്ള മഞ്ജുവിൻരെ ഭാവപ്പകർച്ചയ്ക്ക് കൈയ്യടിയുമായാണ് ആരാധകരെത്തിയത്. പതിവിൽ നിന്നും വ്യത്യസ്തമായ കഥാപാത്രത്തെ താരം അങ്ങേയറ്റം മനോഹരമായാണ് അവതരിപ്പിച്ചത്. ചിത്രത്തിൽ മകളായി അഭിനയിച്ചത് അനശ്വര രാജനായിരുന്നു. മംമ്ത മോഹൻദാസും ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തിയിരുന്നു.