സിനിമയെന്ന തൊഴിലിടത്തിൽ എല്ലാവർക്കും സുരക്ഷയും തുല്യതയും ഉറപ്പുവരുത്തുന്ന അനുയോജ്യമായ ഒരന്തരീക്ഷം ഉണ്ടാകണമെന്ന് ഡബ്ലുസിസി! കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം നടന്നതിന് ശേഷം രൂപമെടുത്ത വിമൺ ഇൻ സിനിമ കളക്ടീവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ മൂന്നംഗ സമിതിയെ 2018-ൽ നിയമിച്ചത്. റിട്ടയേർഡ് ജസ്റ്റിസ് കെ ഹേമ, മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സല കുമാരി ഐഎഎസ്, പഴയകാല നടി ശാരദ എന്നിവരുൾപ്പെടെ മൂന്ന് അംഗങ്ങളാണ് സമിതിയിലുണ്ടായിരുന്നത്. ഇപ്പോഴിതാ നടി ശാരദ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്.
ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യങ്ങളെയും മറ്റ് ബന്ധപ്പെട്ട വിഷയങ്ങളെയും കുറിച്ച് പഠിച്ച് പരിഹാരം നിർദേശിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഇതുവരെ പുറത്തുവരാത്തതിനെ തുടർന്ന് അടുത്തിടെ ചില ചർച്ചകൾ സോഷ്യൽമീഡിയയിൽ ഉൾപ്പെടെ നടന്നിരുന്നു. സർക്കാർ എല്ലാ കാര്യങ്ങളും നന്നായി നോക്കുന്നുണ്ട്. റിപ്പോർട്ട് പുറത്തുവിടേണ്ട സമയത്ത് അത് പുറത്തുവിടും, സിനിമാ മേഖലയിൽ സ്ത്രീകളുടെ അവസ്ഥയ്ക്ക് ഈ റിപ്പോർട്ട് വലിയ മാറ്റമുണ്ടാക്കുമെന്നാണ് സൗത്ത് റാപ്പിന് നൽകിയ അഭിമുഖത്തിൽ നടി ശാരദ പറഞ്ഞിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവിടരുതെന്ന നിർദേശം കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
''സിനിമയെന്ന മാധ്യമത്തെ ഹൃദയത്തോട് ചേർത്തുകൊണ്ട് ഞങ്ങൾ ഇവിടെത്തന്നെ ഉണ്ടാകും. ആക്ഷനും കട്ടിനും ഇടയിൽ സംഭവിക്കുന്ന ജീവൻ തുടിക്കുന്ന നിമിഷങ്ങൾ ഞങ്ങൾക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്…അമൂല്യമാണ്! ചിരിയുടെയും കണ്ണീരിന്റെയും പല ഭാവങ്ങളിലൂടെ പ്രേക്ഷകരെ യാത്ര ചെയ്യിപ്പിക്കുന്ന ഈ സ്വപ്നതുല്യമായ മാധ്യമത്തോട് ഞങ്ങൾക്ക് ഒടുങ്ങാത്ത സ്നേഹമാണ് പ്രതിബദ്ധതയാണ്. 'മലയാള സിനിമ' കണ്ടു വളർന്ന പ്രേക്ഷകരെന്ന നിലയിലും, വ്യത്യസ്ത രീതികളിൽ അതിന്റെ ഭാഗമാകുന്നവർ എന്ന നിലയിലും, ഈ ഒരു മാധ്യമത്തോടൊപ്പം ഇനിയും ഏറെ ദൂരം സഞ്ചരിക്കണം എന്ന് തന്നെയാണ് സിനിമയെ സ്നേഹിക്കുന്ന എല്ലാവരെയും പോലെ തന്നെ ഞങ്ങൾക്കും ആഗ്രഹിക്കുന്നത്... അതിനു വേണ്ടി പ്രവർത്തിക്കുന്നത്.
ഇത് പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിൽ ഡബ്ലുസിസി കുറിച്ച വാക്കുകൾ ശ്രദ്ധ നേടിയിരിക്കുകയാണ്. സിനിമയെന്ന തൊഴിലിടത്തിൽ യാതൊരു തരത്തിലുള്ള ലൈംഗിക അതിക്രമങ്ങൾക്കോ, ലിംഗ വിവേചനങ്ങൾക്കോ ഇടയില്ലാത്ത, എല്ലാവർക്കും സുരക്ഷയും തുല്യതയും ഉറപ്പുവരുത്തുന്ന അനുയോജ്യമായ ഒരന്തരീക്ഷം ഉണ്ടാകണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നമ്മുടെ തൊഴിലിടങ്ങൾ വൃത്തിഹീനവും, പ്രൊഫെഷനലും അല്ലാതാകുന്ന സാഹചര്യങ്ങളിൽ, പ്രായോഗികമായ തീരുമാനങ്ങളിലൂടെ അതു പരിഹരിച്ചുകൊണ്ട് ഒരുമിച്ച് മുന്നോട്ടേക്ക് തന്നെ നടക്കാൻ ആണ് ഈ മാധ്യമത്തിന്റെ പല കണ്ണികളായ ഓരോരുത്തരും ശ്രമിക്കുന്നത്, നന്ദി'', ഡബ്ലുസിസി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്.