സിബിഐ 5 ദി ബ്രെയിനും, ഗാന്ധി കുടുംബത്തിൻറെ കൊലപാതകവും തമ്മിലുള്ള ബന്ധമെന്ത്? ജെയിംസ് ബോണ്ട് സിനിമകളിലോ സൂപ്പർ ഹീറോ സിനിമകളിൽ പോലും ഇതുവരെയില്ലാത്ത പ്രത്യേകതയാണിത്. ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിന് ഒരേ നടനും സംവിധായകനും ഒരേ തിരക്കഥാകൃത്തും എന്നത് ലോക സിനിമാ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമാണെന്ന് പറയാം. മാത്രമല്ല മലയാളത്തിൽ ആദ്യമായാണ് ഒരു സിനിമയുടെ അഞ്ചാം ഭാഗം ഇറങ്ങുന്നത്. 34 വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ 'ഒരു സിബിഐ ഡയറിക്കുറിപ്പും' ശേഷം വന്ന 'ജാഗ്രത'യും 'സേതുരാമയ്യർ സിബിഐ'യും നേരറിയാൻ സിബിഐയുമൊക്കെ മലയാള സിനിമാ ലോകത്തെ ക്രൈം ത്രില്ലർ സിനിമകളുടെ ഗണത്തിൽ ഏറെ ജനപ്രിയമായ സിനിമകളാണ്.
ഇതിലെല്ലാം കുറിയും തൊട്ട് കൈയ്യും പിറകിൽ കെട്ടിയുണ്ടായിരുന്ന മെഗാസ്റ്റാർ മമ്മൂട്ടി അന്നത്തെപ്പോലെ ഇന്നും ഒരു മാറ്റവുമില്ലാതെ അഞ്ചാം ഭാഗത്തിലുമുണ്ട്. എന്തൊക്കെയാകും സിബിഐ അഞ്ചാം ഭാഗമായ 'ദി ബ്രെയിൻ' നമുക്കായി കാത്തുവെച്ചിരിക്കുന്നത്. മലയാളത്തിലെന്നല്ല ലോകസിനിമയിൽ തന്നെ അപൂർവ്വതയായൊരു കാര്യം മലയാളത്തിൽ ഏപ്രിൽ അവസാന വാരത്തിൽ നടക്കാൻ പോവുകയാണ്. സൂപ്പർ ഹിറ്റായ ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിൻറെ റിലീസ്. ഈ അഞ്ച് സിനിമയുടേയും പിന്നിൽ ഒരേ തിരക്കഥാകൃത്തും സംവിധായകനും നടനും എന്ന സവിശേഷതയും.രാധാ വിനോദ് രാജിൻറെ മരണത്തിന് ശേഷം വന്ന പല പത്ര റിപ്പോർട്ടുകളിലും ഇത് പരാമർശിരുന്നു.
മട്ടാഞ്ചേരി സ്വദേശിയായ രാധാ വിനോദ് രാജു ഒരു ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. ജമ്മു കശ്മീർ കേഡർ ബാച്ചായി പോലീസ് സർവീസിൽ ചേർന്ന അദ്ദേഹം എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ എംഎസ്‌സി നേടിയയാളാണ്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ പോലീസ് സൂപ്രണ്ടായിട്ടായിരുന്നു ആദ്യ നിയമനം. ശേഷം എറണാകുളത്തെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ (സിബിഐ) എസ്പിയായി എത്തി. 1988-ൽ തിരക്കഥാകൃത്ത് എസ്.എൻ സ്വാമി സിബിഐ സീരീസിലെ ആദ്യ സിനിമയായ ഒരു സിബിഐ ഡയറിക്കുറിപ്പിന് കഥയൊരുക്കിയപ്പോൾ പ്രധാന കഥാപാത്രമായ സേതുരാമ അയ്യർ എന്ന കഥാപാത്രത്തിന് പ്രചോദനമായത് രാധാ വിനോദ് രാജ് എന്നൊരു ഉദ്യോഗസ്ഥനാണെന്നാണ് പറയപ്പെടുന്നത്.
അതിനുശേഷം ജമ്മു കശ്മീരിൽ ഡിഐജിയായി സേവനമനുഷ്ഠിച്ചിട്ടുമുണ്ട്. ജമ്മു കശ്മീരിലെ വിജിലൻസ് ഡിപ്പാർട്ട്‌മെൻറിൻറേയും ഡയറക്ടർ ജനറലായിരുന്നു . ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസിയുടെ ആദ്യ മേധാവിയായി പിന്നീട് അദ്ദേഹം നിയമിതനായിട്ടുണ്ട്. 1991-ൽ രാജീവ് ഗാന്ധിയുടെ ഘാതകരെ കണ്ടെത്തിയ പ്രത്യേക അന്വേഷണ സംഘം തലവനായിരുന്നു അദ്ദേഹം. കാണ്ഡഹാർ വിമാനം റാഞ്ചൽ, പുരുലിയ ആയുധം താഴെയിറക്കൽ എന്നീ സുപ്രധാന കേസുകളും അദ്ദേഹത്തിൻറെ സേവന ചരിത്രത്തിലുണ്ട്. കേരളത്തിൽ സിബിഐ ഉദ്യോഗസ്ഥനായി ജോലി ചെയ്ത സമയത്ത് പോളക്കുളം കൊലക്കേസ്, പാനൂർ എസ്‌ഐ സോമൻ വധക്കേസ്, അഗസ്റ്റിൻ വധക്കേസ്, സുജാത വധക്കേസ് തുടങ്ങി കേരള പോലീസ് ചരിത്രത്തിലെ സുപ്രധാന കേസുകൾ അദ്ദേഹം അന്വേഷിച്ചിട്ടുമുണ്ട്. സിബിഐ രണ്ടാം ഭാഗത്തിൽ ഒരു നടിയുടെ മരണവുമായി ബന്ധപ്പെട്ട കേസായിരുന്നു പ്രമേയം.
മൂന്നാം ഭാഗത്തിലെ പ്രമേയത്തിൽ വിവാദമായ ആലുവ കൊലക്കേസുമായി ചില വിദൂര സാമ്യതകളുമുണ്ടായിരുന്നു. ആചാരങ്ങളും മറ്റുമായി ബന്ധപ്പെട്ടുള്ളതും പ്രേതപ്പേടി മുതലെടുത്തുമുള്ള കുറ്റകൃത്യങ്ങളുടെ അവതരണമായിരുന്നു നേരറിയാൻ സിബിഐ എന്ന നാലാം ഭാഗത്തിലുണ്ടായിരുന്നത്. കറതീർന്ന അന്വേഷണത്തിലൂടെ സേതുരാമയ്യർ രഹസ്യങ്ങളുടെ ചുരുളഴിക്കുന്നതായിരുന്നു ഈ സിനിമകളുടെയൊക്കെ വിജയത്തിൻറെ ഘടകം. ഈ സിനിമകളുടെയൊക്കെ വലിയ വിജയമാണ് 2005ന് ശേഷം ഇത്രയും വർഷങ്ങൾ കഴിഞ്ഞ് സിനിമയ്ക്ക് അഞ്ചാം ഭാഗമൊരുക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
‘സഞ്ജയ് ഗാന്ധി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി. ഗാന്ധി കുടുംബത്തിലെ മരണങ്ങൾ. നമുക്ക് അറിയുന്നതിലും അപ്പുറമുണ്ടോ ആ മരണങ്ങളിൽ...’ അടുത്തിടെ സിബിഐ 5 ദി ബ്രെയിൻ ടീസർ പുറത്തിറങ്ങിയപ്പോൾ ഏറെ ശ്രദ്ധ നേടിയ ഡയലോഗാണിത്. ഇതുവരെ കണ്ടിട്ടില്ലാത്ത കൊലപാതക രീതികളും അന്വേഷണവുമാകും സിനിമയുടേതെന്ന് എസ് എൻ സ്വാമി മുമ്പ് പറഞ്ഞിട്ടുമുണ്ട്. രാജീവ് ഗാന്ധി കൊലക്കേസുമായി സിനിമയുടെ പ്രമേയത്തിന് ബന്ധമുണ്ടോ എന്ന രീതിയിലുള്ള ചർച്ചകളും ഇതോടെ സോഷ്യൽമീഡിയയിൽ ആരംഭിച്ചിട്ടുണ്ട്. ബാസ്‌കറ്റ് കില്ലിംഗ് എന്ന തീം മുൻനിർത്തിയായിരിക്കും സിബിഐ ഫൈവ് എന്ന് സ്വാമി മുമ്പൊരിക്കൽ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.