പരാതിക്കാരിയായ നടിയെ പല നമ്പറുകളിൽ നിന്ന് വിളിച്ച് സ്വാധീനിക്കാൻ നടൻ വിജയ് ബാബു ശ്രമിച്ചു! സിനിമാരംഗത്ത് നടിയുമായി ബന്ധപ്പെട്ട ചിലരെ സ്വാധീനിച്ച് പരാതിയിൽ നിന്ന് നടിയെ പിന്തിരിപ്പിക്കാൻ വിജയ് ബാബു ശ്രമിക്കുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. തനിക്കെതിരെ പീഡന പരാതി നൽകിയ യുവനടിയെ പരിചയമില്ലാത്ത ചില നമ്പറുകളിൽ നിന്നും ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബു ശ്രമം നടത്തുന്നതായുള്ള സാക്ഷിമൊഴികൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇയാളെ അറസ്റ്റ് ചെയ്യാൻ കോടതിയിൽ നിന്ന് വാങ്ങിയ വാറൻറ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കഴിഞ്ഞ ദിവസം പോലീസ് കൈമാറി.
അഡീഷണൽ സി.ജെ.എം. കോടതിയിൽ നിന്ന് വാങ്ങിയ വാറൻറാണ് ആഭ്യന്തര മന്ത്രാലയത്തിന് നൽകിയിട്ടുള്ളത്. ഈ വാറൻറ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി ഇൻറർപോളിനും ദുബായ് പോലീസിനും ഇനി കൈമാറും. വിജയ് ബാബുവിനെതിരേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായാണിത്. ദുബായിയിൽ ഇയാൾ എവിടെയാണെന്ന് കണ്ടെത്തി അറിയിക്കുന്നതിനാണ് വാറൻറ് ദുബായ് പോലീസിന് നൽകുന്നത്. മറുപടി ലഭിച്ചാലുടൻ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ ശ്രമം നടത്തുമെന്നും സൂചന ലഭിച്ചിട്ടുണ്ട്. ഒരു സിനിമയിൽ അവസരം നൽകിയതുമായി ബന്ധപ്പെട്ട് തന്നെ പലതവണ പീഡിപ്പിച്ചതായി കാണിച്ചാണ് നടി വിജയ് ബാബുവിനെതിരെ പരാതി നൽകിയിട്ടുള്ളത്.
എന്നാൽ ദുബായിൽ ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെ ഇതുവരെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല. വിദേശ മുതൽമുടക്കുള്ള ഒടിടി പ്ലാറ്റ്ഫോമുകൾ സ്ത്രീപീഡനക്കേസിലെ പ്രതികൾക്ക് പങ്കാളിത്തമുള്ള സിനിമകൾ വിലയ്ക്കു വാങ്ങി പ്രദർശിപ്പിക്കാത്തതിനാൽ ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഒടിടി കമ്പനികളുടെ ഇന്ത്യൻ പ്രതിനിധികൾക്കും വിദേശ ഉടമകൾക്കും വാറൻറിൻറെ പകർപ്പ് കൈമാറാനുള്ള നിയമോപദേശവും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
വിജയ് ബാബു നിർമ്മിച്ച സൂഫിയും സുജാതയും, ഹോം തുടങ്ങിയ സിനിമകൾ ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തിരുന്നത്. ഇൻറർപോളിൻറെ വെബ്സൈറ്റിൽ വിജയ്ബാബുവിൻറെ ചിത്രം അടക്കം കേസിൻറെ വിവരങ്ങൾ വരും ദിവസങ്ങളിൽ നൽകുന്നതാണ്. ഇതോടെ വിജയ് ബാബു നിർമ്മാണ പങ്കാളിയായിട്ടുള്ള ഒടിടി ചിത്രങ്ങളെയും കേസ് ബാധിക്കും.