ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡിയർ ഫ്രണ്ടി'നൊപ്പം വിനീത് കുമാർ എത്തുന്നു!

Divya John
 ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡിയർ ഫ്രണ്ടി'നൊപ്പം വിനീത് കുമാർ എത്തുന്നു! വെള്ളാരം കണ്ണുകളുമായി സിനിമാ നായക നിരയിലേക്ക് വന്ന വിനീത് കുമാർ ഇപ്പോൾ സിനിമ സംവിധായകനും തിരക്കഥാകൃത്തും ഒക്കെയാണ്. 2015 ൽ പുറത്തിറങ്ങിയ അയാൾ ഞാനല്ല എന്ന ചിത്രത്തിന് ശേഷം വിനീത് സംവിധാനം ചെയ്ത ഡിയർ ഫ്രണ്ട് എന്ന സിനിമ ജൂൺ 10 ന് തിയേറ്ററുകളിൽ എത്തുകയാണ്. സിനിമയുടെ വിശേഷങ്ങൾ വിനീത് സമയം മലയാളവുമായി പങ്കുവച്ചു. വടക്കൻ വീരഗാഥയിൽ 'കുഞ്ഞു ചന്തു'വായി വന്ന നടൻ അല്ല ഇപ്പോൾ വിനീത് കുമാർ. അയാൾ ഞാനല്ല എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലിനൊപ്പം ഞാൻ മറ്റൊരു സിനിമ പ്ലാൻ ചെയ്തിരുന്നു. ഒരു തിരക്കഥ വരികയും, അത് ഫഹദിനും താത്പര്യം ഉണ്ടാവുകയും ചെയ്തിരുന്നു.






  എന്നാൽ തിരക്കഥ എഴുതി വന്നപ്പോൾ, ആ സിനിമ അപ്പോൾ ചെയ്യേണ്ടതല്ല എന്ന് തോന്നിയത് കൊണ്ട് മാറ്റി വച്ചതാണ്. അതിന് ശേഷം മറ്റൊരു പ്രൊഡക്ഷൻ ഹൗസുമായി വേറൊരു സിനിമ കമ്മിറ്റ് ചെയ്തിരുന്നു. അതിന്റെ പ്രി പ്രൊഡക്ഷൻസ് എല്ലാം തുടങ്ങിയപ്പോഴാണ് കൊവിഡ് വന്നത്. ഒരു മൂന്ന് വർഷം അങ്ങിനെ പോയി. രണ്ട് വർഷത്തിന് മുൻപ് ആണ് ഡിയർ ഫ്രണ്ട് എന്ന സിനിമ എന്റെ അടുത്ത് വരുന്നത്. ഷൈജു ഖാലിദും സമീർ താഹിറും ആഷിഖ് ഉസ്മാനും പ്രൊഡ്യൂസ് ചെയ്യാനും ഷൈജു ഖാലിദ് ക്യാമറ ചെയ്യാനും ഒക്കെയായി, രണ്ട് വർഷത്തോളമായി ഈ സിനിമയിലേക്ക് ഇറങ്ങിയിട്ട്. കൊവിഡും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളുമൊക്കെയായി നീണ്ടു പോകുകയായിരുന്നു. സത്യത്തിൽ അയാൾ ഞാനല്ല എന്ന ചിത്രത്തിന് ശേഷം രണ്ട് വർഷത്തെ ഗ്യാപ്പ് കഴിഞ്ഞ് അടുത്ത സിനിമ ചെയ്യാം എന്നായിരുന്നു പ്ലാൻ. പക്ഷെ നീണ്ടു പോയത് കാരണം എഴുത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചു.






   അങ്ങനെ മാറ്റി വച്ച സിനിമകൾ എല്ലാം ഇപ്പോൾ ഓരോന്ന് ആയി തുടങ്ങും. കൊവിഡിന് മുൻപുള്ള ഒരു സിനിമയുടെ പ്രി പ്രൊഡക്ഷൻ നടക്കുമ്പോഴാണ് അർജ്ജുൻ എന്നെ വിളിച്ച് കാണണം എന്ന് പറയുന്നത്. അതിന് മുൻപ് എനിക്ക് അർജ്ജുനെ യാതൊരു പരിചയവും ഇല്ല. തന്മാത്ര എന്ന ചിത്രത്തിൽ അർജ്ജുൻ ചെയ്ത കഥാപാത്രവും സിനിമയും എനിക്ക് വളരെ ഇഷ്ടമായിരുന്നു. ഫേസ്ബുക്കിലൂടെയാണ് അർജ്ജുൻ എനിക്ക് ആദ്യമായി മെസേജ് അയക്കുന്നത്. അങ്ങനെയാണ് ഞങ്ങൾ നമ്പർ കൈമാറിയത്. പിന്നീട് ഞങ്ങൾ നേരിൽ കണ്ട് സംസാരിച്ചു. കുറേക്കാലം ബാഗ്ലൂരിൽ ജീവിച്ച ആളാണ് അർജ്ജുൻ. ആ ജീവിതത്തിലെ ചില അനുഭവങ്ങളിൽ നിന്ന് ഉണ്ടാക്കിയ ഒരു കഥ പറയാനുണ്ട് എന്ന് പറഞ്ഞാണ് തുടങ്ങിയത്. തുടക്കം മുതൽ അവസാനം വരെ ഉള്ള ഒരു കഥ ആയിരുന്നില്ല, പക്ഷെ രണ്ട് രണ്ടര മണിക്കൂർ എടുത്ത് വളരെ വിശദീകരിച്ച് ആണ് അർജ്ജുൻ കഥ പറഞ്ഞത്. 







  അപ്പോൾ തന്നെ ആ കഥയിൽ ഒരു സിനിമ ഉണ്ട് എന്ന് എനിക്ക് മനസ്സിലായിരുന്നു. പക്ഷെ അപ്പോഴുള്ള എന്റെ കമ്മിറ്റ്‌മെന്റുകൾ കാരണം എനിക്ക് കുറച്ച് സമയം വേണം എന്ന് ഞാൻ അർജ്ജുനോട് പറഞ്ഞു. തുടർന്ന് ഞാനും അർജ്ജുനും ഷറഫു - സുഹാസിന്റെ അടുത്ത് പോയി കഥ പറഞ്ഞു. അവരും അങ്ങനെ സിനിമയുടെ ഭാഗമായി (തിരക്കഥ). ഷൈജു ഖാലിദ് ഡിഒപി വേണം എന്ന എന്റെ ആഗ്രഹവും ഞാൻ പറഞ്ഞിരുന്നു. അതിന്റ അടിസ്ഥാനത്തിൽ ഷൈജു ഖാലിദിനോടും കഥ പറഞ്ഞു. പിന്നീട് ഞങ്ങൾ തന്നെ പ്രൊഡ്യൂസ് ചെയ്യാം എന്ന് പറഞ്ഞ് ഷൈജു ഖാലിദ് - സമീർ താഹിർ- ആഷിഖ് ഉസ്മാൻ ടീം വരികയായിരുന്നു. പ്രൊഡക്ഷനിൽ അവർ വന്നതോടെ പിന്നെ എല്ലാം ഈസിയായിരുന്നു.

Find Out More:

Related Articles: