മലയാളത്തിലേക്ക് പുതിയതായി ഒരു സംവിധായിക കൂടെ! സെൻ്റ് ജോർജ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങോടെയാണ് തുടക്കം കുറിച്ചത്.ബീ ത്രീ എം..കിയേഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ഫാ. മാത്യു അമ്പഴത്തുങ്കലിൻ്റെ പ്രാർത്ഥന യോടെയാണ് തുടക്കമിട്ടത്. നിർമ്മാതാക്കളായ നോബിൻ മാത്യു മിനു തോമസ്, പ്രമോദ് മാട്ടുമ്മൽ എന്നിവർ ആദ്യ ഭദ്രദീപം തെളിയിച്ചു. തുടർന്ന് നടൻ വിജയരാഘവൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. മലയാളത്തിൽ പുതുതായി ഒരു വനിത സംവിധായിക കൂടി എത്തുകയാണ്. പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫി സേവ്യർ സംവിധായികയാകുന്ന ആദ്യ ചിത്രത്തിൻ്റെ ചിത്രീകരണം കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്തുള്ള വയലായിൽ ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ ഒരു യാഥാസ്ഥിതിക നായർ തറവാടിനെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഓരോ കുടുംബത്തിലും പ്രശ്നങ്ങളുണ്ട്. നമ്മടെ ഓരോരുത്തരുടേയും ഇടയിലും പ്രശ്നങ്ങളുണ്ട്. അതിനെ എങ്ങനെ തരണം ചെയ്യുന്നുവെന്നതാണ് ഓരോ കുടുംബത്തിൻ്റേയും മുന്നോട്ടുള്ള ഗതിവിഗതികളെ നിയന്ത്രിക്കുന്നത്, അതാണ് സിനിമയുടെ പ്രമേയം. ഷറഫുദ്ദീനും രജീഷാ വിജയനും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി. ആദ്യ ഷോട്ടിൽ ബിജു സോപാനമാണ് ആഭിനയിച്ചത്. ചലച്ചിത്ര പ്രവർത്തകർ, ബന്ധുമിത്രാദികൾ തുടങ്ങിയ നിരവധിപേരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങുകൾ അരങ്ങേറിയത്. ഇനിയും താമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രത്തിൻ്റെ ടൈറ്റിൽ അടുത്തു തന്നെ പ്രഖ്യാപിക്കുമെന്ന് സംവിധായിക സ്റ്റെഫി സേവ്യർ പറഞു. സംവിധാനം ഏറെക്കാലമായി ആഗ്രഹിച്ചിരുന്നു. അതിനുള്ള ഹോംവർക്കുകൾ നടത്തിപ്പോന്നിരുന്നു.
അത് ഈ ദിവസം പ്രാവർത്തികമാക്കുന്നു, എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം. സ്റ്റെഫി പറഞ്ഞു. ഷറഫുദ്ദീൻ നായകനാകുന്ന ഈ ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. രജീഷാ വിജയനും, ആർഷാ ബൈജുവും. വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദനുണ്ണി അസ്സോസ്സിയേറ്റ്സ് എന്ന ചിത്രത്തിലെ നായികയാണ് ആർഷ. പതിനെട്ടാംപടി എന്ന സിനിമയിലും ആവറേജ് അമ്പിളി എന്ന വെബ് സീരീസിലും അഭിനയിച്ചിരുന്നു. വിജയരാഘവൻ, സൈജു കുറുപ്പ് ,അൽത്താഫ് സലിം ,ബിജു സോ പാനം. ബിന്ദു പണിക്കർ സുനിൽ സുഗത എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം ഓഡിയേഷനിലൂടെ തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.