അവൻ വരുന്നു, ഡബിൾ മോഹനൻ! കയ്യിൽ മൂർച്ചയേറിയ കോടാലിയും തോളിൽ ചുരുട്ടിയിട്ടിരിക്കുന്ന കയറുമായി അലസഭാവത്തിൽ പിന്നിലേക്ക് പറക്കുന്ന ചുരുണ്ട മുടിയും പിരിച്ചുവെച്ച മീശയും. ലക്ഷണമൊത്തെ വിലായത്ത് ബുദ്ധ ചന്ദനമരത്തിനായി അവൻ വരുന്നു, ഡബിൾ മോഹനൻ. ഷൂട്ടിംഗ് ആരംഭിച്ച വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൽ പൃഥ്വിയുടെ പുത്തൻ മേക്കോവറാണ് ചന്ദനക്കടത്തുകാരനായ ഡബിൾ മോഹൻ. ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ധീപ് സേനനാണ് ചിത്രം നിർമിക്കുന്നത്. എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപൻ്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചന്ദന മരങ്ങളുടെ പറുദീസയെന്നു വിശേഷിപ്പിക്കാവുന്ന മറയൂരിലാണ് നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയുടെ ചിത്രീകരണം ആരംഭിച്ചത്.ഡബിൾ മോഹൻ എന്ന കുപ്രസിദ്ധ ചന്ദന ക്കൊള്ളക്കാരനായി പ്രഥ്വിരാജ് കരിയറിലെ ഏറെ വ്യത്യസ്തമായ കഥാപാത്രവുമായി ചിത്രത്തിലെത്തുന്നു. ഭാസ്ക്കരൻ മാഷ് എന്ന കഥാപാത്രമായി കോട്ടയം രമേശും എത്തുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കോശിയും ഡ്രൈവർ കുമാരനും മറ്റൊരു പകർന്നാട്ടത്തിനു ഈ ചിത്രം വേദിയൊരുക്കുന്നു. അനു മോഹൻ, ഷമ്മി തിലകൻ, രാജശ്രീ നായർ എന്നിവർക്കൊപ്പം ടി.ജെ. അരുണാചലം എന്ന തമിഴ് നടനും ഈ ചിത്രത്തിൽ പ്രധാനത്തിലെത്തുന്നു. തൊട്ടപ്പൻ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ പ്രിയംവദ കൃഷ്ണനാണു നായിക.
മമ്മൂട്ടി ചിത്രം റോഷാക്കിലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചതിനു ശേഷമാണ് പ്രിയംവദ വീണ്ടും നായികയായി എത്തുന്നത്. മറയൂരിലെ ലക്ഷണമൊത്ത ചന്ദന മരത്തെച്ചൊല്ലി നടത്തുന്ന യുദ്ധത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണയവും രതിയും പകയും സംഘർഷം തീർക്കുന്ന പശ്ചാത്തലത്തിലൂടെയാണ് കഥയുടെ പുരോഗതി. അയ്യപ്പനും കോശിയ്ക്കും ശേഷം സംവിധായകൻ സച്ചി സംവിധാനം ചെയ്യാനിരുന്ന പ്രോജക്ടാണ് അദ്ദേഹത്തിന്റെ നിര്യാണത്തിനെ തുടർന്ന് ജയൻ നമ്പ്യാരുടെ ചിത്രമായി മാറുന്നത്. പൃഥ്വിരാജ്, സച്ചി തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന ജയൻ നമ്പ്യാർ സ്വതന്ത്ര സംവിധായകനാവുകയാണ് ചിത്രത്തിലൂടെ.
കന്നട ചിത്രമായ 777 ചാർളി, ഏറെ ശ്രദ്ധ നേടിയ കാന്താര എന്നീ ചിത്രങ്ങൾക്കു കാമറ ചലിപ്പിച്ച അരവിന്ദ് കശ്യപാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജെയ്ക്ക് ബിജോയ്സ് നിർവഹിക്കുന്നു. ഇന്ദുഗോപന്റെ തന്നെ തിരക്കഥയിലൊരുക്കിയ കാപ്പായാണ് പൃഥ്വിരാജ് ഇപ്പോൾ പൂർത്തിയാക്കിയത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ കഥയാണ് പറയുന്നത്. ചിത്രത്തിൽ കൊട്ട മധു എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്. ഇന്ദുഗോപന്റെ സിനിമകളിലൂടെ കട്ട ലോക്കൽ കഥാപാത്രങ്ങളായാണ് പൃഥ്വിരാജ് ഇനി വെള്ളിത്തിരയിലെത്തുന്നത്.