നടൻ ടോവിനോയുടെ പത്ത് വർഷങ്ങൾ! സിനിമ വ്യവസായത്തിലും സമൂഹ മാധ്യമങ്ങളിലും ഏറെ വിലയും ജനപിന്തുണയുമുള്ള താരമെന്നതും ടോവിനോയുടെ വിശേഷണമാണ്. ഒരു സിനിമാ പാരമ്പര്യവുമില്ലാത തൻ്റെ കഠിന പ്രയത്നത്തിലൂടെയാണ് ഇന്ന് ടോവിനോ നേടിയിരിക്കുന്ന വിജയങ്ങളെല്ലാം സ്വന്തമാക്കിയിട്ടുള്ളത്. നടന്നു നടന്നു നടനായെന്നുള്ള പഴയ വിശേഷണം ടോവിനോയ്ക്കും അനുയോജ്യമാണ്. സിനിമ സ്വപ്നം കണ്ട് ഉറങ്ങിയും ഉണർന്നും അയാൾ തൻ്റെ പ്രയത്നം തുടർന്നുകൊണ്ടേയിരുന്നു. വിജയ പരാജയങ്ങളൊന്നും തന്നെ അയാളെ ഭ്രമിപ്പിക്കുകയോ പിടിച്ചു നിർത്തുകയോ ചെയ്തില്ല. ഇന്നും തൻ്റെ കുറവുകളും കഴിവുകളും തിരിച്ചറിഞ്ഞ് പ്രയത്നിക്കുകയാണ്. ഒരു സിനിമ ബെൽറ്റിലോ, കൂട്ടുകെട്ടിലോ മാത്രം തളയ്ക്കപ്പെടാതെ പരീക്ഷണങ്ങൾക്കും പുതുമകൾക്കും പിന്നാലെ തൻ്റെ സിനിമാ സഞ്ചാരം അയാൾ യാഥാർഥ്യമാക്കുന്നു.
ഇരിഞ്ഞാലക്കുടയിലെ അഭിഭാഷകനായ ഇല്ലിക്കൽ തോമസ്- ഷീല ദമ്പതികളുടെ മകന് സിനിമ എന്നത് സ്വപ്നമായിരുന്നു എന്നും. പഠനത്തിനു ശേഷം സോഫ്റ്റ് വെയർ എൻജിനീയർ ജോലി ഉപേഷിച്ചാണ് സിനിമയ്ക്കു പിന്നാലെയുള്ള യാത്ര യാഥാർഥ്യമാക്കിയത്. തൻ്റെ ആകാര മികവിലുള്ള ആത്മ വിശ്വാസം മോഡലിംഗ് രംഗത്തിലൂടെ സിനിമയിലേക്കു വാതിൽ തുറന്നു കിട്ടുമെന്നു പ്രതീക്ഷിച്ചു. അങ്ങനെയാണ് സജീവ് അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിൻ്റെ മക്കൾ എന്ന ചിത്രത്തിലൂടെ മലയാളത്തിൻ്റെ വെള്ളിത്തിരയിലെത്തുന്നത്. 2012 ജനുവരിയിലാണ് കാമറക്കു മുന്നിൽ ടോവിനോ ആദ്യമായി കഥാപാത്രമാകുന്നത്. ചിത്രം ഒക്ടോബർ 26 ന് തിയറ്ററിലെത്തി. ശക്തമായ പ്രമേയം പറഞ്ഞ ചിത്രം ബോക്സോഫീസിൽ തിളങ്ങിയില്ലെങ്കിലും സിനിമയിലേക്കുള്ള വാതിൽ തുറക്കുകയായിരുന്നു. സംവിധായകനും നടനുമായ രൂപേഷ് പീതാംപരനുമായുള്ള സൗഹൃദം സിനിമ മേഖലയിൽ തന്നെ അയാളെ നിലനിർത്തി. ദുൽഖർ സൽമാനെ നായകനാക്കി രൂപേഷ് സംവിധാനം ചെയ്ത തീവ്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ചു.
ദുൽഖറിനെ നായകനാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡി എന്ന ചിത്രത്തിലെ അഖിലേഷ് വർമ എന്ന രാഷ്ട്രീയക്കാരൻ്റെ വേഷമാണ് ടോവിനോയുടെ മേൽവിലാസം മലയാളത്തിൽ കുറിക്കുന്നത്. ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രം പുതിയൊരു നടൻ്റെ പിറവിയായിരുന്നു. എബിസിഡിയാണ് പൃഥ്വിരാജ് നായകനായ സെവൻത് ഡേയിലേക്കുള്ള കഥാപാത്രത്തിലേക്കു വഴി തെളിച്ചത്. അതു ടോവിനോ തോമസ് എന്ന നടൻ്റെ കരിയറിൽ ടേണിംഗ് പോയിൻ്റായി. അതേ വർഷം മോഹൻലാലിനൊപ്പം കൂതറ എന്ന ചിത്രത്തിൽ സ്ക്രീൻ പ്രെസൻസ് പങ്കിട്ടതും താരമൂല്യമുള്ള നായകനിലേക്കുള്ള വളർച്ചയായിരുന്നു. രൂപേഷ് പീതാംപരൻ സംവിധാനം ചെയ്ത യൂ ടൂ ബ്രൂട്ടസിൽ സ്വന്തം പേരിൽ തന്നെ കഥാപാത്രമായും എത്തി. പൃഥ്വിരാജുമായുള്ള സൗഹൃദം പിന്നീടുള്ള ടോവിനോയുടെ സിനിമ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. പൃഥ്വിരാജിൻ്റെ കരിയറിലെ നിർണായ ചിത്രമായിരുന്നു 2015 ൽ പുറത്തിറങ്ങിയ എന്നു നിൻ്റെ മൊയ്തീൻ.
ചിത്രത്തിൽ പെരുംപറമ്പിൽ അപ്പു എന്ന കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിച്ചത്. കാഞ്ചനമാലയെ ദൂരെ നിന്നു പ്രണയിച്ച തോറ്റു പോയ നായകനായിരുന്നു അപ്പു. കാഞ്ചനയുടെ മനസറിയുന്ന അപ്പു പിന്നീട് വീട്ടുകാരുടെ എതിർപ്പു പോലും വകവെയ്ക്കാതെ കാഞ്ചനയ്ക്കും മൊയ്തീനും പിന്തുണ നൽകി. നഷ്ട പ്രണയത്തിൻ്റെ എല്ലാ ഭാവങ്ങളും വെള്ളിത്തിരയിൽ പകർന്ന ടോവിനോ മലയാളി പ്രേക്ഷകരുടെ മനസിലേക്കും ഇടം നേടുകയായിരുന്നു അപ്പുവിലൂടെ. അതിനു പിന്നാലെ ചാർളി, സ്റ്റൈൽ എന്നീ ചിത്രങ്ങളിലും കഥാപാത്രമായെത്തി. 2016 ലാണ് ടോവിനോയെ നായകനാക്കി നവാഗതനായ ജോൺപോൾ ജോർജ് സംവിധാനം ചെയ്ത ഗപ്പി തിയറ്ററിൽ എത്തിയത്. ബോക്സോഫീസിൽ ഒരു ചലനവും സൃഷ്ടിക്കാതിരുന്ന ചിത്രം ഡിവിഡി റിലീസായതോടെയാണ് തരംഗമായി മാറിയത്. ആദ്യമായി തിയറ്ററിൽ പരാജയപ്പെട്ട ഒരു ചിത്രം മലയാള സിനിമ ലോകത്ത് വലിയ ചർച്ചകൾ സൃഷ്ടിച്ചു. ചിത്രത്തിലെ എൻജിനീയർ തേജസ് വർക്കിയെെ പ്രേക്ഷകർ ഏറ്റെടുത്തു. അതോടെ ടോവിനോയുടെ ആദ്യ നായക വേഷം മലയാളികളുടെ മനസിലേക്ക് ഇടംനേടി.
അത് ഒരു നായകൻ്റെ ജനനമായിരുന്നു. ചെറിയ മീനായി എത്തിയ ഗപ്പിയിൽ നിന്നും ഇന്നത്തെ സൂപ്പർ സ്റ്റാറായി ടോവിനോ വളർന്നു. 2017 മലയാള സിനിമ സാക്ഷ്യം വഹിച്ചത് ടോവിനോ തോമസ് എന്ന താരത്തിൻ്റെ വളർച്ചയായിരുന്നു. ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെ അന്നുവരെയുണ്ടായിരുന്ന ഇനിഷ്യൽ കളക്ഷൻ തിരുത്തിക്കുറിച്ച് നടനിൽ നിന്നും താരമായി ടോവിനോ മാറി. ബേസിൽ ജോസഫ് സംവിധാനത്തിൽ പിന്നാലെ എത്തിയ ഗോദ്ധായും വിജയമായതോടെ ബോക്സോഫീസിൽ വിലയുള്ള താരമായി മാറി. ആഷിക് ആബു സംവിധാനം ചെയ്ത മായാനദി ടോവിനോയ്ക്കും ഐശ്വര്യ ലക്ഷ്മിയ്ക്കും കരിയറിൽ നിർണായക ചിത്രമായി മാറുകയായിരുന്നു. ചിത്രത്തിലെ ടോവിനോയുടെ മാത്തൻ ഇന്നും മലയാളി യുവ മനസുകളിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ്. 2018 ൽ തീവണ്ടിയിലൂടെ വീണ്ടും വലിയ വിജയം സ്വന്തമാക്കിയ ടോവിനോ അതേ വർഷം ധനുഷിൻ്റെ മാരി -2 എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ തമിഴിലേക്കും അരങ്ങേറ്റം കുറിച്ചു.