ഇന്ത്യയുടെ ജാതി രാഷ്ട്രീയത്തിലേക്ക് ഒരു എത്തി നോട്ടവുമായി ഭാരത സർക്കസ്! അടവുകൾ അവസാനിക്കുന്നില്ല എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ഭാരത സർക്കസ് ശരാശരി ഒരാളുടെ മനസ്സിലെ ജാതീയതയെ ശരിക്കും എടുത്തിട്ട് കുടയുന്നുണ്ട്. ഈ സിനിമ കാണുമ്പോൾ അതിലെ ചില ചിന്തകൾ തൻ്റേതു കൂടിയാണെന്ന് പ്രേക്ഷകന് തോന്നുന്നുണ്ടെങ്കിൽ, തീർച്ച നിങ്ങളിലും ജാതിയുടേയും മുൻധാരണയുടേയും പല്ലിവാൽ തൂങ്ങിക്കിടക്കുന്നുണ്ട്. അതുടനെ മുറിച്ചു മാറ്റി രക്ഷപ്പെടേണ്ടിയിരിക്കുന്നു. ആദിവാസിയാണെങ്കിൽ മാവോ വാദി, മുസ്‌ലിമാണെങ്കിൽ തീവ്രവാദി; അഭിനവ ഇന്ത്യയുടെ ജാതി രാഷ്ട്രീയത്തിലേക്ക് ഒരു മറയുമില്ലാതെ കയറി ഇടപെടുകയാണ് സോഹൻ സീനുലാൽ സംവിധാനം ചെയ്ത ഭാരത സർക്കസ്. ലക്ഷ്മണൻ കാണിയെന്ന 49കാരൻ ആദിവാസിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ആറു ദിവസത്തെ സംഭവങ്ങളാണ് ഈ സിനിമ. ലക്ഷ്മണൻ കാണിക്ക് ആറു ദിവസം അനുഭവിക്കേണ്ടി വരുന്നത് ഒരു ആദിവാസിയോ താഴ്ന്ന ജാതിക്കാരനോ ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടി വരുന്ന ജീവിത സാഹചര്യങ്ങളുടെ ചെറിയ പതിപ്പ് മാത്രമാണ്.
'പുലയാടി മോന്' പൊലീസുകാരുടെ തല്ല് പൊതിരെ കിട്ടുമ്പോൾ അയാൾക്ക് അതിൽ നിന്നൊന്ന് രക്ഷപ്പെടാൻ മറച്ചു പിടിക്കാനെങ്കിലും ഉപകരിക്കുന്നത് സ്റ്റേഷൻ്റെ മൂലയിൽ കൂട്ടിയിട്ട ഫയലുകൾക്കു മുകളിലെ അംബേദ്ക്കറുടെ ചിത്രം മാത്രമാണ്. തൻ്റെ സിനിമയുടെ രാഷ്ട്രീയമെന്തെന്ന് ഇത്തരം രംഗത്ത് സംവിധായകൻ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.കറുത്തവനെയും സഹായിക്കാൻ കൂടുതലാരും ഇല്ലാത്തവനേയും ആദിവാസിയും താഴ്ന്ന ജാതിക്കാരനുമാക്കാനും മാത്രമല്ല അവനെ വളരെ വേഗത്തിൽ മാവോയിസ്റ്റും അതിനേക്കാൾ വേഗത്തിൽ തീവ്രവാദിയുമാക്കാനും സാധിക്കുന്ന പൊലീസ് കഥകൾ തന്നെയാണ് സിനിമയ്ക്ക് ആധാരം. പശുവിനെ പോറ്റിയും അമ്മയില്ലാത്ത മകളെ സ്‌നേഹിച്ചും ലാളിച്ചും വളർത്തിയും ജീവിച്ചിരുന്ന ഒരാളെ എത്രവേഗത്തിലാണെന്നോ അവർ മാവോയിസ്റ്റും ശ്രീലങ്കയിൽ നിന്നും വന്ന എൽ ടി ടിക്കാരനുമാക്കുന്നത്. 'എക്‌സ്പീരിയൻസ്' ആണത്രെ അവർക്ക് പെട്ടെന്ന് കഥ മെനഞ്ഞുണ്ടാക്കാനുള്ള കരുത്ത്.
പുലയാടി മോനേയെന്ന് സിനിമയിൽ ഉപയോഗിക്കുന്നതും പുലയനെന്നും പറയനെന്നും കവിതയിൽ ഉപയോഗിച്ചും പുലയനും പറയനും പുലയുണ്ടാക്കിയവർക്കു നേരെ കൂരമ്പെയ്യുന്നുണ്ട് സിനിമ. ലക്ഷ്മണൻ കാണിയുടെ മകൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതും തുടർന്ന് അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന അവൾക്ക് നീതി കിട്ടാൻ വേണ്ടി ഒരച്ഛൻ നടത്തുന്ന ശ്രമങ്ങളുമാണ് പൊലീസ് സ്റ്റേഷൻ്റേയും ഇന്ത്യൻ രാഷ്ട്രീയത്തിൻ്റേയും പശ്ചാതലത്തിലൂടെ സിനിമയായി കടന്നു പോകുന്നത്. ക്ഷേത്രോത്സവത്തിൽ നൃത്തം ചെയ്യാൻ മുസ്‌ലിം പെൺകുട്ടിയെ അനുവദിക്കാത്തതിനുള്ള ഒരേയൊരു കാരണം അവളുടെ മതം മാത്രമാണ്. ഇബ്രാഹിം വേങ്ങരുടെ നാടകവും മാർക്കോസിൻ്റെ ഗാനമേളയും നടന്ന ഉത്സവപ്പറമ്പുകൾ കേരളത്തിനും അന്യമായിക്കൊണ്ടിരിക്കുന്ന സാഹചര്യം മാറ്റിപ്പണിയാൻ ഇനിയൊരു വിപ്ലവകാരിക്കും സാധിക്കുമെന്നു തോന്നുന്നില്ല.
ഏത് കുറ്റവും ആരുടെ തലയിലും പതിച്ചു കിട്ടാൻ അവൻ്റെ നിറവും ജാതിയും മാത്രം മതിയാകും. തൻ്റെ ജാതിക്കാർ ഏതു കുറ്റം ചെയ്താലും അതിന് കുടപിടിക്കാൻ കഴിയുന്നവരാണ് സമൂഹത്തിലെ ഉന്നത തലങ്ങളിലെല്ലാമുള്ളത്. എന്നുകരുതി ജാതിയുടെ അടിസ്ഥാനത്തിൽ മാത്രം സിനിമ മനുഷ്യരെ കാണുന്നുമില്ല. തൻ്റെ മാതാപിതാക്കളും ബന്ധുക്കളുമെല്ലാം ജാതിയുടെ അടിസ്ഥാനത്തിൽ കുറ്റക്കാരെയുണ്ടാക്കാനും 'കുടുംബ മഹിമ' നിലനിർത്താനും ശ്രമിക്കുമ്പോഴും അങ്ങനെയല്ലെന്നു വിളിച്ചു പറയാൻ അവരിലെ യുവത്വം തന്നെ മുന്നോട്ടു വരുന്നുണ്ട്.ആധാർ കാർഡും റേഷൻ കാർഡും വോട്ടർ ഐ ഡിയുമൊന്നുമില്ലാത്ത ഒരാൾ, സൊസൈറ്റിയിൽ പാൽ അളന്നു കൊടുക്കുമ്പോൾ രേഖപ്പെടുത്തുന്ന പുസ്തകത്തിൻ്റെ മാത്രം ബലത്തിൽ തൻ്റെ സ്വത്വം എങ്ങനെ കാത്തുസൂക്ഷിക്കുമെന്ന ചോദ്യം പ്രേക്ഷകനിൽ ബാക്കിയുണ്ടാകും.
എന്നാൽ, അയാളുടെ മകൾക്ക് ആധാറുൾപ്പെടെയുള്ള രേഖകളെല്ലാം അയാൾ ഉണ്ടാക്കിവെച്ചിട്ടുമുണ്ട്. പടിയടച്ച് പിണ്ഡംവെച്ച സ്വത്വത്തിൽ നിന്നു മാത്രമല്ല സമൂഹത്തിൻ്റെ എല്ലാ അടയാളപ്പെടുത്തലുകളിൽ നിന്നും കൂടിയാണ് അയാൾ പുറത്തിറങ്ങിയതെന്ന് കഥയിൽ പറയുന്നു. എല്ലാ ഇരുളുകൾക്കിടയിലും ഞെങ്ങിഞെരുങ്ങിയാണെങ്കിലും ചെറിയ വെളിച്ചമെങ്കിലും കടന്നുവരും. നിറംകൊണ്ടും മുൻധാരണകൊണ്ടും തങ്ങളടയാളപ്പെടുത്തിയ ജാതിസമവാക്യം തെറ്റിപ്പോയെന്ന് ബോധ്യപ്പെടുന്ന നിമിഷത്തിൽ രക്ഷപ്പെടാനാവാത്ത കുരുക്കുകളിലേക്കെത്തപ്പെടുന്ന ഉദ്യോഗസ്ഥൻ ഒടുവിൽ നിയമത്തിനു മുമ്പിൽ അകപ്പെടുമെന്ന പ്രതീക്ഷ പുലർത്തിയാണ് സിനിമ അവസാനിപ്പിക്കുന്നത്.