കയ്യിൽ തോക്കേന്തി 'റിവോൾവർ റിത'യിൽ കീർത്തി സുരേഷ്! സൂപ്പർ സ്റ്റാർ ചിത്രങ്ങളിൽ ഭാഗമാകുമ്പോൾ തന്നെ കീർത്തിയെ കേന്ദ്രകഥാപാത്രമാക്കിയുള്ള ചിത്രങ്ങളും തയാറാകുന്നു. ബോക്സോഫീസിലും ഏറെ വിലയേറിയ താരത്തിൻ്റെതായി അനൗൺസ് ചെയ്ത ചിത്രങ്ങളൊക്കെയും പുതുമയുള്ളതും പരീക്ഷണങ്ങൾക്ക് അവസരം സൃഷ്ടിക്കുന്നതാണ്. കീർത്തിയുടെ ഇതുവരെ കാണാത്ത പുതിയ മുഖമാണ് അനൗണസ് ചെയ്ത റിവോൾവർ റിത എന്ന പുതിയ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുന്നത്.അഭിനയത്തിൻ്റെ പുതിയ കൊടിമുടികൾ കീഴടക്കുകയാണ് മലയാളത്തിൻ്റെ പ്രിയ നായിക കീർത്തി സുരേഷ്. മലയാളത്തിൽ നിന്നും കരിയർ ആരംഭിച്ച് ഇന്ന് തെലുങ്ക്, തമിഴ് സിനിമാ ലോകത്ത് ഏറ്റവും തിരക്കുള്ള നായികയായി കീർത്തി മാറിക്കഴിഞ്ഞു. നടി സാമന്ത രുത് പ്രഭുവാണ് റിവോൾവർ റിതയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തത്.
ഇരു കയ്യിലും തോക്കേന്തി നിൽക്കുന്ന കീർത്തിയുടെ പെയ്ൻ്റിംഗാണ് പോസ്റ്ററിലുള്ളത്. 2022 ൽ കീർത്തിയുടെ ഞെട്ടിപ്പിക്കുന്ന പ്രകടനത്തിനു വേദിയൊരുക്കിയ സാനി കായിദത്തിനു ശേഷമെത്തുന്ന തമിഴ് ചിത്രമാണ് റിവോൾവർ റിത. കെ. ചന്ദ്രുവാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിമ്പു നായകനായി വലിയ വിജയം നേടിയ മാനാടിൻ്റെ സംഭാഷണം എഴുതിയത് കെ. ചന്ദ്രുവായിരുന്നു. കീർത്തിയുടെ റിവോൾവർ റിത പഴയ ചിത്രത്തിൻ്റെ റീമേക്കാണോ എന്നതിനു അണിയറ പ്രവർത്തകർ ഔദ്യോഗികമായി വിവരം പുറത്തുവിട്ടിട്ടില്ല. പുതിയ ചിത്രം സ്ത്രീ കേന്ദ്രീകൃത കഥയായതിനാലും പേരും പഴയ ചിത്രവുമായി എന്തെങ്കിലും ബന്ധമുണ്ടാകുമെന്നാണ് കോളിവുഡിലെ ചർച്ച.1970 ൽ തമിഴിൽ പുറത്തിറങ്ങിയ മറ്റൊരു ചിത്രമായിരുന്നു റിവോൾവർ റീത്ത. വിജയലളിതയും ജയലക്ഷ്മിയുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായിരുന്നത്.
തെലങ്കാനയിലെ ഗോദാവരിക്കനിയെന്ന സ്ഥലത്തെ സിംഗരേണി കൽക്കരി ഖനികളിലാണ് ദസറ ഒരുക്കിയിരിക്കുന്നത്. പ്രകാശ് രാജ്, സമുദ്രക്കനി, ദീക്ഷിത് ഷെട്ടി, മീര ജാസ്മിൻ, റോഷൻ മാത്യു, രാജേന്ദ്ര പ്രസാദ്, സായ് കുമാർ, സറീന വഹാബ്, ഷംന കാസിം തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2017-ൽ പുറത്തിറങ്ങിയ റൊമാൻ്റിക് ചിത്രമായ നേനു ലോക്കലിനു ശേഷം കീർത്തിയും നാനിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ദസറ.തെലുങ്കിൽ നിന്നും കീർത്തിയുടേതായി ഇനിയെത്തുന്നത് ബിഗ് ബജറ്റ് ചിത്രം ദസറയാണ്. കീർത്തി സുരേഷും നാനിയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ശ്രീകാന്ത് ഒഡേലയാണ് സംവിധാനം ചെയ്യുന്നത്.
'രഘു താത്ത' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പോസ്റ്ററിലും 'കാരണം വിപ്ലവം വീട്ടിൽ തുടങ്ങുന്നു' എന്ന ക്യാപ്ഷ്യനോടെ കീർത്തിയെ ആണ് കാണുന്നത്. സുമൻ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എം.എസ്. ഭാസ്കറും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതിനു പിന്നാലെ തെലുങ്കിൽ മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ സിനിമയാണ് ഇനിയുള്ളത്. തമിഴിൽ അജിത്ത് നായകനായെത്തി വലിയ വിജയം നേടിയ വേതാളത്തിൻ്റെ റീമേക്കായി ഒരുക്കുന്ന ചിത്രത്തിൽ ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷമാണ് കീർത്തി അവതരിപ്പിക്കുന്നത്. കെജിഎഫ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസിൻ്റെ ആദ്യ തമിഴ് ചിത്രത്തിലും കീർത്തിയാണ് നായിക.