തിരിച്ചു പതിക്കും ബൂമറാങ്ക്!

Divya John
 തിരിച്ചു പതിക്കും ബൂമറാങ്ക്! അങ്ങോട്ടേക്ക് കൊടുക്കുന്നതെന്തോ അത് ഇങ്ങോട്ടേക്കു തന്നെ തേടിയെത്തുമെന്നാണ് പറയുന്നത്. കൃഷ്ണദാസ് പങ്കിയുടെ രചനയിൽ മനു സുധാകരൻ സംവിധാനം നിർവഹിച്ച ചിത്രം ബൂമറാംഗിലും എല്ലാവർക്കും 'കൊടുക്കാൻ' തുനിഞ്ഞിറങ്ങിയ അച്ചായന് തിരിച്ചു കിട്ടുന്ന പണിയാണിതെങ്കിലും അതിനിടയിൽ മൂന്നുപേർ പ്രത്യക്ഷമായും പിന്നെ കുറേ പേർ പരോക്ഷമായും കുടുങ്ങിപ്പോകുന്നുണ്ട്.  പ്രത്യേക സാഹചര്യത്തിൽ ഒരു ഫ്‌ളാറ്റിൽ ഒന്നിക്കുന്ന പരസ്പരം അറിയാത്ത മൂന്നുപേരും ഇവരുടെയെല്ലാം പൊതുപരിചയത്തിലുള്ള അച്ചായനും ഇവർ നാലുപേരെയും തോക്കിൻ മുനയിൽ മണിക്കൂറുകളോളം നിർത്തുന്ന യുവതിയും ചേർന്നാൽ കഥ പൂർത്തിയാകും. സിനിമയുടെ ഭൂരിഭാഗവും നടക്കുന്നത് ഒരു ഫ്‌ളാറ്റിനകത്താണ്. സ്ത്രീകൾക്കെതിരെയുള്ള ഏതുതരം പ്രവർത്തനങ്ങളും കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തുന്നത്.





  തറപ്പിച്ചു നോക്കിയാൽ പോലും കേസ് കൊടുക്കാവുന്ന വകുപ്പുകളുണ്ട്. അത്തരത്തിൽ സ്ത്രീത്വത്തിനെതിരെ നടക്കുന്ന പ്രവർത്തനങ്ങളെ നിലക്കു നിർത്താൻ ഉദ്ദേശിച്ചു തന്നെയാണ് രചിയതാവും സംവിധായകനും ഇത്തരമൊരു ചിത്രം ചെയ്തിട്ടുണ്ടാവുക.ഫ്‌ളാറ്റിലകപ്പെടുന്ന യുവതിക്കാകട്ടെ തീർത്തും വ്യത്യസ്തമായൊരു ലക്ഷ്യമാണുണ്ടായിരുന്നത്. ഒടുവിൽ എല്ലാവരും തങ്ങളുടെ കാര്യങ്ങൾ പറയുന്നതോടെ എല്ലാവർക്കും എല്ലാം മനസ്സിലാവുകയും അച്ചായനൊഴികെ കഥ ശുഭപര്യവസായിയായി തീരുകയും ചെയ്യുന്നു. ഭാര്യ അമേരിക്കയിലും മകൾ കാനഡയിലും 'അടിച്ചുപൊളിക്കുന്ന'തിനാൽ അച്ചായൻ കൊച്ചിയിലും അടിച്ചു തിമർക്കുകയാണ്. അക്ഷരാർഥത്തിൽ അടിച്ചു തിമർക്കൽ തന്നെയാണ് അച്ചായന്റെ ശൈലി. കൂട്ടിന് ഓഷോ കൂടി ചേരുന്നതോടെ സംഗതി തകർക്കുകയാണ്.ഫ്‌ളാറ്റിനകത്ത് പെടുന്ന മൂന്നുപേരും ഫ്‌ളാറ്റുടമയും ചേരുന്ന പുരുഷ സംഘം പല ലക്ഷ്യങ്ങൾക്കായാണ് അവിടെ എത്തിയതെങ്കിലും ഒറ്റയ്‌ക്കൊരു പെൺകുട്ടിയെ കാണുന്നതോടെ അവരുടെയെല്ലാം ചിന്ത ഒരേ ദിശയിലേക്കെത്തുകയാണ്.






  യഥാർഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ബൂമറാംഗിന്റെ കഥ തയ്യാറാക്കിയിരിക്കുന്നതെന്നാണ് അണിയറക്കാർ പറയുന്നത്. ഏതോ ഒരാൾ നടത്തുന്ന സാമൂഹ്യ മാധ്യമങ്ങളുടെ മോശം ഉപയോഗം അയാൾക്കോ അയാളെയോ അറിയാത്ത ഒരു പെൺകുട്ടിയുടെ ജീവിതത്തെ ബാധിക്കുന്നതും പ്രതികാരത്തിനായി അവൾ ഇറങ്ങിപ്പുറപ്പെടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. കുണ്ടന്നൂർ പൊലീസ് സ്റ്റേഷനിലെ എസ് ഐയാണെങ്കിലും ജയദേവനൊരു അഭിനയ മോഹിയാണ്. അതുകൊണ്ടാണ് അയാൾ പരിചയക്കാരുടെ ബന്ധത്തിൽ ചായക്കടക്കാരനായും ചാരായക്കടത്തുകാരനായുമൊക്കെ സീരിയലിൽ ഒറ്റ രംഗത്തിൽ അഭിനയിച്ച് സമാധാനംകൊള്ളുന്നത്. ഭാര്യ ശോഭന സമ്മതിക്കാതിരുന്ന ഒറ്റക്കാരണംകൊണ്ടാണ് അയാൾക്ക് ബാഹുബലിയുടെ ഓഡിഷനു പോകാൻ സാധിക്കാതിരുന്നത്. 






  അല്ലായിരുന്നെങ്കിൽ കുന്തം പിടിച്ചു നിൽക്കുന്ന ഭടനായി അതിലുണ്ടാകുമായിരുന്നെന്ന് അയാൾ സങ്കടപ്പെടുന്നുണ്ട്. സിനിമ ആരംഭിക്കുന്ന അതേ ദൃശ്യങ്ങളിൽ തന്നെ രണ്ടാം പകുതിയും ആരംഭിക്കുമ്പോഴാണ് സംഭവങ്ങൾ എത്തിനിൽക്കുന്നത് എവിടെയെന്ന് പ്രേക്ഷകർക്ക് ബോധ്യപ്പെടുന്നത്.
സിനിമയിലെ പ്രധാനമായ അഞ്ച് കഥാപാത്രങ്ങളും ഒന്നിച്ച് മുഴുനീളം പ്രത്യക്ഷപ്പെടുന്നുണ്ട്.
ഗുഡ് കമ്പനിക്കു വേണ്ടി ഈസി ഫ്‌ളൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിലും തൗഫീഖ് ആറുമാണ് ബൂമറാംഗ് നിർമിച്ചിരിക്കുന്നത്. വിഷ്ണുനാരായണൻ നമ്പൂതിരി ക്യാമറയും അഖിൽ എ ആർ എഡിറ്റിംഗും അജിത് പെരുമ്പാവൂർ ഗാനരചയും നിർവഹിച്ചിരിക്കുന്നു.

Find Out More:

Related Articles: