എല്ലാവർക്കും കാണും ഒരു "പൂക്കാലം"!

Divya John
 എല്ലാവര്ക്കും കാണും ഒരു "പൂക്കാലം"! ആനന്ദം എന്ന ചിത്രത്തിലൂടെ തൻ്റെ വരവ് അറിയിച്ച സംവിധായകൻ ഗണേഷ് തിരക്കഥ എഴുതി സംവിധാനം ചെയ്ത പുതിയ ചിത്രം പേരു പോലെ തന്നെ വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസിലേക്കും പൂക്കാലം നിറയ്ക്കുന്നത്. വിജയ രാഘവൻ്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായി മാറിയിരിക്കുകയാണ് ഇച്ചാപ്പയെന്ന് എല്ലാവരും വിളിക്കുന്ന ഇട്ടൂപ്പ്. ഇച്ചാപ്പയുടെ ഭാര്യ കൊച്ചുത്രേസ്യാമ എന്ന ഇച്ചാമ്മയായി കെപിഎസി ലീലയും പ്രേക്ഷക മനസ് കീഴടക്കുകയാണ് ചിത്രത്തിൽ. ഇവരുടെ സ്നേഹത്തിൻ്റെ പിണക്കത്തിൻ്റെ തിരിച്ചറിവിൻ്റെ കൂടിച്ചേരലിൻ്റെ കഥയാണ് പൂക്കാലം പറയുന്നത്. ഒരേ സമയത്ത് വെച്ച രണ്ട് അലാറത്തിൻ്റെ മുഴങ്ങുന്ന ശബ്ദത്തോടെയാണ് ഇരുവരും ഉണരുന്നത്. ഇച്ചാമ്മയുടെ കൊഴുക്കട്ടയാണ് ഇച്ചാപ്പയുടെ ഇഷ്ട പലഹാരം. കൊച്ചു മകൾ എൽസിയുടെ വിവാഹ നിശ്ചയ വേളയിലാണ് പഴയ രേഖകൾക്കിടയിൽ നന്നും ആകസ്മികമായി ഒരു കടലാസ് കക്ഷണം ഇച്ചാപ്പയ്ക്കു ലഭിക്കുന്നത്.



അത് ആ വൃദ്ധ ദമ്പതികളുടെ അന്നുവരെയുണ്ടായിരുന്ന ജീവിതത്തെയും മുന്നോട്ടുള്ള ഗതിയേയും വളരെ സ്വീധീനിക്കുന്നതായിരുന്നു അത്. ഇച്ചാപ്പ ശക്തമായ ഒരു തീരുമാനമെടുക്കുന്നതോടെ മക്കളും കൊച്ചമക്കളുമെല്ലാം അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു. ഒരു തമാശയായി കണ്ടിടത്തു നിന്നും വളരെ ഗൗരവമേറിയ സംഭവ വികാസങ്ങളിലൂടെ അവർ‌ക്കു പോലും അതിനൊപ്പം നീങ്ങേണ്ടി വരുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളെയാണ് രസകരവും ഹൃദ്യവുമായി സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. മധ്യ തിരുവിതാകൂറിലെ ക്രിസ്ത്യൻ കു‍ടുംബമാണ് ഇച്ചാപ്പയുടേത്. മക്കൾക്കും കൊച്ചുമക്കൾക്കും ബന്ധുക്കൾക്കുമെല്ലാം ഇച്ചാപ്പയും ഇച്ചാമ്മയുമാണ് അവർ. എൺപതു വർഷത്തെ ദാമ്പത്യ ബന്ധമാണ് അവർ ഇരുവരുടെയും. സിനിമാറ്റിക്ക് ഫോർമാറ്റിനപ്പുറം വൈകാരികതയിലൂടെ കഥയിലേക്ക് പ്രേക്ഷകരെയും ബന്ധിപ്പിച്ച തിരക്കഥ ഒരുക്കിയിട്ടുണ്ട് ഗണേഷ്.



 ഇച്ചാപ്പയുടെ കുടുംബാംഗങ്ങളും അവരുടെ ജീവിതവുമായി ബന്ധപ്പെട്ടും വലിയ താരിനിരയെയാണ് ചിത്രത്തിൽ അണിനിരത്തിയിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളെയും പുതുമയോടും രസകരമായും അവതരിപ്പിക്കാൻ കഴിഞ്ഞതാണ് സംവിധായകൻ്റെ വിജയം. ബേസിൽ ജോസഫ് അവതരിപ്പിച്ച ജൂനിയർ വക്കീലും വിനീത് ശ്രീനിവാസൻ്റെ ജഡ്ജിയുമെല്ലാം അത്തരത്തിൽ പുതുമയും രസകരവുമായി അവതരിപ്പിച്ചിരിക്കുന്നു. സുഹാസിനി മണിരത്നം, ജോണി ആന്റണി, അരുൺ കുര്യൻ, അനു ആന്റണി, റോഷൻ മാത്യു, സരസ ബാലുശേരി, അബു സലീം, ശരത് സഭ, അരിസ്റ്റോ സുരേഷ്, രാധ ഗോമതി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.ഇച്ചാപ്പയുടെയും ഇച്ചാമ്മയുടെയും ജീവിതത്തിലേക്ക് വളരെ റിയലിസ്റ്റിക്കായി കാമറ തിരിച്ച് ഓരോ അധ്യായങ്ങളിലൂടെയാണ് പ്രേക്ഷകരെ സംവിധായകൻ കൂട്ടിക്കൊണ്ടു പോകുന്നത്. 



അതിനായി ഒരുപ ചെടിയുടെ ജനനവും വളർച്ചയും വാട്ടവും ഒടുവിൽ പൂക്കാലവും പോലെ അവതരിപ്പിക്കുന്നു.ഒരു കുടുംബത്തിലെ മൂന്നു തലമുറകളിലെ വലിയ താരതിര അണിനിരക്കുമ്പോഴും ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഇടം തിരക്കഥയിൽ‌ ഒരുക്കിയിട്ടുണ്ട്. അതിനായി ഹൃദയസ്പർശിയായി രംഗങ്ങളെ ചിട്ടപ്പെടുത്താൻ സംവിധായകനു കഴിഞ്ഞിരിക്കുന്നു. അതിനായി സംഗീതത്തെയും കൃത്യമായി പശ്ചാത്തലത്തിൽ ഇഴചേർത്തിരിക്കുന്നു. സച്ചിൻ വാര്യരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഗാനങ്ങൾക്കും വളരെ പ്രാധാന്യമുണ്ട് ചിത്രത്തിൽ.ഒരു നോവലെറ്റ് വായിക്കുന്ന ലാളിത്യത്തോടെ പൂക്കാലം പ്രേക്ഷകരുടെ മനസിലേക്കാണ് ഇടം പിടിക്കുന്നത്.സമീപ കാലത്ത് മനസ് നിറഞ്ഞ് തിയറ്ററിൽ നിന്നും പുറത്തേക്കിറങ്ങാൻ പ്രേക്ഷകർക്ക് അവസരം സൃഷ്ടിച്ചിരിക്കുകയാണ് പൂക്കാലത്തിലൂടെ. പൂക്കാലത്തിൻ്റെ വരവ് അറിയിച്ചു കഴിഞ്ഞാൽ മലർവാടിയിലേക്ക് ചിത്രശലഭങ്ങളും തുമ്പികളും വണ്ടുകളുമൊക്കെ താനെ പറന്നു വരും സുഗന്ധം നിറയും... ഇവിടെ തിയറ്ററിലേക്ക് ശലഭം പോലെ പ്രേക്ഷകരും എത്തുകയാണ്. അവരും ആ പൂക്കാലത്തിൻ്റെ ഭാഗമാകുന്നു. ആ പൂക്കാലത്തെ തൊട്ടറിയുന്നു.

Find Out More:

Related Articles: