മാമലക്കുന്നിലെ പാപ്പച്ചൻ ഒളിവിലാണ്! മലയോര ഗ്രാമമായ മാമലക്കുന്നിലെ സാധാരണ മനുഷ്യരും അവർക്കിടയിലെ തള്ളിൻ്റെ ആശാൻ പാപ്പച്ചനും അതാണ് പറയുന്നത്. 'ബഡായി', 'തള്ള്' എന്നൊക്കെ പറയുന്ന പൊതുവെ മറ്റുള്ളവർക്ക് ദോഷകരമല്ലാത്തതും എന്നാൽ കേൾക്കാൻ കൗതുകമുള്ളതും പറയുന്നതെല്ലാം നുണയാണെന്നറിഞ്ഞിട്ടും വിശ്വസിക്കാൻ തോന്നിപ്പിക്കുന്നതുമായ ആ ഒരു സംഗതിയുണ്ടല്ലോ. അതുതന്നെയാണ് പാപ്പച്ചൻ്റെ ജീവിതം. ജീവിതം മുഴുവൻ 'തള്ളി' നടക്കുന്ന പാപ്പച്ചനും അയാൾക്കു ചുറ്റുമുള്ള കുറേ ജീവിതങ്ങളുമാണ് പാപ്പച്ചൻ ഒളിവിലാണ്.
വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും തള്ളിയും തോണ്ടിയുമിരിക്കുന്ന മലയാളിക്ക് ഇക്കാലത്തിനു മുമ്പൊരു 'തള്ള്' ജീവിതമുണ്ടായിരുന്നോ? ഉണ്ടാകാൻ സാധ്യതയുണ്ട്. മകൻ്റെ ആദ്യ കുർബാനയ്ക്ക് കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് അതിൻ്റെ ഇറച്ചി തന്നെ ദുഷിപ്പു പറയുന്നവർക്ക് വിളമ്പി തൻ്റെ ചുറുചുറുക്ക് കാണിക്കുന്നയാളാണ് പാപ്പച്ചൻ. കാട്ടുപോത്തിനെ വെടിവെച്ചു കൊന്നതിനും ഇറച്ചി വേവിച്ച് നാട്ടുകാർക്ക് വിളമ്പിയതിനും വനം വകുപ്പ് ഉദ്യോഗസ്ഥർ അയാളുടെ വീട്ടിലെ പാത്രങ്ങളും ഇറച്ചിയും അയാളുടെ കൂട്ടക്കാരിൽ ചിലരെയും പിടിച്ചു കൊണ്ടുപോകുന്നു.
വനം വകുപ്പുകാരുടെ പിടിയിൽ നിന്നും തന്ത്രത്തിൽ രക്ഷപ്പെടുന്ന അയാൾ പഴയ കാമുകിയുടെ വീട്ടിലാണ് രണ്ടു ദിവസം ഒളിവിൽ കഴിയുന്നത്. കാമുകിയുടെ ഭർത്താവു കൂടിയായ സുഹൃത്ത് വനം വകുപ്പുകാരുടെ പിടിയിൽ പെടുന്ന രണ്ടു ദിവസവും പാപ്പച്ചൻ അവളുടെ വീട്ടിൽ യാതൊരു 'സമ്മർദ്ദവുമില്ലാതെ' കഴിയുന്നുണ്ട്. ഗ്രാമീണ ജീവിതത്തിൻ്റെ നന്മയെ ക്യാമറ വെച്ച് പകർത്തിയാൽ കിട്ടുന്നതെന്തോ, അത് ഒളിവിലുള്ള പാപ്പച്ചനിലുണ്ട്. നായാട്ടുകാരനായ പിതാവിൻ്റെ നായാടാനറിയാതെ നാവുകൊണ്ട് 'നായാടുന്ന' മകൻ നമ്മളിലൊരാൾ തന്നെയായിരിക്കണം. അതുകൊണ്ടുതന്നെ ആ വേഷം സൈജു കുറുപ്പിന് അനുയോജ്യവുമായിട്ടുണ്ട്. പുല്ലാനി മൂർഖനെ രാജവെമ്പാലയാക്കുന്ന മാന്ത്രിക നാവാണ് അയാളുടേത്. മൂർഖൻ്റെ പത്തിയിലെ 'ഋ' രാജവെമ്പാലക്കുണ്ടാകുമോ എന്ന ചോദ്യത്തിന് അവരെല്ലാം ഒരേ കുടുംബക്കാരാണെന്നും ലോഗോയിൽ ചെറിയ മാറ്റമേ ഉണ്ടാവുകയുള്ളുവെന്നു പോലും പറഞ്ഞു നിൽക്കാൻ പാപ്പച്ചനല്ലാതെ മറ്റാർക്കാണ് സാധിക്കുക. ശ്രീജിത്ത് മഞ്ചേരിയുടെ മനോഹരമായ ഫ്രെയിമുകളാണ് ഈ സിനിമയുടെ പ്രത്യേകതകളിലൊന്ന്. ഔസേപ്പച്ചൻ്റെ സംഗീതവും സംവിധായകൻ സിന്റോ സണ്ണിയും ബി കെ ഹരിനാരായണനും എഴുതിയ വരികളും ശ്രദ്ധേയമാണ്. മികച്ച നിലവാരത്തിലുള്ള ക്രിസ്ത്യൻ ഭക്തിഗാനങ്ങളും കാഴ്ചയ്ക്ക് ഭംഗം വരുത്താതെ ചേർത്തുവെച്ചിട്ടുണ്ട്.
വ്യത്യസ്തമായൊരു കഥ കണ്ടെത്തി അതിനനുയോജ്യമായ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയും അവരെ വെള്ളിത്തിരയിലെത്തിക്കുകയും ചെയ്തിട്ടുണ്ട് പാപ്പച്ചനിൽ. അതിസാധാരണമായ കേരളീയ പശ്ചാതലമോ മലയോര ജീവിതമോ ചിത്രീകരിക്കുകയും ഒട്ടും കൃത്രിമത്വം തോന്നിക്കാത്ത സംഭാഷങ്ങളും ഈ സിനിമയിലുണ്ട്. പുതിയൊരു കഥ കണ്ടെത്താനും പുതിയൊരു കാഴ്ചപ്പാടിൽ അത് അവതരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന നവാഗത സംവിധായകരുടെ പേരിനൊപ്പം തീർച്ചയായും ഈ സിനിമയുടെ എഴുത്തുകാരനും സംവിധായകനുമായ സിന്റോ സണ്ണിയുടെ പേരും എഴുതിച്ചേർക്കാനാവും. മകൻ്റെ ആദ്യ കുർബാനയ്ക്ക് കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് അതിൻ്റെ ഇറച്ചി തന്നെ ദുഷിപ്പു പറയുന്നവർക്ക് വിളമ്പി തൻ്റെ ചുറുചുറുക്ക് കാണിക്കുന്നയാളാണ് പാപ്പച്ചൻ.
കാട്ടുപോത്തിനെ വെടിവെച്ചു കൊന്നതിനും ഇറച്ചി വേവിച്ച് നാട്ടുകാർക്ക് വിളമ്പിയതിനും വനം വകുപ്പ് ഉദ്യോഗസ്ഥർ അയാളുടെ വീട്ടിലെ പാത്രങ്ങളും ഇറച്ചിയും അയാളുടെ കൂട്ടക്കാരിൽ ചിലരെയും പിടിച്ചു കൊണ്ടുപോകുന്നു. വനം വകുപ്പുകാരുടെ പിടിയിൽ നിന്നും തന്ത്രത്തിൽ രക്ഷപ്പെടുന്ന അയാൾ പഴയ കാമുകിയുടെ വീട്ടിലാണ് രണ്ടു ദിവസം ഒളിവിൽ കഴിയുന്നത്. കാമുകിയുടെ ഭർത്താവു കൂടിയായ സുഹൃത്ത് വനം വകുപ്പുകാരുടെ പിടിയിൽ പെടുന്ന രണ്ടു ദിവസവും പാപ്പച്ചൻ അവളുടെ വീട്ടിൽ യാതൊരു 'സമ്മർദ്ദവുമില്ലാതെ' കഴിയുന്നുണ്ട്. കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ചിത്രം മനോഹരമായ ക്രിസ്ത്യൻ പശ്ചാതലത്തിലാണ് പറഞ്ഞിരിക്കുന്നത്.
'നമ്മള് ക്രിസ്താനികൾക്ക് ഒരൽപം തള്ളു കൂടുതലാണെങ്കിലും നിനക്ക് അതിനേക്കാൾ കൂടുതലാണെന്ന' ഫാ. ഗീവർഗ്ഗീസ് പാപ്പച്ചനോട് പറയുന്ന സംഭാഷണമുണ്ടല്ലോ, അതുതന്നെയാണ് ഈ സിനിമ. കഥാപാത്രങ്ങൾക്ക് മാത്രമല്ല, കാഴ്ചക്കാർക്കും നിഷ്‌കളങ്കമായി കണ്ടിരിക്കാനാവും. തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ് സിനിമ നിർമിച്ചിരിക്കുന്നത്.പാപ്പച്ചൻ്റെ എല്ലാ നിഷ്‌കളങ്കതയും ചേർത്ത് സൈജു കുറുപ്പ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സൈജുവിൻ്റെ പാപ്പച്ചനോടൊപ്പം ചേർത്തു പറയേണ്ടതാണ് അച്ഛൻ മാത്തച്ചനായി അഭിനയിച്ച വിജയരാഘവൻ്റെ വേഷവും. പ്രായമേറെയായെങ്കിലും ഗൗരവം വിടാതെ പഴയ നായാട്ടുകാരൻ്റെ അതേ ഭാവത്തിൽ കാലിൽ ചെരുപ്പിടാതെ നടക്കുന്ന മാത്തച്ചൻ കട്ടയ്ക്ക് നിൽക്കുന്നുണ്ട്.