മുതിരങ്ങാടി ഗ്രാമത്തിലെ ജലധാര പമ്പ്‌സെറ്റ്'! പാലക്കാടൻ ഗ്രാമീണ ഭംഗിപോലെയുള്ള ജീവിതങ്ങൾ, ഒരു ശരാശരി പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന സിനിമ. വ്യത്യസ്തമായ പേരും പ്രമേയവും സ്വീകരിച്ചാണ് ആഷിഷ് ചിന്നപ്പ ജലധാര പമ്പ്‌സെറ്റ് സിൻസ് 1962 തയ്യാറാക്കിയിരിക്കുന്നത്. സനു കെ ചന്ദ്രൻ്റെ കഥയ്ക്ക് പ്രജിൻ എം പിയും സംവിധായകൻ ആഷിഷ് ചിന്നപ്പയും ചേർന്നാണ് തിരക്കഥയൊരുക്കിയത്.മുതിരങ്ങാടി ഗ്രാമത്തിലെ തണൽ പെയ്യുന്ന നന്മമരങ്ങളാണ് 'ജലധാര പമ്പ്‌സെറ്റ് സിൻസ് 1962'ൽ വെള്ളിത്തിരയിലെത്തുന്നത്.മുതിരങ്ങാടി ഗ്രാമത്തിലെ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്ന ദിവസമാണ് മോട്ടോർ മണി മാതൃകാ അധ്യാപകരായ ദമ്പതികളുടെ വീട്ടിലെ കിണറ്റിൽ മോട്ടോർ മോഷ്ടിക്കാൻ ഇറങ്ങുന്നത്. മണി മോട്ടോർ മോഷ്ടിക്കുന്നത് നാട്ടുകാരാണ് കാണുന്നത്. പൊലിസിനെ വിളിക്കുന്നതും അവർ തന്നെയാണ്. കുറ്റം ചെയ്ത മണിയെ വെറുതെ വിട്ട് മോട്ടോർ തിരികെ കിട്ടിയാൽ മതിയെന്ന പക്ഷക്കാരിയാണ് ടീച്ചറെങ്കിലും തെറ്റു ചെയ്തവർക്ക് ശിക്ഷ കിട്ടണമെന്ന ചിന്താഗതിക്കാരനാണ് മാഷ്.
തൻ്റെ ക്ലാസിലെ കുട്ടിയുടെ പരീക്ഷ പേപ്പറിൽ രണ്ടു മാർക്കു കൂടി ചേർത്തു കൊടുത്താൽ ജയിപ്പിക്കാമായിരുന്നിട്ടും അതുപറ്റില്ലെന്ന കടുംപിടുത്തക്കാരനാണ് മാഷ് ജീവിതത്തിലും പെരുമാറ്റത്തിലും. കിണറ്റിൽ ഇറക്കിവെച്ച ആ 'ജലധാര' പമ്പ്‌സെറ്റിലൂടെ ജലം മാത്രമല്ല സ്‌നേഹവും കരുണയും നീതിയും സഹജീവിയോടുള്ള കരുതലുകളുമെല്ലാമാണ് പുറത്തേക്കു വരുന്നത്. വളരെ ചെറിയൊരു കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്ന ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ എടുത്തു കാണിക്കുന്നുണ്ട് ഈ സിനിമ. അതോടൊപ്പം നിയമ പുസ്തകങ്ങളിൽ ശിക്ഷാവിധികളോടൊപ്പം ചേർത്തുവെച്ച അക്ഷരങ്ങളെ വിളിക്കുന്ന പേരല്ല നീതിയെന്നും സിനിമ പറയുന്നു. നിയമത്തിനപ്പുറത്ത് മറ്റു ചിലതാണ് നീതിയെന്നും അത് ഹൃദയത്തിൽ നിന്നുത്ഭവിക്കുന്ന വികാരമാണെന്നും പ്രേക്ഷകനെ ബോധ്യപ്പെടുത്തിയേക്കും.ഇങ്ങനെയും മനുഷ്യരുണ്ടാകുമോ എന്നു പ്രേക്ഷകർക്ക് സംശയം തോന്നുന്ന തരത്തിലാണ് സിനിമയിൽ പാത്രസൃഷ്ടി നടത്തിയിരിക്കുന്നത്. ടി ജി രവി, ഉർവശി, ഇന്ദ്രൻസ്, നിഷാ സാരംഗ് എന്നീ നാല് മികവുറ്റ അഭിനേതാക്കളെ അവതരിപ്പിച്ചപ്പോഴും അവരുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെത്തിക്കാനാവുന്ന തരത്തിൽ ശക്തമായൊരു രചനാ രീതി സിനിമയ്ക്ക് കൈവരിക്കാനാവാതെ പോയിട്ടുണ്ട്. രവി കുറ്റാരത്തിൽ എന്ന മുതിർന്ന അഭിഭാഷകനായെത്തിയ ടി ജി രവി ശ്രദ്ധ പിടിച്ചു പറ്റുന്ന കഥാപാത്രമാണ്.
ചില സംഭാഷണങ്ങളിൽ ആപ്തവാക്യങ്ങളുടെ അതിപ്രസരവും സംശയിക്കാനാവും. സാധാരണ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം പെട്ടെന്നു മനസ്സിലാക്കാനാവാത്ത തരത്തിൽ പരസ്പര ബന്ധമില്ലെന്ന മട്ടിലുള്ള സംഭാഷണങ്ങൾ ഈ സിനിമയിൽ കടന്നു വരുന്നുണ്ട്. എഴുത്തുകാരൻ്റെ കൗശലം ഇതിലുണ്ടാകാമെങ്കിലും അത് സംവദിക്കപ്പെടാതെ പോയേക്കും.നീട്ടിയും വലിച്ചും അനാവശ്യമായി നീണ്ടുപോയ കേസ് ഏഴ് വർഷമാണ് എത്തിയത്. 2012ലെ മോഷണക്കേസിൽ കോടതി വിധി പറയുന്നത് 2019ലാണ്. പക്ഷേ, അതുവരെ തങ്ങളുടെ നീതിയും ആദർശവും സമൂഹത്തെ പഠിപ്പിക്കാനും ബോധ്യപ്പെടുത്താനും ശ്രമിച്ച് മരിച്ചുപോയ മാഷും തുടർന്നു മുമ്പോട്ടു പോയ ടീച്ചറും നിയമവും നീതിയും രണ്ടാണെന്ന് തിരിച്ചറിയുകയും ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.പ്രേക്ഷകരെ കൂടുതൽ ആകർഷിക്കാനെന്നവണ്ണം സൃഷ്ടിച്ച ചില തമാശ രംഗങ്ങളും സിനിമയ്ക്ക് ഗുണം ചെയ്യുന്നതല്ല.
മൊത്തം സിനിമയുടെ ഫീലിനെ ബാധിക്കുന്ന രംഗങ്ങളിലൊന്നാണ് കലവറയിലെ വനിതകളോട് മൃണാളിനി ടീച്ചർ തൻ്റെ മകളുടെ കാര്യങ്ങൾ പറയുന്നതും അതിനിടയിൽ സംഭവിക്കുന്ന കൊച്ചു കാര്യങ്ങളും. മൃണാളിനിയെന്ന അധ്യാപികയാണ് ഉർവ്വശി. നാവുളുക്കാതെ ഗ്രാമീണർക്ക് വിളിക്കാൻ സാധിക്കാത്ത ഒരു പേരായതിനാൽ പലപ്പോഴും 'മൃളാണിനി' എന്നൊക്കെയാണ് പലരും വിളിക്കുന്നത്. ചില ഭാഗങ്ങളിൽ സംഭാഷണങ്ങളുടേതല്ലാത്ത മറ്റൊരു ശബ്ദവും പശ്ചാതലത്തിൽ കൊണ്ടുവരാതെ നിശ്ശബ്ദതയെ അതിൻ്റെ ഗൗരവത്തിൽ ഉപയോഗപ്പെടുത്താൻ ജലധാര പമ്പ്‌സെറ്റ് സിൻസ് 1962 ശ്രമിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലായാലും അല്ലെങ്കിലും തമാശയ്ക്കപ്പുറത്തുള്ള ചില ഗൗരവ കാഴ്ചപ്പാടുകളിലേക്ക് സിനിമയെ കൊണ്ടുപോകാൻ ഈ നിമിഷങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
യുവനടി സനുഷയെ വ്യത്യസ്ത വേഷത്തിൽ അവതരിപ്പിക്കാനുള്ള ധൈര്യവും ജലധാര പമ്പ്‌സെറ്റ് സിൻസ് 1962 ശ്രമിച്ചിട്ടുണ്ട്. കോടതി മുറി ഹാസ്യങ്ങളുള്ള മലയാള ചലച്ചിത്രങ്ങളുടെ ശ്രേണിയിലേക്കു തന്നെയാണ് ജലധാര പമ്പ്‌സെറ്റ് സിൻസ് 1962ഉം സഞ്ചരിക്കുന്നത്. ജോണി ആന്റണിയുടെ സ്വാമി വക്കീലും ജയൻ ചേർത്തലയുടെ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ടുമൊക്കെ കോടതികളിലെ രസമുള്ള കാഴ്ചകൾ തന്നെയാണ്.ആർദ്രതയ്ക്കാണോ തമാശയ്ക്കാണോ സഹജീവി സ്‌നേഹത്തിനാണോ ഇവയ്‌ക്കെല്ലാം കൂടിയാണോ സിനിമ പ്രാധാന്യം കൊടുക്കുന്നതെന്ന സംശയവും ഉയർന്നേക്കാം. തൻ്റെ കേസിലെ പ്രതിയായ മണിക്കു പോലും ടീച്ചറാണ് കേസുള്ള ദിവസങ്ങളിൽ പൊതിച്ചോറ് കൊണ്ടുകൊടുക്കുന്നത്. വാദിയും പ്രതിയും വാദിഭാഗം വക്കീലുമെല്ലാം ചേർന്നിരുന്ന് ഭക്ഷണം കഴിക്കുന്നതു കാണുന്ന ജഡ്ജിയും ഒരുവേള സംശയത്തിലാകുന്നുണ്ട്.
ബി കെ ഹരിനാരായണനും മനുമഞ്ജിത്തും രചിച്ച ഗാനങ്ങളും അവയ്ക്ക് നല്കിയ സംഗീതവും കൂടുതൽ ശ്രദ്ധ കിട്ടുന്നവയല്ലെങ്കിലും കാഴ്ചക്കാരനേയും കേൾവിക്കാരനേയും മടുപ്പിക്കുന്ന തരത്തിലുള്ളതല്ല. പാലക്കാടൻ ഗ്രാമീണതയുടെ നിറവ് വെള്ളിത്തിരയിൽ കാണുന്നതോടൊപ്പം അത്തരമൊരു സാഹചര്യത്തിന് അനുയോജ്യമായ കോസ്റ്റിയും ഒട്ടും കൃത്രിമത്വമില്ലാതെ കഥാപാത്രങ്ങളെ അണിയിച്ചെടുത്ത അരുൺ മനോഹറിനാണ് കൈയടി. വണ്ടർഫ്രെയിംസ് ഫിലിംലാന്റിൻ്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവരാണ് ചേർന്നാണ് ജലധാര പമ്പ്‌സെറ്റ് സിൻസ് 1962 നിർമിച്ചിരിക്കുന്നത്.