തിയറ്ററുകളിൽ ഇടംപിടിച്ചു തോൽവി!

Divya John
 തിയറ്ററുകളിൽ ഇടംപിടിച്ചു തോൽവി! നിങ്ങളുടെ പ്രതിരൂപം തിയേറ്ററിലെ വെള്ളിത്തിരയിൽ നിങ്ങൾക്കു മുമ്പിലെത്തും. അയാളെ/ അവളെ നിങ്ങൾ ചലച്ചിത്ര താരത്തിന്റെ പേരിട്ടല്ല, നിങ്ങളുടെ പേരിട്ടുവേണം വിളിക്കാൻ. ഉമ്മൻ, കുരുവിള, തമ്പി, അൽതാഫ്, മറിയം, ശോശ അല്ലെങ്കിൽ അബു- ഇവരിലാരിലെങ്കിലും ഉറപ്പായും നിങ്ങളുണ്ടാകും. നിങ്ങളൊരു സാധാരണക്കാരനാണോ. നിങ്ങൾക്ക് നിങ്ങളെയൊന്ന് സ്‌ക്രീനിൽ കാണണമെന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ തോൽവി എഫ് സി കണ്ടാൽ മതി.  എൻജിനിയറിയാണെങ്കിലും ഒടുങ്ങാത്ത തന്റെ സ്വപ്‌നത്തിനും ആഗ്രഹത്തിനും പിന്നാലെ പുറപ്പെട്ട് ബംഗളൂരുവിലെ ജോലിയും ഉപേക്ഷിച്ച് കാക്കാനാട് ഇൻഫോപാർക്കിൽ ചായ് നേഷനെന്ന ചായക്കട തുടങ്ങിയിരിക്കുകയാണ് ഉമ്മൻ. പഠിച്ചിട്ടും ചായക്കട തുടങ്ങിയ മകനെ വീട്ടിനു പുറത്താക്കിയ പിതാവ് കുരുവിള ഭയങ്കരമായി വീടിനു വേണ്ടി അധ്വാനിക്കുന്നുണ്ടെന്നാണ് വെയ്പ്- കംപ്യൂട്ടറിനു മുമ്പിലിരുന്ന് ഭാവി ക്രിപ്‌റ്റോ കറൻസിക്കാണെന്നും പറഞ്ഞ് ഫ്രോഡ് കമ്പനികളിൽ നിക്ഷേപിച്ച് ലക്ഷങ്ങൾ നശിപ്പിക്കുന്നതിൽ മിടുമിടുക്കനാണ് അയാൾ. രാവിലെ അലാറം വെച്ചെണീറ്റ് വീട്ടുജോലിയും പൂർത്തിയാക്കി ഭർത്താവിനുള്ള ഉച്ച ഭക്ഷണം വരെ മേശപ്പുറത്തുവെച്ച് ഓടിപ്പിടച്ച് ജോലിക്കെത്തുന്ന ലൈബ്രേറിയനാണ് ശോശയെന്ന വീട്ടമ്മ. ഇളയവൻ തമ്പിയാകട്ടെ, കുട്ടികളുടെ ഫുട്ബാൾ കോച്ചാണ്.



 തമ്പി എഫ് സി എന്നാണ് അയാൾ അതിനിട്ടിരിക്കുന്ന പേരെങ്കിലും തോറ്റ് തുന്നംപാറുന്ന തോൽവി എഫ് സിയാണ് അവന്റെ ക്ലബ്. ജീവിതം മുഴുക്കെ തോറ്റുപോകുന്ന നാലുപേരടങ്ങുന്ന കുടുംബമെന്ന് വേണമെങ്കിൽ 'വിക്ടറി വില്ല'യിൽ താമസിക്കുന്ന കുരുവിളയേയും കുടുംബത്തേയും വിശേഷിപ്പിക്കാം. പറയാൻ മറന്നു, ക്രൈം നോവലെഴുതി പ്രസിദ്ധീകരണത്തിന് അയച്ചുകൊടുത്ത് ആറു തവണ മാറ്റി അതൊന്ന് പ്രസിദ്ധീകരിച്ചു കാണാൻ അതിയായി ആഗ്രഹിക്കുന്ന ആൾ കൂടിയാണ് ശോശ. ലക്ഷങ്ങൾ നഷ്ടമാക്കിയ ഭർത്താവ് കുരുവിളയെ യാതൊരു ദയയും ദാക്ഷിണ്യവുമില്ലാതെ ശോശ വീട്ടിൽ നിന്നും പുറത്താക്കുന്നുണ്ട്. എവിടേയും പോകാനില്ലാത്ത കുരുവിളയാകട്ടെ ഒടുക്കം താൻ പുറത്താക്കിയ മൂത്തമകന്റെ ചായക്കടയിലാണ് അഭയം തേടുന്നത്. ജോലി ചെയ്ത് യാതൊരു പരിചയവുമില്ലാത്ത കുരുവിളയ്ക്ക് മകൻ മുട്ടൻ പണി കൊടുക്കുന്നു. കുട്ടികളെ കോച്ചിംഗ് ചെയ്ത് തോറ്റ് തൊപ്പിയിടുന്ന തമ്പിയുടെ ക്ലബ്ബിലേക്ക് മറിയം കളി പഠിപ്പിക്കാനെത്തുന്നു. വിവാഹിതയായി ഖത്തറിലേക്ക് പോയ മറിയം തമ്പിയുടെ പഴയ സ്‌കൂൾ സഹപാഠിയും ഫുട്ബാൾ ടീമിലെ അംഗവുമായിരുന്നു.



പെൺകുട്ടികൾക്ക് എട്ടാം ക്ലാസിനു ശേഷം ഫുട്ബാൾ ടീം ഇല്ലാത്തതുകൊണ്ടുമാത്രം കളിക്കളത്തിൽ നിന്നും പുറത്തായിപ്പോയ പെൺകുട്ടി. രസകരമായ നിമിഷങ്ങളിലൂടെയാണ് കഥ കടന്നുപോകുന്നത്. തന്റെ ചായയെ അന്താരാഷ്ട്ര ബ്രാന്റ് ആക്കാൻ ഉമ്മൻ ഇല്ലാത്ത ഹൈപ്പും ഇംഗ്ലീഷുമൊക്കെ പറയുന്നുണ്ട്. ഒടുവിൽ എൻജിനിയറായ താൻ മറ്റുള്ളവർക്ക് വെറും ചായക്കടക്കാരൻ മാത്രമാണെന്ന് തിരിച്ചറിയുന്നതോടെയാണ് അയാളുടെ ജീവിതത്തിൽ ട്വിസ്റ്റ് സംഭവിക്കുന്നത്. തോൽവിയും ജീവിതത്തിലെ നേട്ടമില്ലായ്മയുമെല്ലാം തുടർച്ചയായി അനുഭവിക്കുന്ന കുടുംബത്തിലെ നാലുപേരും ഏകദേശം ഒരേഘട്ടത്തിൽ തങ്ങളുടെ സ്വപ്‌നങ്ങളിലേക്ക് എത്തിച്ചേരാൻ തയ്യാറെടുക്കുന്നിടത്തേക്ക് സിനിമയെ എത്തിക്കാൻ രചയിതാവും സംവിധായകനുമായ ജോർജ്ജ് കോരയ്ക്ക് സാധിച്ചിട്ടുണ്ട്. നമ്മളൊക്കെ സാധാരണക്കാരല്ലേ, കഠിനമായി പരിശ്രമിച്ചാൽ വിജയം നമ്മെ തേടി വരുമെന്ന ഉമ്മന്റെ വാക്കുകൾ തന്നെയാണ് തോൽവി എഫ് സിയുടെ ടാഗ് ലൈൻ.



ഷറഫുദ്ദീനേയും ജോണി ആന്റണിയേയും അൽതാഫിനേയും ഒഴിച്ചു നിർത്തിയാൽ നായിക മീനാക്ഷി രവീന്ദ്രനും കുട്ടികളും ഉൾപ്പെടെ എല്ലാവരും സിനിമയിൽ വലിയ വേഷങ്ങൾ ചെയ്തിട്ടില്ലാത്തവരോ പുതിയവരോ ആണ്. എന്നിട്ടും തോൽവി എഫ് സിയെ മനോഹരമാക്കാൻ അവർ ഓരോരുത്തരും മികച്ച പങ്കാണ് വഹിച്ചിരിക്കുന്നത്. കുടുംബ സമേതം കണ്ടിരിക്കാവുന്ന സിനിമയാണ് തോൽവി എഫ് സി. ചായ് നേഷനിലെ ചായക്കാരൻ അബു സുലൈമാൻ എന്ന അബുവിന്റെ പേര് സിനിമയുടെ ട്വിസ്റ്റിൽ വളരെ മനോഹരമായി ഓട്ടോമേറ്റിക് ബ്ലോവറിംഗ് യൂണിറ്റ് എന്നാക്കി സിനിമയെ പ്രേക്ഷകൻ ഉദ്ദേശിക്കാത്ത തലത്തിലേക്ക് എത്തിക്കാനും ശ്രമിച്ചിട്ടുണ്ട്. കുട്ടികളിലെ അമിത മൊബൈൽ ഉപയോഗം, ഇക്കാര്യം മാതാപിതാക്കൾ ശ്രദ്ധിക്കാത്തത് അവരെ കുഴപ്പത്തിൽ ചാടിക്കുന്നത്, കുട്ടികൾക്കെതിരെയുള്ള അതിക്രമം തുടങ്ങിയ കാര്യങ്ങളെല്ലാം ഉപദേശ രൂപത്തിലല്ലാതെ പറഞ്ഞു തരാനും സിനിമ ശ്രദ്ധിക്കുന്നു. അതോടൊപ്പം കുട്ടികളുടെ വ്യത്യസ്ത കഴിവുകൾ കണ്ടെത്തി അവരെ അതിനുവേണ്ടി സജ്ജരാക്കാനുള്ള ഊർജ്ജവും ഈ സിനിമ നൽകുന്നു.
 

Find Out More:

Related Articles: