ഖാൻസാർ ദേശവും, സലാറും!
സലാർ ഒന്നാം ഭാഗം സീസ്ഫയർ അവസാനിക്കുമ്പോൾ വെടിനിർത്തലല്ല അടപടലം വെടിയായിരിക്കുമോ ശൗരാംഗപർവ്വത്തിനുള്ള രണ്ടാം ഭാഗത്തിലെന്ന ആകാംക്ഷയാണ് ബാക്കിവെക്കുന്നത്. വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ സലാർ ഒന്നാംഭാഗം സീസ്‌ഫെയർ മലയാളികളെ കൂടുതൽ ആകർഷിക്കുന്നത് പൃഥ്വിരാജിന്റെ സാന്നിധ്യം തന്നെയായിരിക്കും. പ്രഭാസും പൃഥ്വിരാജും ചേർന്നുള്ള കിടിലൻ രംഗങ്ങളാണ് ആദ്യ ഭാഗത്തിന്റെ പ്രധാന ആകർഷണം. ദൂരെ ദൂരെയൊരു ദേശത്ത് എന്ന് കഥ പറഞ്ഞാണ് സിനിമ ആരംഭിക്കുന്നത്. കൂട്ടുകാരായ ദേവയുടേയും വരദരാജ മണ്ണാറുടേയും കുട്ടിക്കാലത്തിലൂടെയാണ് കാഴ്ചകളെ വരച്ചു തുടങ്ങുന്നത്. ദൂരെ ദൂരെയുള്ള ദേശം ഇന്ത്യൻ അതിർത്തിക്ക് തൊട്ടപ്പുറത്തെ ഖാൻസാർ എന്ന പ്രദേശമാണ്.
പകയും അക്രമവും ഭയപ്പെടുത്തലും രക്തത്തിലലിഞ്ഞ ഖാൻസാറുകാർ കഴിഞ്ഞ കാൽ നൂറ്റാണ്ടു കാലമായി അതെല്ലാം അടക്കിവെച്ചാണ് മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. അതിനിടയിലേക്കെത്തിയ സംഭവവികാസങ്ങളാണ് സംഘർഷങ്ങളിലേക്കും കുടിപ്പകയിലേക്കും രാജ്യത്തെ എത്തിക്കുന്നത്. ഇത്രയധികം രക്തരൂക്ഷിതമായൊരു സിനിമ അടുത്ത കാലത്തൊന്നും ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ സൃഷ്ടിച്ചിട്ടുണ്ടാവില്ല. മല മുകളിൽ നിന്ന് തന്റെ രാജ്യത്തെ നോക്കുമ്പോൾ പല കഷണങ്ങളും ടെറിറ്ററികളുമായി ഗോത്രങ്ങളും തലവന്മാരും വിഭജിച്ചു ഭരിച്ചു കൊണ്ടിരിക്കുന്ന ഖാൻസാറിനെ ഒറ്റയ്ക്ക് ഭരിക്കണമെന്ന് ആഗ്രഹിക്കുന്ന വരദരാജ മണ്ണാറുണ്ട്. അയാൾ സലാറെന്നു വിളിക്കുന്ന കൂട്ടുകാരനാണ് ദേവ. ഈ സിനിമ എവിടേക്കാണ് പോവുകയെന്ന് ഇതിലൂടെ സൂചന തരുന്നുണ്ട്.
വരദരാജ മണ്ണാറിന് മാത്രമല്ല ദേവയ്ക്കും ഭരിക്കാൻ അവകാശമുള്ള പ്രദേശമാണ് ഖാൻസാർ. വരദരാജ മണ്ണാറുടെ പിതാവ് രാജമണ്ണാർ ഭരണാധികാരിയായത് അദ്ദേഹത്തിന്റെ അച്ഛന്റെ മരണശേഷമായിരുന്നു. എന്നാൽ നിയമ പ്രകാരം ഊഴം ദേവയുടെ അച്ഛന്റേതായിരുന്നു. അങ്ങനെയെങ്കിൽ ആരായിരിക്കും നാട് ഭരിക്കേണ്ടതെന്ന സംശയം വന്നേക്കാം. ഒപ്പം, ഇരുവരും പരസ്പരം സലാറുകളുമായേക്കാം. ഖാൻസാറെന്ന രാജ്യം പുനഃസൃഷ്ടിച്ചെടുത്തത് മികവുറ്റതായിട്ടുണ്ട്. എങ്കിലും ബാഹുബലിയും കെ ജി എഫും ഉൾപ്പെടെ കണ്ടവർക്ക് സെറ്റ് വലിയ അത്ഭുതം സൃഷ്ടിച്ചേക്കില്ല. എങ്കിലും മികച്ച തിയേറ്റർ എക്‌സ്പീരിയൻസ് നൽകുന്ന പടമാണ് സലാർ. പ്രഭാസ്, പൃഥ്വിരാജ് ആരാധകർക്ക് കാഴ്ചാ വിരുന്നാണ് ഈ ചിത്രം. പ്രഭാസിന്റെ ഏകാംഗ പ്രകടനമാണ് ആദ്യത്തെ ഒരു മണിക്കൂർ. ഏകദേശം മൂന്നു മണിക്കൂർ നീളുന്ന സിനിമയുടെ ആദ്യത്തെ ഒരു മണിക്കൂർ പിന്നിടുമ്പോഴാണ് പൃഥ്വിരാജ് രംഗത്തെത്തുന്നത്. ശ്രുതിഹാസനാണ് ചിത്രത്തിലെ നായിക. ആണത്തത്തിന്റെ കഥയാണ് പറയുന്നതെന്നതിനാൽ നായിക കഥാപാത്രത്തിന് ഉൾപ്പെടെ വിട്ടുപോകുന്ന ഭാഗങ്ങൾ പൂരിപ്പിക്കേണ്ട സാധ്യതകളേ ഒരുക്കുന്നുള്ളു.