പുറത്തെടുക്കുമ്പോൾ സുബാഷ് പൂർണനഗ്നനായിരുന്നു; ശരിക്കുള്ള മഞ്ഞുമ്മൽ ബോയിസിന്റെ അനുഭവം! ചെറുപ്പം മുതലേ ഒന്നിച്ചു കളിച്ചു വളർന്ന മഞ്ഞുമ്മലിലെ ഒരു കൂട്ടം ചെറുപ്പക്കാർ കൊടൈക്കനലാലിൽ ടൂറ് പോകുന്നതും, അവിടെ ഒട്ടും പ്രതീക്ഷിക്കാതെ ഒരു അപകടത്തിൽ പെടുന്നതും ഒക്കെയാണ് കഥ. കമൽ ഹസന്റെ ഗുണ എന്ന സിനിമ കണ്ട്, ഗുണ ഗുഹ കാണാൻ പോയ കൂട്ടുകാരിൽ ഒരാൾ ആ ഗുഹയ്ക്കുള്ളിൽ വീണു. കണക്കുകൾ പ്രകാരം അതുവരെ അതിനുള്ളിൽ പതിമൂന്ന് പേർ വീണു, കണക്കിൽ പെടാത്ത പത്തൊൻപത് പേരുണ്ട് എന്ന് നാട്ടുകാർ പറയുന്നു. പക്ഷെ വീണവരാരും തിരിച്ചു വന്നിട്ടില്ല. അവരുടെ അസ്ഥികൂടം പോലും തിരിച്ചു കിട്ടിയിട്ടില്ല. മഞ്ഞുമ്മൽ ബോയിസ് എന്ന സിനിമ കണ്ട ഹാങ് ഓവറിൽ ആയിരിക്കും ഇപ്പോഴും ചിലർ. കൂട്ടുകാർക്കൊപ്പം ടൂറിന് പോകാൻ ഒരുപാട് ഇഷ്ടപ്പെടുന്നവരാരും ഈ സിനിമ മിസ്സ് ചെയ്യരുത് എന്നാണ് സിനിമ കണ്ടവരുടെ അഭിപ്രായം.
സൗഹൃദത്തിന്റെയും, ആത്മവിശ്വാസത്തിന്റെയുമൊക്കെ കഥയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയിസ് എന്ന ചിത്രം. യഥാർത്ഥ സംഭവമാണ് സിനിമയിൽ അവതരിപ്പിച്ചിരിയ്ക്കുന്നത്.അങ്ങനെയൊരു ഗുഹയിലേക്കാണ് സുബാഷ് (സിനിമയിൽ ശ്രീനാഥ് ഭാസി) വീഴുന്നത്. അന്ന് എന്താണ് സംഭവിച്ചത് എന്ന് ശരിക്കും കുഴിയിൽ വീണ സുബാഷും സംഘവും പറയുന്നു. അത്രയും ഉല്ലസിച്ച് പോയ ടൂറായിരുന്നു. ഡ്രൈവറടക്കം പതിനൊന്ന് പേരുണ്ട്. കൊടൈക്കനാലിൽ പോയി, തിരിച്ചുവരുന്ന വഴി കമൽ ഹസന്റെ ഗുണ സിനിമ ഷൂട്ട് ചെയ്ത ഗുഹയിലേക്ക് പോകാം എന്ന് പ്ലാനിട്ടു. (കൺമണി അൻപോട് കാതലൻ നാൻ എഴുതും കടിതമേ- എന്ന പാട്ട് ഷൂട്ട് ചെയ്ത ഗുഹ).അത് റസ്ട്രിക്ടഡ് ഏരിയായിരുന്നു എന്ന് എഴതി വച്ചിട്ടില്ല. അവിടെ നിൽക്കുന്ന സെക്യൂരിറ്റിക്കാരനും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഉള്ളിലേക്ക് പോയത്. മൂന്ന് പേർക്ക് പിന്നിലായിട്ടാണ് സുബാഷ് നടന്നുപോയിക്കൊണ്ടിരുന്നത്.
പെട്ടന്ന് ഒരു കുഴിയിലേക്ക് വീണു. ആദ്യം അവൻ ഒളിച്ചു കളിക്കുന്നതാണെന്ന് കരുതി. അങ്ങനെ ഒരു സ്വഭാവം അവനുണ്ട്. എന്നാൽ അല്ല, ഗുഹയ്ക്ക് ഉള്ളിലേക്ക് വീണതാണ് എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. കുറച്ച് നേരം എല്ലാവരും സ്റ്റക്ക് ആയിപ്പോയി- മഞ്ഞുമ്മൽ ബോയിസ് പറഞ്ഞുകൊണ്ടേയിരുന്നു. കണ്ണിൽ കുത്തിയാൽ കാണാത്ത ഇരുട്ടാണ്. ഒരാൾക്ക് കഷ്ടി പോകാൻ പറ്റുന്ന ഗുഹ. ഒരു വിധത്തിലും അതിനുള്ളിലേക്കിറങ്ങി പരിശോധിക്കാൻ കഴിയില്ല. പോയവരാരും ഇതുവരെ തിരിച്ചു വന്നിട്ടില്ല, അതിനുള്ളിൽ വീണാൽ മരണം ഉറപ്പാണ്. ഒരു എംഎൽഎയുടെ അനന്തരവൻ വീണിട്ട്, രക്ഷപ്പെടുത്തിയാൽ ലക്ഷങ്ങൾ തരാം എന്ന് പറഞ്ഞിട്ടും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ഗുണ ഗുഹ എന്ന പേര് വരുന്നതിന് മുമ്പ് ആ ഗുയുടെ പേര് ചെകുത്താന്റെ അടുക്കള എന്നായിരുന്നു എന്നൊക്കെ പറയുന്നത് മാത്രമാണ് ചുറ്റിൽ നിന്നും കേൾക്കുന്നത്. ഗുഹയ്ക്കുള്ളിൽ വീണവൻ മരണപ്പെട്ടു എന്ന് എല്ലാവരും വിധി എഴുതി.നിരന്തരം അതിനുള്ളിലേക്ക് നോക്കി അവനെ വിളിക്കുന്നുണ്ടെങ്കിലും ഒരു പ്രതികരണവും ഇല്ല.
രണ്ട് മൂന്ന് പേരെ അവിടെ നിർത്തി, മറ്റുള്ളവർ പൊലീസ് സ്റ്റേഷനിലേക്ക് ഓടി. എന്നാൽ അവിടെ ഉണ്ടായ പ്രതികരണം അതിലും ഭീകരമായിരുന്നു. കേരളത്തിൽ നിന്ന് വന്ന്, മനപൂർവ്വം അവനെ അതിനുള്ളിൽ തള്ളിയിട്ട് കൊന്നതാണ് എന്ന് പറഞ്ഞു. എങ്ങനെയോ അവരെ പറഞ്ഞ് വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടു വന്നു. ഫയർഫോഴ്സും, ഫോറസ്റ്റും, പൊലീസുകാരും, നാട്ടുകാരും എല്ലാമുണ്ട്. പക്ഷെ ആർക്കും ഒന്നും ചെയ്യാൻ പറ്റുന്നില്ല.എന്നാലും സാരമില്ല, ഞങ്ങൾക്ക് അവന്റെ ഡെഡ് ബോഡി എങ്കിലും കൊണ്ടു പോകണം എന്ന വാശിയിലായിരുന്നു കൂട്ടുകാർ. പിന്നീട് ഗുഹയിൽ നിന്ന് സുബാഷ് പ്രതികരിക്കാൻ തുടങ്ങി. പക്ഷേ പറയുന്നത് പണ്ട് നടന്ന കാര്യങ്ങളാണ്. അവന്റെ സ്വഭോധം നഷ്ടപ്പെട്ടിരുന്നു. സുബാഷിന്റെ ശബ്ദം പുറത്ത് വന്നതോടെ നാട്ടുകാരും മഞ്ഞുമ്മൽ ബോയിസിനൊപ്പം നിന്നു. ഫയർഫോഴ്സ് ഇറങ്ങില്ല എന്ന് ഉറപ്പായപ്പോൾ സിജു (സൗബി ചെയ്ത കഥാപാത്രം) ഞാൻ ഇറങ്ങാം എന്ന് പറഞ്ഞ് മുന്നോട്ട് വന്നു. ആദ്യം തടഞ്ഞുവെങ്കിലും പിന്നീട് ഉദ്യോഗസ്ഥർക്ക് സമ്മതിക്കേണ്ടി വന്നു.
പിന്നീട് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് സുബാഷിനെ പുറത്തെടുത്തത്. ഗുഹയിലേക്ക് വീഴുമ്പോൾ ഒരു ഓവർ കോട്ടും, അതിനുള്ളിൽ ഷർട്ടും, ബനിയനും, ഇന്നർ വെയേഴ്സും എല്ലാം ഇട്ടിരുന്ന സുബാഷ് പുറത്തേക്ക് വരുമ്പോൾ പൂർണ നഗ്നനായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് അവനോർമ്മയില്ല. മരണത്തിന്റെ പരാക്രമത്തിൽ എന്തു ചെയ്തു എന്നറിയില്ല എന്നാണ് സുബാഷ് പറഞ്ഞത്. താൻ കാണുമ്പോൾ, ധരിച്ചിരുന്ന പാന്റ്സിൽ കുരുങ്ങി കിടക്കുകയായിരുന്നു സുബാഷ്. അതിന്റെ ബലത്തിലാണ് നിന്നിരുന്നത്, അല്ലായിരുന്നുവെങ്കിൽ ഇനിയും താഴേക്ക് പോകുമായിരുന്നു എന്ന് സിജു പറയുന്നു.