മൊഴികൾ പെൻഡ്രൈവുകളായും വാട്‌സാപ് മെസെജുകളായും സർക്കാരിന്റെ ലോക്കറിലുണ്ട്; വിഡി സതീശൻ! ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിരവാകാശ കമ്മിഷൻ ആവശ്യപ്പെടാത്ത ഭാഗങ്ങൾ സർക്കാർ വെട്ടി മാറ്റിയത് എന്തിനെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാതെ സിനിമ കോൺക്ലേവ് നടത്താൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എറണാകുളം ബി.ടി.എച്ച് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ മഹിള കോൺഗ്രസ് സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര വലിയ കൊമ്പൻമാരാണ് അപ്പുറത്തെങ്കിലും നീതി ലഭിക്കുന്നതു വരെ പ്രതിപക്ഷം ഇരകൾക്കൊപ്പം നിൽക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് തയാറാക്കിയതു തന്നെ ഇരകളായ സ്ത്രീകളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മൊഴികൾ പെൻഡ്രൈവുകളായും വാട്‌സാപ് മെസെജുകളായും സർക്കാരിന്റെ ലോക്കറിലുണ്ട്.
മുഖ്യമന്ത്രിക്കും കഴിഞ്ഞ സർക്കാരിലെയും ഈ സർക്കാരിലെയും സാംസ്‌കാരിക മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും റിപ്പോർട്ടിന്റെ ഉള്ളടക്കം അറിയാം. എന്നാൽ റിപ്പോർട്ട് പുറത്തു വന്നപ്പോൾ ആരെങ്കിലും പരാതി തന്നാൽ കേസെടുക്കാമെന്നാണ് സർക്കാർ പറയുന്നത്. കുറ്റകൃത്യങ്ങളുടെ ഒരു പരമ്പര നടന്നതിന് തെളിവായി ഇരകളുടെ മൊഴികളും പെൻഡ്രൈവുകളും ഉണ്ടായിട്ടും സർക്കാർ കേസെടുക്കാത്തത് എന്തുകൊണ്ടാണ്? കേസെടുത്തില്ലെങ്കിലും അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. റിപ്പോർട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ കത്തിലൂടെ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. ജസ്റ്റിസ് ഹേമ നൽകിയ കത്ത് സർക്കാരിന്റെ കയ്യിൽ മാത്രമെയുള്ളൂവെന്ന ധൈര്യത്തിലാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്. ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നവരുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്ന സുപ്രീം കോടതി മാർഗനിർദ്ദേശം അനുസരിച്ച് മാത്രമെ റിപ്പോർട്ട് പുറത്ത് വിടാവൂ എന്നാണ് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടത്.
അതിനെയാണ് മുഖ്യമന്ത്രി ദുർവ്യാഖ്യാനം ചെയ്ത് പച്ചക്കള്ളം പറഞ്ഞത്. നാലര വർഷങ്ങൾക്ക് മുൻപ് ഹേമ കമ്മിറ്റി നൽകിയ റിപ്പോർട്ടിലെ കുറച്ചു ഭാഗങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പുറത്തുവന്ന ഭാഗങ്ങളിൽ തന്നെ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. നാടിന്റെ അഭിമാനമായ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമുള്ള ഒരു മേഖലയാണ് സിനിമ. ആ സിനിമ ലേകത്ത് കുറച്ചു പേർ നടത്തിയ ലൈംഗിക ചൂഷണങ്ങളും ക്രിമിനൽവത്ക്കരണവും ലഹരി ഉപഭോഗവുമൊക്കെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്.നാലര വർഷം ഹേമ കമ്മിറ്റി റിപ്പോർട്ട് മൂടിവച്ച മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിമാരും ഉദ്യോഗസ്ഥരും ഭാരതീയ ന്യായ സംഹിത പ്രകാരം കുറ്റകൃത്യം ചെയ്തിരിക്കുകയാണ്.
കുറ്റകൃത്യം നടന്നെന്ന് വ്യക്തമായ സാഹചര്യത്തിൽ കേസെടുക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. വിരവാകാശ കമ്മിഷന്റെയോ സർക്കാരിന്റെയോ ഉത്തരവിൽ പറഞ്ഞിട്ടില്ലാത്ത റിപ്പോർട്ടിലെ 97 മുതൽ 107 വരെയുള്ള ഖണ്ഡികകൾ വെട്ടി മാറ്റിയത് എന്തിനെന്നും മുഖ്യമന്ത്രി മറുപടി പറയണം. ഇരകളുടെയല്ല വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സുപ്രീം കോടതിയെയും ജസ്റ്റിസ് ഹേമ കമ്മിറ്റിയെയും മുന്നിൽ നിർത്തി വേട്ടക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് നിയമപരമായി തെറ്റാണ്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന നിയമപരമായ ബാധ്യത സർക്കാർ നടപ്പാക്കാൻ തയാറാകുന്നില്ല.സ്ത്രീകൾക്കെതിരായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയോ കേസെടുക്കാതിരിക്കുകയോ ചെയ്താൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 199 അനുസരിച്ച് കുറ്റകൃത്യമാണ്.