മമ്മൂക്ക വിളയാടിയ ബസൂക്ക! ബസൂക്ക മാത്രമല്ല, ഏതൊരു സിനിമയും കാണാൻ പോകുമ്പോൾ പ്രേക്ഷകൻ ആദ്യം മനസ്സിൽ വെക്കേണ്ടത് പറഞ്ഞുകേട്ടും വായിച്ചറിഞ്ഞും വിവിധ പ്രമോഷനുകൾ കണ്ടും കാഴ്ചക്കാരന്റെ മനസ്സിൽ രൂപപ്പെട്ട ചലച്ചിത്രം തന്നെ വെള്ളിത്തിരയിൽ കാണണമെന്ന് വാശിപിടിക്കരുതെന്നാണ്. നല്ല പല സിനിമകൾക്കും സംഭവിച്ച ദുരന്തം അതാണ്. പ്രേക്ഷകൻ മനസ്സിലൊരു സിനിമയും വെച്ച് തിയേറ്ററിൽ കയറും, സംവിധായകനും അണിയറ പ്രവർത്തകരും ഒരുക്കിവെച്ചിട്ടുണ്ടാവുക മറ്റൊരു ചലച്ചിത്രമായിരിക്കും. സംവിധായകൻ ഡീനോ ഡെന്നീസ് കഥ പറഞ്ഞപ്പോൾ തനിക്കിത് വളരെ കണക്ടിംഗ് ആയി തോന്നിയെന്നും അതുകൊണ്ട് അഭിനയിക്കാൻ തീരുമാനിച്ചുവെന്നും മമ്മൂട്ടി നേരത്തെ പറഞ്ഞിട്ടുണ്ട്. ഏത് ജനറേഷനോടും ചേർന്നു നിൽക്കുന്ന മമ്മൂട്ടിയിലെ നടനും സാങ്കേതിക പരിജ്ഞാനമുള്ള വ്യക്തിയുമാണ് അത്തരം തീരുമാനം സ്വീകരിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാവുക.
പക്ഷേ, എല്ലാവർക്കും അത്തരത്തിൽ കണക്ടാവണമെന്നില്ല. എങ്കിലും ഏറ്റവും പുതിയ മൊബൈൽ ഫോണും വ്യത്യസ്ത ആപ്പുകളുമൊക്കെ ഉപയോഗിച്ച് പരിചയമുള്ള മുൻ തലമുറകൾക്കും സിനിമ സാവകാശത്തിലാണെങ്കിലും ദഹിച്ചുകിട്ടും. പതിവ് മസാല എന്റർടെയ്‌നർ എന്നാണ് ബസൂക്കയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാനാവുക. പക്ഷേ, അതിന്റെ നിർമാണ രീതികളോ സംഭവങ്ങൾ സഞ്ചരിക്കുന്ന വഴികളോ പതിവിൽ നിന്നും വ്യത്യസ്തമാണ്. ഗെയിമിങ് സെന്ററുകളും ഗെയിമിങ് കഥാപാത്രങ്ങളുമൊക്കെ മലയാള സിനിമയിൽ ഇതിനു മുമ്പും വന്നിട്ടുണ്ടെങ്കിലും പൂർണമായും ഗെയിമിങിനെ അടിസ്ഥാനമാക്കി ഒരു സിനിമയെന്ന ഗണത്തിൽ ആദ്യത്തേതാണിത്. അതുകൊണ്ടുതന്നെ സാധാരണ പ്രേക്ഷകർക്ക് ഇതിലെ ചില വഴികളൊക്കെ സങ്കീർണമായി തോന്നിയേക്കും.
ഗെയിമിങുമായി ബന്ധമുള്ള ന്യൂജെൻ പിള്ളേർക്ക് വളരെ പെട്ടെന്ന് സംവദിക്കുന്ന ചിത്രമായിരിക്കും ബസൂക്ക.ഭൂരിഭാഗം നേരങ്ങളിലും ഗെയിമിങിലൂടേയും അതിന്റെ സാങ്കേതിക പ്രയോഗങ്ങളിലൂടെയുമൊക്കെയാണ് സിനിമ സഞ്ചരിക്കുന്നത്. അതോടൊപ്പം പല രാജ്യങ്ങളിലെ കുറ്റകൃത്യങ്ങളെ കുറിച്ചും സാഹിത്യത്തെ കുറിച്ചുമെല്ലാം സിനിമ പരാമർശിക്കുന്നു.എത്തും പിടിയും കിട്ടാത്തൊരു ആദ്യപകുതിയാണ് ബസൂക്ക പ്രേക്ഷകർക്കു മുമ്പിലേക്ക് വെക്കുന്നത്. ഇതെന്താണ് സിനിമയിങ്ങനെ, ഇതിലെന്തിനാണ് മമ്മൂട്ടി അഭിനയിക്കുന്നത് എന്നൊക്കെ പ്രേക്ഷകരെകൊണ്ട് തോന്നിപ്പിച്ച് കൊണ്ടുപോകും. സിനിമയുടെ ഏതെങ്കിലുമൊരിടത്തു വെച്ച് മമ്മൂട്ടിയെന്ന നടൻ പല തവണ അത്ഭുതപ്പെടുത്തിയതുപോലെ ബസൂക്കയിലും അത്ഭുതപ്പെടുത്തിയേക്കും എന്നൊരു പ്രതീക്ഷയാണ് ചലച്ചിത്രം കാണാനുള്ള പ്രേരകശക്തി.
ആ പ്രതീക്ഷ അദ്ദേഹം നിറവേറ്റുന്നുണ്ട്. ഈ 74-ാം വയസ്സിലും പല അങ്കങ്ങൾക്കും ഇനിയും തനിക്കു ബാല്യങ്ങളുണ്ടെന്ന് അദ്ദേഹം തെളിയിക്കുന്നു.
സൈനിക വാഹനങ്ങളിലെ മിസൈലുകൾക്ക് നേരെ തോളിൽ വെച്ച് വെടിയുതിർക്കാൻ ഉപയോഗിക്കുന്ന നീളമുള്ള ട്യൂബ് ആകൃതിയുള്ള തോക്ക് എന്നാണ് ബസൂക്ക എന്ന വാക്കിന് ഓക്‌സ്‌ഫോർഡ് ഡിക്ഷ്ണറി നൽകിയിരിക്കുന്ന അർഥം. ഏത് ശക്തിയുള്ള എതിരാളിയേയും തകർക്കാനാവുമെന്ന് കേവലാർഥത്തിൽ മനസ്സിലാക്കാം. അത്തരത്തിൽ സകല അധികാര കേന്ദ്രങ്ങളേയും കളിച്ചു തോൽപ്പിക്കാനുള്ള ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം.