ഹൃദയം തോറ്റ "ആയിഷ"!

Divya John
 ഹൃദയം തോറ്റ "ആയിഷ"! ചുറ്റുമുള്ള ഒരുപാട് ഹൃദയങ്ങളെ തൊട്ടുതലോടുന്നവയും മറ്റാർക്കും പകരക്കാരില്ലാത്ത അടയാളപ്പെടുത്തലാകും അത്. വെള്ളിത്തിരയിലെത്തിയ ആയിഷയും തിരശീലയ്ക്കപ്പുറം ഒരു കലാകാരി തൻ്റെ ചുറ്റമുള്ള ജീവിതങ്ങളെ ഹൃദയം കൊണ്ട് തൊട്ടു തലോടിയ കഥയാണ് പറയുന്നത്. അത് ഹൃദ്യവും മനഹോരവുമായി ഒരുക്കിയിരിക്കുന്നു. മ‍ഞ്ജു വാര്യർ പ്രധാന കഥാപാത്രമായെത്തിയ ആയിഷ അതിശയകരമായ ഒരു ജീവിതത്തിലെ കുറച്ച് ഏടുകളെയാണ് വെള്ളിത്തിരയിൽ അവതരിപ്പിച്ചിരിക്കുന്നത്. കുറിച്ചിടുന്ന വരികളേക്കാൾ അത്ഭുതവും ആകാംഷ ജനകവുമായിരിക്കും പലപ്പോഴും യഥാർത്ഥ ജീവിതത്തിലെ ചില മുഹൂർത്തങ്ങൾ. തൊണ്ണൂറുകളിലെ കഥയാണ് ചിത്രം പറയുന്നത്. ഗർഫ് രാജ്യത്തെ വലിയൊരു പാലസിൽ ജോലിക്കാരിയായി എത്തുകയാണ് ആയിഷ. ഗദ്ധാമയായി മാറുന്ന ആയിഷ നേരിടുന്ന പരീക്ഷണങ്ങളും അതിജീവനവും അവളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്.






  മഞ്ജു വാര്യരാണ് ചിത്രത്തിൽ ആയിഷയെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച രീതിയിൽ ആയിഷയുടെ വൈകാരിക തലങ്ങളെ പ്രേക്ഷകരിലേക്കെത്തിക്കാൻ മഞ്ജു വാര്യർക്ക് കഴിഞ്ഞിട്ടുണ്ട്. യാഥാർത്ഥ്യത്തിൻ്റെ നേർരേഖയിൽ തൻ്റെ കഥാപാത്രത്തെ വരച്ചിടാൻ ഈ എക്സ്പീരിയൻസ് താരത്തിന് സുഗമമായി.പരിചിതമല്ലാത്ത ലോകത്ത് എത്തിപ്പെടുന്ന മലയാളിയായ സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നതെങ്കിലും അത് യഥാർത്ഥ ജീവിതത്തിനെ സിനിമാറ്റിക്കായി ദൃശ്യവൽക്കരിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ബയോപിക് ട്രീറ്റ്മെൻ്റാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. യഥാർത്ഥ ജീവിതത്തിനെ സിനിമാറ്റിക്കായി കുറിച്ചിടുമ്പോഴും ആ ജീവിതത്തോട് ഇഴചേർന്നു കഥ പറയാൻ തിരക്കഥാകൃത്തിനും സംവിധായകനും കഴിഞ്ഞിട്ടുള്ളത് പ്രശംസനീയമാണ്. തൊട്ടു തലോടിയൊഴുകിയ ഒരു പുഴ പോലെയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.






  സിനിമയിൽ മഞ്ജു വാര്യർ, രാധിക, കൃഷ്ണ ശങ്കർ എന്നിവരൊഴിച്ച് പരിചിത മുഖങ്ങൾ കുറവാണുള്ളത്. നിരവധി വിദേശ ആഭിനേതാക്കളാണ് ചിത്രത്തിലുള്ളത്. ചിത്രത്തിൽ മഞ്ജു വാര്യർക്കൊപ്പം പ്രശംസനീയമായ പ്രകടനമാണ് മോണ എന്ന അഭിനേത്രിയുടേത്. ഭാഷക്കതീതമായി കഥാപാത്രത്തെ ഉൾക്കൊണ്ട് പ്രതിഫലിപ്പിക്കാൻ മോണക്കായി. മഞ്ജു വാര്യരും മോണയും തമ്മിലുള്ള സീനുകളൊക്കെ തന്നെ രണ്ടു പേരും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്.നവാഗത സംവിധായകൻ ആമിർ പള്ളിക്കലിൻ്റെ ആദ്യ ചിത്രം ഒരു കയ്യൊതുക്കമുള്ള കഥാകാരൻ്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ആഷിഫ് കക്കോടിയാണ് ആയിഷയുടെ കഥയും തിരക്കഥയും രചിച്ചിട്ടുള്ളത്.കഥയോട് ചേർന്നൊരുക്കിയ അഞ്ച് ഗാനങ്ങളും പശ്ചാത്തല സംഗീതവും കഥയുടെ പതിഞ്ഞ താളത്തിനൊപ്പം പ്രേക്ഷകരെ കൊണ്ടു പോകുന്നു. ഇടവേളയ്ക്കു ശേഷമാണ് എം. ജയചന്ദ്രൻ്റെ ഒരുപിടി ഗാനങ്ങൾ മാജിക് സൃഷ്ടിക്കുന്നത്. കേരളത്തിൻ്റെ ഒരു കാലഘട്ടത്തിൻ്റെ പ്രതിരൂപമായാണ് ആയിഷ എത്തുന്നത്. ചരിത്രത്തിനൊപ്പം നടന്ന ധീര വനിതയുടെ കലാ നൈൈപുണ്യം അവളുടെ ഓരോ ജീവിത സാഹചര്യങ്ങളിലും എങ്ങനെ സ്വാധീനിച്ചുവെന്ന് ചിത്രം കാട്ടിത്തരുന്നുണ്ട്. 







റിലീസിനു മുമ്പ് ആയിഷയുടെ കഥാപാത്രത്തെക്കുറിച്ച് പ്രേക്ഷകർക്ക് മുൻ വിധികളൊന്നും നൽകിയിരുന്നില്ലെങ്കിലും കഥാന്ത്യത്തിൽ പ്രശസ്ത നാടക, ചലച്ചിത്ര അഭിനേത്രി നിലമ്പൂർ ആയിഷയുടെ ജീവിതത്തിലെ ഒരു ഏടായിരുന്നു ദൃശ്യവൽക്കരിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്. അത് പൃഥ്വിരാജിൻ്റെ ശബ്ദത്തിലൂടെയാകുമ്പോൾ പ്രേക്ഷകരിലേക്ക് കൃത്യമായി വന്നു പതിക്കുന്നുമുണ്ട്.ചിത്രത്തിൻ്റെ റിലീസിനു മുമ്പ് സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു, മലയാളത്തിൽ ഇനി ആവർത്തിക്കാൻ സാധ്യതയില്ലാത്ത സിനിമയാണ് ആയിഷയെന്ന്. അതു ശരി വെക്കുന്നതായി പ്രേക്ഷകരും പറയുന്നു. ബയോപ്പിക് ട്രീറ്റ്മെൻ്റിൽ കഥ പറയുന്ന ചിത്രത്തിനെ ബാലൻ്‍സ് ചെയ്തുകൊണ്ടു പോകുന്നത് എം. ജയചന്ദ്രൻ്റെ സംഗീത പശ്ചാത്തലമാണ്.

Find Out More:

Related Articles: