കൊറോണ കാലത്തെ ധവാൻ!
നവാഗതനായ നിഥിൻ സി സി (ടൈറ്റിൽ കാർഡിൽ സി സി എന്നുമാത്രമാണ് പ്രദർശിപ്പിക്കുന്നത്) സംവിധാനം നിർവഹിച്ച കൊറോണ ധവാൻ സുജയ് മോഹൻരാജാണ് രചന നിർവഹിച്ചത്. ജെ ആന്റ് ജെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജെയിംസും ജെറോമും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. പെങ്ങൾ ഒളിച്ചോടിയതോടെ മദ്യക്കുപ്പികൾ പൊട്ടിക്കാതെ ബാക്കിയാകുന്നു. കോവിഡ് കാലത്ത് മദ്യം കിട്ടാതെ വന്നതോടെ അതിൽ കുറച്ച് വിനു തന്നെ കുടിച്ചു തീർക്കുന്നുവെങ്കിലും പൊന്നുംവിലയായ അവ പിന്നീടവൻ ഭദ്രമായി സൂക്ഷിച്ചു വെക്കുകയാണ്. മുഴുക്കുടിയനായ പാമ്പ് ഗ്ലാഡ്‌സണായെത്തുന്ന ശ്രീനാഥ് ഭാസി മദ്യം കിട്ടാത്ത അവസ്ഥ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. മദ്യം ശീലമായവർ അത് കിട്ടാതെ വന്നാൽ എങ്ങനെയൊക്കെ പെരുമാറിയേക്കുമെന്ന് സിനിമ വരച്ചു കാണിക്കുന്നുണ്ട്.
ഓണത്തിനും ക്രിസ്തുമസിനും പൂരത്തിനും പള്ളിപ്പെരുന്നാളിനും ഏറ്റവും കൂടുതൽ മദ്യം വിറ്റുപോകുന്ന ബീവറേജുകൾ സ്ഥിതി ചെയ്യുന്ന ചാലക്കുടിയുടേയും ഇരിങ്ങാലക്കുടയുടേയും സമീപ ഗ്രാമമായ ആനത്തടത്തിലാണ് ലോക്ക്ഡൗൺ കാലത്തെ മദ്യപാനികളുടെ പരാക്രമം നടക്കുന്നത്. മദ്യപാനികളെ പിടികൂടാൻ പൊലീസ് ഡ്രോൺ പറത്തുന്നതും അതൊരു മദ്യപാനി കുപ്പിയെറിഞ്ഞ് തകർക്കുന്നതുമൊക്കെ കോവിഡ് കാലത്തിൻ്റെ കാഴ്ചകളായി അവതരിപ്പിച്ചിരിക്കുന്നു. മദ്യക്കുപ്പിക്ക് വലിയ വില പറഞ്ഞ് പലരും വിനുവിനെ സമീപിക്കുന്നുണ്ടെങ്കിലും അവൻ കൊടുക്കാൻ തയ്യാറാകുന്നില്ല. പെങ്ങൾ ഒളിച്ചോടിയതിന് പിന്നാലെ കോവിഡ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് വിനുവിനും അമ്മയ്ക്കും വ്യക്തിപരമായി സഹായകരമാകുന്നുണ്ടെങ്കിലും മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അതൊരു ദുരിതമയമായ കാലമായിരുന്നു, പ്രത്യേകിച്ച് മദ്യപാനികൾക്ക്. ഒരു തുള്ളി മദ്യം കിട്ടാൻ അവർ നടത്തുന്ന പരിശ്രമങ്ങളും സാനിറ്റൈസറിൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ടെന്നറിഞ്ഞ് അതെടുത്ത് കുടിച്ച് ആശുപത്രിയിലാകുന്നതുമൊക്കെ രസകരമായി ചിത്രീകരിച്ചിട്ടുണ്ട് കൊറോണ ധവാനിൽ.