കഥ ഇത് വരെ....

Divya John
 കഥ ഇത് വരെ.... ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ മാത്രമേ വെള്ളിത്തിരയിലും സംഭവിക്കേണ്ടതുള്ളുവെന്ന നിർബന്ധബുദ്ധി ആവശ്യമില്ലാത്തതിനാൽ എല്ലാ കഥകളും ജീവിതത്തിൽ നിന്നും വലിച്ചു ചീന്തിയവ ആകേണ്ടതുമില്ല. കാൽപനികമായി സഞ്ചരിക്കുകയാണ് സിനിമ. അതിനാൽ പ്രേക്ഷകനെ പൂർണമായും ആസ്വദിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നുണ്ട്. ഇത്തരം സിനിമകളുടെ പതിവ് അവസ്ഥകളിൽ നിന്ന് മുകളിലേക്ക് വളരുകയോ ഉയരുകയോ ചെയ്യുന്നില്ലെങ്കിലും എന്റർടെയ്‌നർ എന്ന നിലയിൽ മികവ് കാണിച്ചിട്ടുണ്ട്. മലയാളത്തിലെ മനോഹരമായ പ്രണയ സിനിമകളുടെ സംഭാഷണങ്ങളിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, പൃഥ്വിരാജ്, മഞ്ജുവാര്യർ, ശോഭന, പാർവതി തിരുവോത്ത് എന്നിവരോടൊപ്പം ഈ സിനിമയിലെ നായകൻ ബിജു മേനോന്റെ പ്രണയ സംഭാഷണങ്ങളും ടൈറ്റിലിൽ ചേർത്തിരിക്കുന്നു.



പ്രണയം എന്ന അനുഭവത്തിന് പല കൈവഴികളുണ്ടാകും. പ്രണയം എല്ലായ്‌പോഴും അനശ്വരമാകുന്നത് നഷ്ടത്തിലൂടെയാണെന്നാണ് വെയ്പ്. ഈ സിനിമയിലും അങ്ങനെ തന്നെ. പലരുടെ പ്രണയാനുഭവങ്ങളെ പല കൈവഴികളിലൂടെ യാത്ര ചെയ്യിച്ച് ഒരിടത്തേക്ക് സംഗമിപ്പിക്കുന്നു. അതാവട്ടെ നീ തന്നെയാണ് ഞാനെന്നോ ഞാൻ നീയാകുന്നു എന്നോ ഒക്കെയുള്ള അർഥങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. നായകൻ തന്റെ പല കാലങ്ങൾ പറയുന്നുണ്ടെങ്കിലും അതിലൊന്നൊഴികെ മറ്റൊന്നും അയാളാകാനുള്ള സാധ്യതയുമില്ല. പ്രേക്ഷകന് ചിന്തിക്കാനോ കൺഫ്യൂഷനാകാനോ ഉള്ള അവസരങ്ങൾ ഒരുക്കിവെച്ചാണ് സംവിധായകൻ സിനിമയെ കാഴ്ചക്കാരിലേക്ക് ഉപേക്ഷിക്കുന്നത്. മേപ്പടിയാന് ശേഷം വിഷ്ണു മോഹൻ സംവിധാനം നിർവഹിച്ച ചിത്രമാണ് കഥ ഇന്നുവരെ. വിഷ്ണു മോഹൻ സ്‌റ്റോറീസിന്റെ ബാനറിൽ സംവിധായകൻ വിഷ്ണുമോഹനും ക്യാമറാമാൻ ജോമോൻ ടി ജോണും എഡിറ്റർ ഷമീർ മുഹമ്മദും ഹാരിസ് ദേശവും അനീഷ് പി ബിയും കൃഷ്ണമൂർത്തിയും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.



പല കാലഘട്ടങ്ങളിലാണ് ഈ സിനിമയിലെ വ്യത്യസ്ത പ്രണയങ്ങൾ സംഭവിക്കുന്നതെങ്കിലും പല അടരുകളിലൂടെ ഒരേ രീതിയിലാണ് സിനിമയിൽ സഞ്ചരിക്കുന്നത്. രാമു എന്ന പയ്യൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ജാനകിയെന്നൊരു പെൺകുട്ടിയെ പ്രണയിച്ചിരുന്നു. രാമചന്ദ്രനെന്നാൽ ശ്രീരാമനും ജാനകി സീതയുമായതിനാൽ അവർ വിവാഹം കഴിക്കുമെന്ന് വെറുതെയെങ്കിലും പ്രേക്ഷകന് കരുതാവുന്നതാണ്. സ്‌കൂളിലേക്കുള്ള യാത്രയിൽ ജാനകിയോടൊപ്പമുള്ളത് കൂട്ടുകാരി ലക്ഷ്മിയാണ്. ഒരിക്കൽ മാത്രം ലക്ഷ്മിയെന്ന് വിളിക്കുന്ന ആ കുട്ടുകാരി വളർന്നപ്പോൾ ഗസറ്റഡ് ഓഫിസറായതാണോ എന്ന് നായകനെ പോലെ പ്രേക്ഷകരും സന്ദേഹപ്പെടുമോ, അറിയില്ല.
ചെയ്ത കഥാപാത്രങ്ങളിലെല്ലാം തന്റെ കയ്യൊപ്പ് പതിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള ഹക്കീം ഷാജഹാൻ ഈ സിനിമയിലും തന്റെ വേഷം കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു.




അപ്പുണ്ണി ശശിയുടെ ശിൽപി കഥാപാത്രവും സാധാരണ ചലച്ചിത്രങ്ങളിൽ കാണാത്ത വേഷമാണ്. ഒരു ശിൽപമോ വിഗ്രഹമോ ഉണ്ടാക്കുന്നതിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും അപ്പുണ്ണി ശശിയുടെ ശിൽപി കടന്നു പോകുന്നുണ്ട്. തീരെ പ്രതീക്ഷിക്കാത്ത ഒരു കഥാതന്തുവാണ് സംവിധായകൻ വിഷ്ണു മോഹൻ തെരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹമത് കുറ്റമറ്റ രീതിയിൽ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.ഗുരുവായൂരമ്പല നടയിലും നുണക്കുഴിയിലും കൂടുതൽ സംഭാഷണങ്ങളൊന്നുമില്ലാതെ വേഷമിട്ട നിഖില വിമലിന് ഉമയെന്ന നിറയെ സംഭാഷണങ്ങളുള്ള ശക്തമായൊരു കഥാപാത്രം അവതരിപ്പിക്കാൻ കഥ ഇന്നുവരെയിൽ കഴിഞ്ഞിരിക്കുന്നു. അടുത്ത കാലത്ത് നിഖിലയെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തിയ ചിത്രം കൂടിയായിരിക്കും കഥ ഇന്നുവരെ.നാൽപ്പത്തിയൊൻപതാം വയസ്സിലും വിവാഹം കഴിച്ചിട്ടില്ലാത്ത സർക്കാർ ഓഫിസിലെ പ്യൂൺ രാമചന്ദ്രനായി ബിജു മേനോനാണ് വരുന്നത്. ഇതേ ഓഫിസിൽ സ്ഥലം മാറിയെത്തുന്ന ഗസറ്റഡ് ഓഫിസർ ലക്ഷ്മിയായി മേതിൽ ദേവികയുമുണ്ട്. നർത്തകി മേതിൽ ദേവികയുടെ ആദ്യ സിനിമയെന്ന പ്രത്യേകതയാണ് കഥ ഇന്നുവരെയ്ക്കുള്ളത്. ബാക്കിയെല്ലാം പതിവു പോലെ തന്നെ.

Find Out More:

Related Articles: