ഐ ആം കാതലിനിലൂടെ എത്തി നസ്ലിൻ വീണ്ടും തകർത്തു! ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരത്തിന്റേയും അതുണ്ടാക്കുന്ന സാമൂഹിക വ്യത്യാസങ്ങളുടേയും പട്ടിണിയുടെയും കഥ പറഞ്ഞ വളരെ പഴയ കാലത്തു നിന്നും തൊഴിലുണ്ടായിട്ടും കൂലിയില്ലായ്മയുടേയും ചൂഷണത്തിന്റെയുമൊക്കെ തലമുറ മാറ്റം സൃഷ്ടിച്ച അന്താളിപ്പിനൊടുവിലാണ് തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ സിനിമകൾ മലയാളം കീഴടക്കിയത്. പിന്നെയത് പല മാറ്റങ്ങൾക്ക് വിധേയമായി. പുതിയ കാലത്ത് എൻജിനിയറിംഗ് പശ്ചാതലമുള്ള യുവാക്കളാണ് മലയാളത്തിന്റെ ട്രെന്റ്. അടുത്ത കാലത്തിറങ്ങിയ നിരവധി സിനിമകൾ, ഹിറ്റായവയും അല്ലാത്തവയുമെല്ലാം ബംഗളൂരുവിലോ കർണാടകയിലെവിടെയെങ്കിലുമൊക്കെയോ എൻജിനിയറിംഗ് പഠിച്ച യുവാക്കളാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ഇടയിൽ ചിലപ്പോഴൊക്കെ കേരളത്തിലെ എൻജിനിയറിംഗ് കോളജുകളിലെ കുട്ടികളും വന്നുപോയി- തുലോം കുറവാണെന്ന് മാത്രം.
എൻജിനിയറിംഗ് വിദ്യാർഥികൾ കേന്ദ്ര സ്ഥാനത്തുള്ള സിനിമകളുടെ ഗണത്തിലാണ് ഐ ആം കാതലനും വരുന്നത്. നസ്‌ലിനെ പ്രധാന കഥാപാത്രമാക്കി ഗിരീഷ് എ ഡി സംവിധാനം നിർവഹിച്ച സൂപ്പർ ഹിറ്റ് ചിത്രം പ്രേമലുവിന്റെ മറപറ്റിയാണ് ഐ ആം കാതലൻ നിൽക്കുന്നത്. പ്രേമലു ഹൈദരബാദ് പശ്ചാതലമാക്കി മലയാളി ടെക്കികളുടെ കഥയാണ് പറഞ്ഞതെങ്കിൽ ഐ ആം കാതലൻ കൊടുങ്ങല്ലൂരും ഇരിങ്ങാലക്കുടയും പശ്ചാതലമായി എൻജിനിയറിംഗ് വിദ്യാർഥികളുടേയും അവരെപോലുള്ള ഏതാനും പേരെയും ചേർത്തുവെച്ചാണ് കഥ മെനഞ്ഞിരിക്കുന്നതെന്ന് മാത്രം. ഹൈദരബാദിന്റെ ടെക്കി കാഴ്ചകളാൽ സമ്പന്നമായിരുന്നു പ്രേമലുവെങ്കിൽ കേരളത്തിന്റെയും ശരാശരി മലയാളിയുടേയും അതിസാധാരണമായ ദൃശ്യങ്ങളിലുമാണ് ഐ ആം കാതലൻ ഒരുക്കിയിരിക്കുന്നത്.
പ്രേമലു, വാഴ, ഭരതനാട്യം, പാലും പഴവും, ആവേശം, രോമാഞ്ചം തുടങ്ങി എത്രയെങ്കിലും സിനിമകൾ ഇത്തരം എൻജിനിയറിംഗ് പിള്ളേരെ കേന്ദ്രമാക്കിയോ അവരെ ചുറ്റിപ്പറ്റിയോ ആണ് വെള്ളിത്തിരയിലെത്തിയത്. അവയിൽ പലതും ഹിറ്റടിക്കുകയും ചെയ്തു. സിനിമ കാണാനെത്തുന്ന ബഹുഭൂരിപക്ഷം ഇതുപോലെ എൻജിനിയറിംഗ് പശ്ചാതലമുള്ള പ്രായക്കാരായിരിക്കുമെന്നതു തന്നെയാണ് ഇത്തരം സിനിമകളുടെ വിജയ രഹസ്യങ്ങളിലൊന്നും. എൻജിനിയറിംഗ് പഠിച്ച കുട്ടികളുടെ കുടുംബങ്ങളുമായും ഈ സിനിമകൾ പലതും വളരെ വേഗത്തിൽ സംവദിക്കുമെന്നതും തിയേറ്ററുകളിലേക്ക് ആളൊഴുക്ക് കൂടാനുള്ള കാരണമായിട്ടുണ്ടാകും. പരീക്ഷകളിൽ പലതിലും ആവശ്യത്തിനുള്ള മാർക്കില്ലാതെ ബാക്ക് പേപ്പറുകളിൽ വലയുന്ന വിഷ്ണുവാണ് നെസ്‌ലിന്റെ കഥാപാത്രം. പരീക്ഷ എഴുതിയെടുക്കുക എന്നതിനേക്കാളേറെ അവന് പ്രധാനപ്പെട്ടത് മറ്റു പലതുമായിരുന്നു.
കൂടെപ്പഠിച്ച പ്രണയിനി ശിൽപയെ കല്ല്യാണം കഴിക്കുക, കംപ്യൂട്ടറുമായി ബന്ധപ്പെട്ട ഏത് ജോലികളും സ്വന്തമായും മറ്റുള്ളവർക്കുമായി എളുപ്പത്തിൽ ചെയ്യുക തുടങ്ങി ഇഷ്ടമില്ലാതെ എൻജിനിയറിംഗിന് പോയ വിദ്യാർഥിയുടെ എല്ലാ കോപ്രായങ്ങളും അവനുണ്ട്. പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയും കാര്യമായ സർട്ടിഫിക്കറ്റുകളൊന്നും കയ്യിലില്ലാഞ്ഞിട്ടും തങ്ങളുടെ മേഖലയിൽ വിജയം രചിക്കുകയും ബിൽ ഗേറ്റ്‌സിന്റേയും സചിൻ ടെണ്ടുൽക്കറുടേയും കഥ തന്നെയാണ് പ്രചോദന പ്രസംഗകരെ പോലെ അവനും പറയാനുള്ളത്. പക്ഷേ, ശിൽപ അങ്ങനെയായിരുന്നില്ല. അവൾ പ്രാക്ടിക്കൽ കാഴ്ചപ്പാടുകാരിയാണ്. മാത്രമല്ല നാട്ടിലെ ഫിനാൻഷ്യൽ കമ്പനി ഉടമയുടെ മകളും.
അതുകൊണ്ടുതന്നെ എൻജിനിയറിംഗ് നല്ല നിലയിൽ പാസായിട്ടും, ബംഗളൂരുവിൽ നല്ല ജോലി ലഭിച്ചിട്ടും അതിനൊന്നും പോകാതെ ശിൽപ അച്ഛൻ പറഞ്ഞതുകേട്ട് അവരുടെ കുടുംബ സ്ഥാപനത്തിൽ തന്നെ ഐടി ഹെഡായി ജോയിൻ ചെയ്യുകയാണ്. വിഷ്ണുവാകട്ടെ എക്കാലത്തും തേരാപ്പാരയും.
തന്നെ അടിച്ചതിന് പ്രതികാരമായി തിരിച്ചടി കൊടുക്കണമെന്ന് കരുതുന്ന വിഷ്ണുവിനറിയാം അതിനുള്ള കഴിവ് അവനില്ലെന്ന്. എന്നാൽ നേരിട്ടല്ലാതെ തന്റെ കഴിവ് ഉപയോഗിച്ച് അടിക്കാനാവുമെന്ന ബോധ്യവും അവനുണ്ട്. തന്റെ ഹാക്കിംഗ് കഴിവ് ഉപയോഗിച്ച് എതിരാളിയെ ഒതുക്കിയിടുന്നതാണ് സിനിമയുടെ ആകെത്തുക.