ഓഫീസർ ഓൺ ഡൂട്ടി! നിങ്ങളൊരു സിനിമാ പ്രേമിയാണെങ്കിൽ ആദ്യപകുതിയുടെ മുറുക്കവും നിർമാണത്തിലെ ആകർഷകത്വവും രണ്ടാം പകുതിയിൽ തുടരാനായില്ലല്ലോ എന്ന വ്യാകുലത സൃഷ്ടിക്കും. കുഞ്ചാക്കോ ബോബൻ ഹരിശങ്കർ എന്ന സി ഐയായി തകർത്തഭിനയിച്ച ചിത്രമാണ് ഓഫിസർ ഓൺ ഡ്യൂട്ടി എന്ന കാര്യത്തിൽ രണ്ടഭിപ്രായമുണ്ടാകില്ല. കുഞ്ചാക്കോയുടെ ഹരിശങ്കറിനോട് കിടപിടിക്കുന്നുണ്ട് റംസാൻ മുഹമ്മദും വൈശാഖ് നായരും വിഷ്ണു ജി വാരിയരും ലയ മാമ്മനും ഐശ്വര്യയും അമിത് ഈപനും ചേരുന്ന വില്ലൻ പടയെന്ന കാര്യത്തിലും യാതൊരു സംശയത്തിനും വകയില്ല. പണിയിലെ വില്ലൻമാരെ പോലെ കയ്യിൽ കിട്ടിയാൽ ഞെരിച്ചമർത്താൻ തോന്നുന്നത്രയും വില്ലത്തരങ്ങളുടെ ഭാവഹാവാദികൾ അവർ തങ്ങളുടെ കഥാപാത്രങ്ങൾക്കായി അവതരിപ്പിച്ചിട്ടുണ്ട്.
നിങ്ങളൊരു പെൺകുട്ടിയുടെ പിതാവാണെങ്കിൽ ഓഫിസർ ഓൺ ഡ്യൂട്ടിയുടെ ആദ്യ പകുതി വിടാതെ പിന്തുടരും. നിങ്ങളൊരു ശുഭാപ്തി വിശ്വാസിയാണെങ്കിൽ രണ്ടാം പകുതി തകർത്തു കളയും. തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്. അതിനോടൊപ്പം ചിത്രീകരണത്തിൽ സംവിധായകൻ കൊണ്ടുവരുന്ന ശക്തിയും കൂടി ചേർന്ന് അഭിനേതാക്കളേയും കഥാപരിസരത്തേയും തങ്ങളുടെ ഉള്ളിലുള്ളതിനോട് താദാത്മ്യപ്പെടുത്തുമ്പോഴാണ് നല്ല സിനിമ പിറക്കുന്നത്. തിരക്കഥാകൃത്ത് ഒരുക്കുന്ന വഴികളിലൂടെ സിനിമ സഞ്ചരിക്കുമ്പോഴും അത് പ്രേക്ഷകനെ അത്തരത്തിൽ തോന്നിപ്പിക്കാൻ പാടില്ല. വെള്ളിത്തിരയിൽ നടക്കുന്ന ആട്ടത്തിൽ സംവിധായകനേക്കാളും എഴുത്തുകാരനേക്കാളും പ്രേക്ഷകന് മേൽക്കൈ നേടാനായാൽ അയാൾ നിരാശനാകും.
ഈ സിനിമയുടെ രണ്ടാം പകുതിക്ക് അതാണ് സംഭവിച്ചത്.ബാങ്കിൽ പണയം വെക്കാനെത്തിയ മാല സ്വർണമല്ല മുക്കുപണ്ടമാണെന്ന് തിരിച്ചറിയുന്നതോടെ ഉണ്ടാകുന്ന ചില സംഭവങ്ങളുടെ ചുവടുപിടിച്ച് അന്വേഷണം മുമ്പോട്ടു കൊണ്ടുപോയി ഗുരുതരകാര്യങ്ങളിലേക്ക് എത്തുന്ന ബുദ്ധിമാനായ പൊലീസ് ഓഫിസറാണ് ഹരിശങ്കർ. അയാൾക്ക് അയാളുടേതായ രീതികളായതിനാൽ പൊലീസ് ഡിപ്പാർട്ട്‌മെന്റിന് പലപ്പോഴും തലവേദന കൂടിയാണ്. നീണ്ട സസ്‌പെൻഷൻ കാലത്തിന് ശേഷം ആലുവ പൊലീസ് സ്റ്റേഷനിൽ ചുമതലയേൽക്കാനെത്തുന്ന ഹരിശങ്കറിന്റെ സ്വഭാവ രീതികൾ മനസ്സിലാക്കിത്തരാനാവശ്യമായ രംഗക്കൊഴുപ്പ് പണിതുവെച്ചതിന് പിന്നാലെയാണ് നായകൻ അവതരിക്കുന്നത്. പഴയ ചോക്ലേറ്റ് കുമാരനിൽ നിന്നും കടുകട്ടിപ്പൊലീസുകാരനിലേക്ക് കുഞ്ചാക്കോ എളുപ്പത്തിൽ പരകായപ്രവേശം നടത്തിയിട്ടുണ്ട്. ഒരിടത്തു പോലും പതറി നിൽക്കാത്ത കഥാപാത്രത്തെ നെഞ്ചൂക്കോടെ തന്നെ കുഞ്ചാക്കോ അവതരിപ്പിച്ചിട്ടുണ്ട്.
നേർത്തൊരു കന്നഡ ഗാനത്തിന്റെ പശ്ചാതലത്തിൽ അസ്വസ്ഥ മനസ്സിന്റെ ആത്മഹത്യാ കുറിപ്പെഴുത്തിലാണ് സിനിമ പ്രേക്ഷകനിലേക്ക് കാഴ്ചകൾ തുറക്കുന്നത്. പാതി ഇരുണ്ട മുറിയും മൂകമായ അന്തരീക്ഷവുമൊക്കെയായി വരാനിരിക്കുന്ന രംഗം സങ്കൽപ്പിക്കാവുന്നതു തന്നെയായിരുന്നു. എട്ടു മാസങ്ങൾക്കു മുമ്പൊരു നാൾ ബംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളിലൊരിടത്ത് നടന്ന സംഭവം കാഴ്ചക്കാരന്റെ അറിവിലേക്കായി മാത്രം ഒരുക്കിവെച്ചതാണ്. സിനിമയുടെ വരും ദൃശ്യങ്ങളിലേക്ക് നിരവധി സൂചനകൾ നൽകുന്ന രംഗമാണത്. മയക്കുമരുന്നാണ് സിനിമയിലെ പ്രധാന കഥാപാത്രം. അതുകൊണ്ടുതന്നെ പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരമെന്ന പതിവ് ഇൻട്രോ സംഭാഷണത്തിന് പുറമേ മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും ഈ ചിത്രം മയക്കുമരുന്നിന്റെ പ്രമോഷനല്ല ഉദ്ദേശിക്കുന്നതെന്നും ബോധവത്ക്കരിക്കുന്നുണ്ട്.
കൊച്ചിയുടെ ഇരുണ്ട ഭാഗങ്ങളിലെ മയക്കുമരുന്ന് മണക്കുന്ന വഴികളിലൂടെയല്ല, പകൽ വെളിച്ചത്തിലെ ആരും പ്രതീക്ഷിക്കാത്ത ഇടങ്ങളിലെ ഡ്രഗ്‌സ് റൂട്ടുകളിലൂടെയാണ് ഡ്യൂട്ടിയിലുള്ള ഓഫിസർ കേസിന്റെ നാൾവഴികളും അന്വേഷിച്ചു നടക്കുന്നത്. ചെറിയ സംഭവങ്ങൾ ഇങ്ങനെയൊക്കെ വലുതായി വികസിക്കുമോ എന്നൊക്കെ കാഴ്ചക്കാർക്ക് തോന്നിയേക്കാം. അത് പ്രേക്ഷകന്റെ നിഷ്‌കളങ്കത കൊണ്ടുമാത്രം തോന്നിപ്പോകുന്നതാണ്. ഇരുളിലും വെളിച്ചതിലും ഒരുപോലെ ഇരകളെ തേടി നടക്കുന്ന മാഫിയകൾക്ക് ഏത് ചെറിയ സംഭവവും വലുതാക്കാനാവും; ഏത് വലിയ കാര്യങ്ങളും ചെറുതാക്കാനുമാവും.