എ.പി.അബ്ദുല്ലക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു; കൂടുമാറ്റം മൂന്നാം താവളത്തിലേക്ക്
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അബ്ദുല്ലക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിയിൽ ചേരാൻ മോദി ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബിജെപിയിൽ ചേർന്നതോടെ താൻ ദേശീയ മുസ്‌ലിമായി മാറിയെന്നു അബ്ദുല്ലക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു. മുസ്‌ലിങ്ങളും ബിജെപിയും തമ്മിലുള്ള അകലം കുറയ്ക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
. l ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിക്കു പിന്നാലെ നരേന്ദ്ര മോദിയെ ഗാന്ധിയനായി വിശേഷിപ്പിച്ച് അബ്ദുല്ലക്കുട്ടി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ പാർട്ടിയിൽനിന്ന് ശക്തമായ വിമർശനമാണ് ഉണ്ടായത്. പിന്നാലെയാണു കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് അബ്ദുല്ലക്കുട്ടിയെ പുറത്താക്കിയത്.
ഗാന്ധിജിയുടെ നാട്ടുകാരൻ എന്ന നിലയിൽ ഗാന്ധിയൻ മൂല്യം തന്റെ ഭരണത്തിൽ മോദി പ്രയോഗിച്ചതാണു മോദിയെ ജനപ്രിയനാക്കിയതെന്നാണ് അബ്ദുല്ലക്കുട്ടി പറഞ്ഞത്. ഒരു നയം ആവിഷ്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമിക്കുക എന്നു ഗാന്ധിജി പറഞ്ഞതു മോദി കൃത്യമായി നിർവഹിച്ചു.
സ്വച്ഛ് ഭാരത് പദ്ധതിയിൽ 9.16 കോടി കുടുംബങ്ങൾക്കു സ്വന്തം ശുചിമുറിയും ഉജ്ജ്വല യോജന പദ്ധതിയിൽ 6 കോടി കുടുംബങ്ങൾക്കു സൗജന്യമായി എൽപിജി ഗ്യാസ് കണക്ഷനും നൽകി. ചാണകം ഉണക്കി, ചില്ലക്കമ്പുകൾ ശേഖരിച്ചിരുന്ന 6 കോടി അമ്മമാർക്കു മോദി നൽകിയ ആശ്വാസം എത്ര ഹൃദ്യമാണ്. മോദിയുടെ ഭരണതന്ത്രജ്ഞതയുടെയും വികസന അജൻഡയുടെയും അംഗീകാരമാണ് ഈ വിജയം എന്നിങ്ങനെയായിരുന്നു.